Pages

Saturday, August 15, 2026

ഭാരതത്തിൽ 20 കോടി ജനങ്ങൾക്ക് സ്വന്തമായി വീടില്ല

 

ഭാരതത്തിൽ 20 കോടി ജനങ്ങൾക്ക് സ്വന്തമായി വീടില്ല

ഭാരതത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വന്തമായി വീടില്ലാത്തതും ഭവനരഹിതരായി കഴിയുന്നതും ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. വിവിധ പഠനങ്ങളും അനൗദ്യോഗിക കണക്കുകളും സൂചിപ്പിക്കുന്നത് കോടിക്കണക്കിന് ആളുകൾക്ക് സ്ഥിരമായ പാർപ്പിടമില്ലെന്നും ചേരികളിലോ തെരുവുകളിലോ വാടകവീടുകളിലോ ആണ് കഴിയുന്നത് എന്നുമാണ്. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) പോലുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.സ്വന്തമായി ഒരു വീട് ഇല്ലാത്തതിന്റെ ദുഃഖം അതില്ലാത്തവർക്ക് മാത്രമേ അറിയാനാകൂ. അന്നന്നത്തെ അന്നത്തിനുപോലും ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്ക് സ്വന്തം നിലയിൽ ഒരു വീട് നിർമ്മിക്കുക ഏതാണ്ട് അസാദ്ധ്യമാണ്. പ്രത്യേകിച്ചും ഗൃഹനിർമ്മാണം ഏറെ ചെലവേറിയ ഒന്നായി മാറിക്കഴിഞ്ഞ ഇക്കാലത്ത്. ഇവിടെയാണ് സർക്കാരിന്റെ സഹായത്തോടെയുള്ള സാധാരണക്കാരായവർക്കുള്ള വീട് നിർമ്മാണങ്ങളുടെ പ്രസക്തി. കേന്ദ്രവും സംസ്ഥാനങ്ങളും വർഷങ്ങളായി ഇത്തരം ഭവനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയിൽ 20 കോടിയോളം പേർക്ക് സ്വന്തമായി വീടുകളില്ല എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് ഭവനരഹിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ്. 

കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന എന്ന പി.എം..വൈ പദ്ധതിയിലൂടെ കോടിക്കണക്കിന് വീടുകൾ ഇന്ത്യയിലെമ്പാടും നിർമ്മിച്ച് നൽകിയിട്ടുണ്ട്. അതുപോലെതന്നെ കേരള സർക്കാർ ഭവനരഹിതർക്കായി നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയിലൂടെയും ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചിട്ടുണ്ട്.പി.എം..വൈ പദ്ധതി പ്രകാരം ഇതിനകം ഇന്ത്യയിൽ 4.12 കോടി വീടുകൾ പൂർത്തിയാക്കി. 2026 ഫെബ്രുവരിയിലെ കണക്കുപ്രകാരം കേരള സർക്കാർ ലൈഫ് മിഷൻ പദ്ധതി പ്രകാരം 5 ലക്ഷം വീടുകളും പൂർത്തിയാക്കി. പി.എം..വൈ പദ്ധതിയിലെ രണ്ടാംഘട്ടമാണ് ഇനി തുടങ്ങുന്നത്. ഇതിൽ കൊണ്ടുവന്ന ഒരു മാറ്റം നഗരങ്ങളിൽ പദ്ധതി പ്രകാരം വീടുവയ്ക്കുന്ന ഗുണഭോക്താവിന്റെ ഭാരം കൂട്ടുന്നതാണ്. സ്വന്തമായി സ്ഥലമുള്ളവർക്ക് 4 ലക്ഷം രൂപ നഗരങ്ങളിലും നൽകിയിരുന്നത് പുതിയ പദ്ധതി പ്രകാരം 3 ലക്ഷമായി കുറച്ചു. അപ്പോൾ ഗുണഭോക്താവ് ഒരു ലക്ഷം രൂപ പദ്ധതിയുടെ ഭാഗമാകാൻ മുടക്കണം. മൂന്ന് ലക്ഷം രൂപയിൽ ഒന്നര ലക്ഷമാണ് കേന്ദ്രം നൽകുന്നത്. സംസ്ഥാന സർക്കാർ ഒരുലക്ഷവും നഗരസഭ അരലക്ഷവും നൽകും.നേരത്തെയുള്ള പദ്ധതിയിൽ കേന്ദ്രം ഒന്നര ലക്ഷവും സംസ്ഥാന സർക്കാർ 50,000 രൂപയും നഗരസഭ 2 ലക്ഷവുമാണ് മുടക്കിയിരുന്നത്.

പുതിയ പദ്ധതിയിൽ നഗരസഭ അടയ്ക്കേണ്ടത് 50,000 രൂപയായി കുറയ്ക്കുകയും സംസ്ഥാനത്തിന്റെ വിഹിതം ഒരു ലക്ഷം ആയി ഉയർത്തുകയും കേന്ദ്രത്തിന്റെ വിഹിതം അതേപടി ഒന്നര ലക്ഷമായി നിലനിറുത്തുകയും ചെയ്തു. കേന്ദ്രം 2 ലക്ഷമായി വിഹിതം ഉയർത്തിയിരുന്നെങ്കിൽ ഗുണഭോക്താവിന് അത്രയും ആശ്വാസം ലഭിക്കുമായിരുന്നു. എന്നാൽ അതിന്റെ പേരിൽ പദ്ധതിയിൽ നിന്ന് കേരളം മാറി നിന്നാൽ ഒരു ലക്ഷം അടയ്ക്കാൻ തയ്യാറാകുന്ന ഗുണഭോക്താവിന് പോലും വീട് കിട്ടാത്ത അവസ്ഥയാകും ഉണ്ടാവുക.അതിനാൽ പദ്ധതിയുടെ ഭാഗമാകാൻ കേരള സർക്കാർ തീരുമാനിച്ചത് തെറ്റാണെന്ന് പറയാനാകില്ല. 30,000 വീടുകൾക്കാണ് കേന്ദ്രം പണം അനുവദിക്കുക. പദ്ധതിയിൽ നിന്ന് മാറിനിന്നാൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 450 കോടി നഷ്ടമാകും. ഗുണഭോക്താവിനെ സഹായിക്കാൻ സ്വകാര്യ വ്യക്തികളുടെ ഒരു കോർപ്പസ് ഫണ്ട് സംസ്ഥാന സർക്കാരിന് ഭാവിയിൽ രൂപീകരിക്കാവുന്നതാണ്. വീടുകളിൽ കേന്ദ്ര മുദ്ര പതിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കാനും സമ്മതമല്ലെന്ന് പറഞ്ഞ് മുൻ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ ചേർന്നിരുന്നില്ല. പുതിയ പദ്ധതി പ്രകാരം ലഭിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കേണ്ടതില്ല. പകരം കേന്ദ്ര പദ്ധതി പ്രകാരമുള്ള വീട് എന്ന മുദ്ര പതിപ്പിച്ചാൽ മതി. മുപ്പതിനായിരം പേർക്ക് വീട് കിട്ടുന്ന പദ്ധതി എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ ഇനി ത്വരിതപ്പെടുത്തേണ്ടത്.

പ്രൊഫ . ജോൺ കുരാക്കാർ

No comments: