പോക്സോ കേസുകൾ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ട് ?
കേരളത്തിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, വിവിധ സംരക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും കുട്ടികൾ എത്രത്തോളം ദുർബലരാണെന്ന് ഇത് അടിവരയിടുന്നു.
2024-ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകളുടെ എണ്ണം 4,607 ആയിരുന്നു. 2025-ൽ ഇത് 4,765 ആയി വർദ്ധിച്ചതായി 2025-26 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ വാർഷിക റിപ്പോർട്ട് പറയുന്നു.മുമ്പ് പുറത്തറിയാതെ പോയിരുന്ന പല സംഭവങ്ങളും ഇന്ന് നിയമനടപടികളിലേക്ക് എത്തുന്നുണ്ട്. സ്കൂളുകളിലും സമൂഹത്തിലും കുട്ടികളുടെ സുരക്ഷയെക്കുറിച്ചും നല്ല സ്പർശനവും മോശം സ്പർശനവും (Good touch and bad touch) തിരിച്ചറിയുന്നതിനെക്കുറിച്ചും ബോധവൽക്കരണം വ്യാപകമായി നടക്കുന്നു.പരാതിപ്പെടാനുള്ള മടി കുറഞ്ഞു: കുട്ടികളും രക്ഷിതാക്കളും ഇത്തരം അതിക്രമങ്ങൾക്കെതിരെ മടിക്കാതെ പോലീസിനെയും അധികാരികളെയും സമീപിക്കാൻ മുന്നോട്ട് വരുന്നു
പോക്സോ കേസ്: വേണ്ടത് ജാഗ്രതപോക്സോ കേസുകൾ വർദ്ധിച്ചുവരുന്നു എന്ന റിപ്പോർട്ട് നാം കരുതലോടെ കാണേണ്ട വിഷയമായി മാറിയിരിക്കുകയാണ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നേരെ,ആൺ-പെൺ വ്യത്യാസമില്ലാതെ മുതിർന്നവർ നടത്തുന്ന ലൈംഗികാതിക്രമങ്ങളാണ് പോക്സോ' (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) ആക്ട് 2012 ന്റെ പരിധിയിൽ വരുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക,ലൈംഗികാതിക്രമം നടത്തുക,പീഡിപ്പിക്കുക,കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉണ്ടാക്കുക തുടങ്ങിയവയാണ് ഈ നിയമത്തിന്റെ പരിധിയിലെ കുറ്റക്യത്യങ്ങൾ. മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം. ഇത്തരം കുറ്റകൃത്യങ്ങളിൽ ആവർത്തിച്ച് ഏർപ്പെടുന്നവർക്ക് മരണശിക്ഷ വരെ നൽകാനും നിയമമുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇരയാക്കപ്പെടുന്നത് എന്നതുകൊണ്ട്, പ്രത്യേക കോടതികൾ സ്ഥാപിച്ച് കാലതാമസം കൂടാതെ കേസുകളിൽ തീർപ്പുകല്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. എന്നിട്ടും ധാരാളം കേസുകൾ കെട്ടിക്കിടക്കുകയാണെന്ന വസ്തുതയും കാണാതിരുന്നു കൂട. കുട്ടികൾക്ക് മാനസികമായും വൈകാരികമായും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവരുതെന്ന് ഉറപ്പാക്കാൻ പൊലീസുകാർ യൂണിഫോമിൽ കുട്ടികളെ ചോദ്യം ചെയ്യാൻ പാടില്ലെന്നും, ചോദ്യം ചെയ്യലിൽ അവരെ വിരട്ടാനോ, ഭീഷണിപ്പെടുത്താനോ പാടില്ലെന്നും നിഷ്കർഷിക്കുന്നുണ്ട്. ഒരു കാരണവശാലും ഇരകളായ കുട്ടികളെ തിരിച്ചറിയുന്ന ഒന്നും പരസ്യപ്പെടുത്താനും പാടില്ല. പോക്സോ കേസുകൾ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇതു കാണിക്കുന്നത്.പോക്സോ കേസുകളിൽ രാജ്യത്തു തന്നെ വലിയ വർദ്ധനവുണ്ടാകുന്നെന്നാണ് വാർത്തകൾ. സ്വാഭാവികമായും കേരളത്തിലും സമാന അനുഭവമാണുള്ളത്. നഗരങ്ങളിലേതിനേക്കാൾ കൂടുതൽ കേസുകൾ ഗ്രാമങ്ങളിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, ഗ്രാമ - നഗര വ്യത്യാസം അത്ര പ്രകടമല്ലാത്ത കേരളത്തിൽ ഇതൊരു വസ്തുതാ വിവരമായി എടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. എന്നു പറഞ്ഞാൽ, പോക്സോ കേസുകൾ തടയാൻ പൊതുവിൽ ശക്തമായ സാമൂഹ്യ ഇടപെടലുകൾ അനിവാര്യമാണെന്നർത്ഥം.മാനസികവും വൈകാരികവുമായ വഴി തെറ്റലുകൾ,അടഞ്ഞ ജീവിതം,വൈകാരിക പ്രശ്നങ്ങൾ പങ്കു വച്ച് പരിഹരിക്കാൻ കഴിയാത്ത അവസ്ഥ,മൊബൈൽ ഫോണുകളും ടാബുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അഡിക്ഷൻ, അവിടെ നിന്നു ലഭിക്കുന്ന വെർച്വൽ ദൃശ്യങ്ങളുടെ മാസ്മരികത തുടങ്ങി മാറിയ കാലത്തിന്റെ ധാരാളം സങ്കീർണതകൾ പോക്സോ കേസിലേക്ക് നയിക്കുന്ന സംഭവങ്ങൾക്കു കാരണമാകാറുണ്ട്. പഴയ കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ വരെ സജീവമായിരുന്ന പൊതുമണ്ഡലങ്ങൾ ചുരുങ്ങിയതും അവിടങ്ങളിലെ കൂട്ടായ്മകളും സംവാദങ്ങളും ശോഷിച്ചതുമൊക്കെ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളും ഇത്തരം കേസുകൾ ഉണ്ടാകാൻ ഇടയാക്കിയെന്നു വരും. പലപ്പോഴും കുടികൾക്ക് അവരുടെ വീടുകളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ വരെ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നു.എന്താണ് ഇത് കുറച്ചു കൊണ്ടുവരാനുള്ള വഴി? അച്ഛനമ്മമാരടക്കം വീടുകളിലുള്ളവർ തന്നെയാണ് ഇതിൽ പ്രഥമമായും പ്രധാനമായും ജാഗ്രത കാട്ടേണ്ടത്. സ്കൂളുകൾ,കളിയിടങ്ങൾ,ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ കുട്ടികളുടെ പെരുമാറ്റങ്ങളും ഇടപെടലുകളും കർശനമായി ശ്രദ്ധിക്കണം. ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് മാതാപിതാക്കളുമായി തുറന്നു സംസാരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കണം. കുട്ടികളുടെ പഠനത്തിലോ. കളികളിലോ,പെരുമാറ്റത്തിലോ സാധാരണ കാണാത്ത എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി ഇടപെടണം. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായങ്ങൾ തേടാം. മാനസികവും വൈകാരികമായ ആരോഗ്യം ഉറപ്പാക്കുന്ന കാര്യങ്ങൾ പാഠ്യപദ്ധതിയിൽത്തന്നെ ഉൾപ്പെടുത്തുന്നതും നന്നായിരിക്കും.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment