മലങ്കര സഭാ തർക്കത്തിന് പരിഹാരം നിയമനിർമ്മാണം മാത്രം.
മലങ്കര സഭയിലെ പഴയകാല വ്യവഹാരങ്ങളെല്ലാം ഒരേ സഭയിലെ ഒരേ വിശ്വാസം പുലർത്തുന്ന രണ്ട് വിഭാഗങ്ങൾ തമ്മിലുള്ളതായി വിലയിരുത്തിയാണ് മലങ്കര സഭയിലെ "മെത്രാൻ കക്ഷി വിഭാഗം" ഏക പക്ഷീയമായി തയ്യാറാക്കിയ 1934 ഭരണഘടന മലങ്കര സഭയുടെ പൊതു ഭരണഘടനയായി സുപ്രീംകോടതി അംഗീകരിച്ചത്. എന്നാൽ സെമിത്തേരി നിയമത്തിൽ കൂടി, മലങ്കര സഭയുടെ ഘടനയിൽ വന്ന അടിസ്ഥാന പരമായ ഡിനോമിനേഷണൽ വിഭജനം സർക്കാരും , ജുഡീഷ്യറിയും അംഗീകരിച്ചതോടെ 1934 ഭരണഘടന യാക്കോബായ സുറിയാനി സഭാ ഡിനോമിനേഷന് ബാധകമാക്കാൻ ഇനി ജുഡീഷ്യറിക്ക് കഴിയില്ല.
നാളിതുവരെ ഒരു കോടതി വിധികളും യാക്കോബായ സഭാംഗങ്ങളെ മലങ്കര സഭക്ക് ഇതരർ ആയി പ്രഖ്യാപിച്ചിട്ടില്ല. യാക്കോബായ സഭാംഗങ്ങൾ ഇടവകാംഗങ്ങൾ ആയിട്ടുള്ള ദേവാലയങ്ങളിൽ യാക്കോബായ സുറിയാനി സഭാ ഡിനോമിനേഷന് ഇന്ത്യൻ ഭരണഘടന അനുഛേദം 26 അനുവദിക്കുന്ന സ്വതന്ത്രമായ ആരാധനാ അവകാശം ഉറപ്പാക്കാൻ സർക്കാർ നിയമനിർമ്മാണം നടപ്പിലാക്കണം.
3-7-2017-ലെ വിധി മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്നുള്ള കള്ള വാദം ഉന്നയിച്ച് കോടതികളെ കബളിപ്പിച്ച് വാങ്ങിയെടുത്ത രീതിരഹിതമായ വിധിയുടെ പേരിൽ യാക്കോബായ വിഭാഗത്തിൻ്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 60-ൽ പരം ദേവാലയങ്ങൾ തട്ടിയെടുത്ത മെത്രാൻ കക്ഷി വിഭാഗം, 2017 ജൂലൈ 3-ലെ വിധി കേവലം 3 പള്ളികൾക്ക് മാത്രം ബാധകമാണ് എന്ന 24-3-2026-ലെ വിധിയുടെ അന്തസത്ത കണക്കിലെടുത്ത്, അന്യായമായി തട്ടിയെടുത്ത എല്ലാ പള്ളികളും ഉടമസ്ഥർക്ക് തിരികെ നൽകാൻ തയ്യാറാകണം. അതിന് തയ്യാറാകാതെ, മലങ്കര സഭയിലെ , മെത്രാൻ കക്ഷി വിഭാഗം പ്രകോപനപരമായ പ്രസ്താവനകളുമായി വീണ്ടും ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, "ഇലക്കും മുള്ളിനും തകരാർ ഉണ്ടാകാതെയുള്ള സഭാ തർക്ക പരിഹാരം എന്നത് സതീശൻ സർക്കാരിൻ്റെ വെറും സ്വപ്നം മാത്രമായി മാറുകയാണ്. ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനഹിതത്തിനാകണം മുൻഗണന നൽകേണ്ടത്.
ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ നിർദ്ദേശപ്രകാരം കേരളാ സർക്കാർ റവന്യൂ വകുപ്പ് മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും ഇരു ഡിനോമിനേഷനുകൾക്കും ഉള്ള അംഗ ബലം പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ട് കേരളാ സർക്കാരിൻ്റെ കൈവശം ഇപ്പോഴുണ്ട്. സുപ്രീം കോടതി ഈ നിർദ്ദേശം നൽകിയത് തന്നെ ഓർത്തഡോക്സ് സഭയുടെ എതിർപ്പുകൾ നിരാകരിച്ചായിരുന്നു എന്നതും മറക്കരുത്. ആ റിപ്പോർട്ടിനെ ആധാരമാക്കി പള്ളികളുടെ സ്വത്ത് ഭരണാധികാരവും, ആരാധനാവകാശവും ആർക്കാണെന്ന് നിജപ്പെടുത്തുന്ന സമഗ്ര നിയമ നിർമ്മാണം മാത്രമാണ് "ഇലക്കും മുള്ളിനും കേടില്ലാത്ത" ഏക പ്രശ്ന പരിഹാര മാർഗം.
കേരളാ സർക്കാർ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിൽ കൂടി സമഗ്രമായ മലങ്കര ചർച്ച് ബില്ലിൻ്റെ കരട് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കരട് ബിൽ സംബന്ധിച്ച് ഇതിനകം സർക്കാരിന് ലഭിച്ച ആക്ഷേപങ്ങൾ പരിശോധിച്ച് അന്തിമ നിയമം നിയമ സഭയിൽ അവതരിപ്പിക്കാനുള്ള ലെജിസ്ലേറ്റീവ് ഉത്തരവാദിത്തം നിറവേറ്റാനുള്ള ഭരണഘടനാപരമായ ചുമതലയാണ് യുഡിഎഫ് സർക്കാർ നിറവേറ്റേണ്ടത്.
എന്തിനും ഏതിനും കോടതി വിധികൾ ഉയർത്തി പിടിക്കുന്ന മുട്ടമ്പലം സഭാംഗങ്ങൾ, കോടതി വിധികൾ എന്തെന്ന് കൃത്യമായി മനസ്സിലാക്കാത്തവരാണ്. മുൻകാല കോടതി വിധികൾ ഇഴ കീറി പരിശോധിച്ച് വിധി പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി യിലെ 220: XX, 220:XVIII അദ്ധ്യായത്തിൽ കേരളാ സർക്കാരിനോട് നിർദ്ദേശിച്ചത് പ്രകാരമാണ് 2020 ൽ കേരളാ സർക്കാർ സെമിത്തേരി നിയമം പാസാക്കിയത് . ഈ നിയമ പ്രകാരം പഴയ മലങ്കര സഭയെ സ്വതന്ത്ര അസ്തിത്വമുള്ള രണ്ട് ഡിനോമിനേഷനുകളായി വിഭജിച്ചതോടെ 1958, 1995, 2017 സുപ്രീംകോടതി വിധികളെല്ലാം ശൂന്യാവസ്ഥയിലായി. ഇന്ന് യാക്കോബായ സുറിയാനി സഭ മുമ്പത്തെ മലങ്കര സഭയിലെ വെറും Faction അല്ല. ഇന്ത്യൻ ഭരണഘടന അനുഛേദം 26 പ്രകാരം സ്വതന്ത്രമായ ആരാധനാ അവകാശവും, സ്വത്ത് ഭരണാധികാരവും പ്രയോഗിക്കാൻ അധികാരമുള്ള ഡിനോമിനേഷനാണ്. മെത്രാൻ കക്ഷി വിഭാഗത്തിന് മാത്രമായി പഴയകാല സുപ്രീംകോടതി വിധികളിലൂടെ ലഭിച്ച സമഗ്ര ആരാധന/ സ്വത്തധികാരങ്ങൾ സെമിത്തേരി നിയമം പ്രാബല്യത്തിൽ വന്നതോടെ ഇല്ലാതായി.
സെമിത്തേരി നിയമത്തിൽ കൂടി മലങ്കര സഭയുടെ ഘടനയിൽ വന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞാണ്,
സുപ്രീംകോടതി മലങ്കര സഭയിലെ ഇരു ഡിനോമിനേഷനുകളുടെ അംഗബലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടത്. മലങ്കര സഭാ തർക്കങ്ങൾ നിയമ നിർമ്മാണത്തിലൂടെ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി സത്യവാങ്മൂലവും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.
പഴയ മലങ്കര സഭ രണ്ട് ഡിനോമിനേഷനുകളായി വിഭജിക്കപ്പെട്ടു എന്നത് അംഗീകരിച്ചാണ് ലെബനാനോനിൽ നടന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായുടെ സ്ഥാനാരോഹണ ചടങ്ങിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഔദ്യോഗിക ഡെലിഗേഷനുകളെ അയച്ചത്. ഈ ഡെലിഗേഷനെ അയക്കുന്നതിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടമ്പലം സഭ നൽകിയ ഹർജി കേരളാ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയതിനെതിരെ, തിരിച്ചടി ഭയന്ന് സുപ്രീംകോടതിയിൽ അപ്പീൽ പോലും നൽകാൻ മെത്രാൻ കക്ഷി വിഭാഗം തയ്യാറാകാഞ്ഞത്.
"it is the duty of
the State to intervene through mediation, conciliation or as a last resort to
executive action and even legislation so as to ensure lasting peace and order
among public at large." (Kerala HC order dated 13-8-2026)
സർക്കാർ മദ്ധ്യസ്ഥതയിൽ സഭാ തർക്കം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ നിയമ നിർമ്മാണത്തിലൂടെ ശാശ്വത പരിഹാരം കാണാനും കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. സഭാ തർക്ക പരിഹാരത്തിനുള്ള നിയമ നിർമ്മാണം സുപ്രീംകോടതി വിധിക്ക് എതിരാണെന്ന മുട്ടമ്പലം ഓർത്തഡോക്സ് സഭയുടെ പ്രചരണത്തിന് യാതൊരു നിയമ സാധുതയും ഇല്ലെന്ന് ഇതോടെ തെളിഞ്ഞു. സിവിൽ കോടതിയിൽ കൂടി അല്ലാതെ പള്ളികളിൽ അവകാശം സ്ഥാപിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2020 ൽ സെമിത്തേരി നിയമത്തിൽ കൂടി സ്വതന്ത്ര ഡിനോമിനേഷൻ പദവി ലഭിച്ച യാക്കോബായ സഭയുടെ ദേവാലയങ്ങളിൽ ഓർത്തഡോക്സ് ഡിനോമിനേഷന് ഇനി അവകാശം ഉന്നയിക്കാൻ സാധിക്കുകയില്ല എന്ന വസ്തുത കണക്കിലെടുത്ത്, കഞ്ഞിക്കുഴി സഭ അന്യായമായി തട്ടിയെടുത്ത ദേവാലയങ്ങൾ ഉടമസ്ഥർക്ക് തിരികെ നൽകാൻ തയ്യാറാകണം.
നിയമ നിർമ്മാണത്തിനുള്ള പച്ചക്കൊടി കേരളാ ഹൈക്കോടതി നൽകിയതോടെ സെമിത്തേരി നിയമത്തിനെതിരെ മുട്ടമ്പലം സഭ നൽകിയ അപ്പീൽ തള്ളുമെന്നതും ഉറപ്പായി. മുൻ സർക്കാരിന്റെ കാലത്ത് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച കരട് ബില്ലിൽ ഇതിനകം ലഭിച്ച ആക്ഷേപങ്ങൾ പരിശോധിച്ച് അന്തിമ നിയമ നിർമ്മാണത്തിനുള്ള വഴിയാണ് യുഡിഎഫ് സർക്കാരിന് മുന്നിൽ ഹൈക്കോടതി വിധിയിലൂടെ തുറന്നിരിക്കുന്നത്.
PROF. JOHN KURAKAR
No comments:
Post a Comment