വായനാദിനം-june 19
കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.
വായന ചിലര്ക്കൊരു വിനോദമാണ്. ചിലര്ക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവര്ക്ക് ഭാവനയുടെ അതിരുകള്‍ തകര്‍ത്ത് വിസ്മയങ്ങളുടെ ലോകത്തേക്ക് പറക്കാനുള്ള ചിറക് മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യ മനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസ്സുകൊണ്ടു പറന്നു തീര്ക്കാനുള്ള അത്ഭുത സൂത്രമാണ് വായന.
വായന പല തരത്തിലുണ്ട്. പുസ്തകങ്ങള്‍ വായിക്കുന്നതുപോലെ തന്റെ ചുറ്റുപാടുകളും വായിക്കാം, പ്രകൃതിയെ വായിക്കാം, നല്ല മനുഷ്യരെ വായിക്കാം.വായനാ ശീലം ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയില്ലെങ്കില്‍ അതു പിന്നെ പരിശീലിക്കുക ബുദ്ധിമുട്ടാണ്. പാഠപുസ്തകങ്ങളൊഴിച്ച് മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ ദിവസേന ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണം.അങ്ങിനെയെങ്കില്‍ ജീവിതകാലം മുഴുവന് ആ നല്ല ശീലം നിങ്ങളെ പിന്തുടരും.
മനസിന്റെ ആരോഗ്യത്തിനും ബുദ്ധിയുടെ വികാസത്തിനും ഹൃദയത്തിന്റെ നൈര്മ്മല്യത്തിനും സഹായിക്കുന്ന, അറിവിന്റെ വിശാലതയും ആഴവും കൂട്ടുന്ന, ധര്മ്മ ബോധം ഉണര്ത്തുന്ന, നമ്മെ കര്മ്മോന്മുഖരാക്കുന്ന പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കണം. നോവലുകളും കവിതകളും ചെറുകഥകളും നമ്മുടെ ഭാഷാപരമായ കഴിവുകളെ വര്ദ്ധിപ്പിക്കുന്നതോടൊപ്പം ധാര്മ്മിക ചിന്തയുണര്ത്തി, കാര്യങ്ങളെ വിവേചിച്ചറിഞ്ഞ് നല്ല മനുഷ്യരാകാന്‍ സഹായിക്കും.നല്ല ജീവചരിത്ര ഗ്രന്ഥങ്ങള്‍ നമ്മെ നേര്വഴി കാണിക്കും. പുരാണകഥകള്‍ സത്യം, ധൈര്യം, നീതിബോധം എന്നി ഗുണങ്ങളുണ്ടാക്കും.ചരിത്ര പുസ്തകങ്ങള്‍ ഓരോ നാടിന്റെയും സംസ്കാരവും നേട്ടവും തിരിച്ചറിയുന്നതിനും നമ്മുടെ പുരോഗതിക്ക് തടസം നില്ക്കുന്ന കാര്യങ്ങളെ വിവേചിച്ചറിയാനും സഹായിക്കും. ഭൂമിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും അറിയാന്‍ ഭൂമിശാസ്ത്രം സഹായിക്കും. അധ്യാപകരോടും രക്ഷിതാക്കളോടും വായനാശീലമുള്ള മുതിര്ന്നവരോടും ഇത്തരം നല്ല പുസ്തകങ്ങള്‍ ഏതെന്നു ചോദിച്ച് മനസിലാക്കുക. നിങ്ങളുടെ തൊട്ടടുത്ത ഗ്രാമീണ വായനശാലയില്‍ നിന്നോ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കുക ചീത്ത പുസ്തകങ്ങള്‍ മനസിനെ ദുഷിപ്പിക്കും വികാരങ്ങളെ മലിനമാക്കും. ജീവിതം നരകമാക്കും.വായിക്കുന്ന പുസ്തകത്തിലെ ആശയങ്ങളെ വിശകലനം ചെയ്ത് അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുക, ശരിയും തെറ്റും ബലവും ദൗര്ബല്യവും മനസിലാക്കുക, തള്ളേണ്ടതു തള്ളുക, കൊള്ളേണ്ടത് ഉള്ക്കൊള്ളുക എന്നിങ്ങനെ കൃതികളെ സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും വേണം. പുസ്തക നിരൂപണവും വിമര്ശനക്കുറിപ്പും ആസ്വാദനാനുഭവവുമെല്ലാം തിരിച്ചറിയാന്‍ ഇത്തരത്തിലുള്ള വായന നിങ്ങളെ സഹായിക്കും;വായിക്കാനിഷ്ടപ്പെടുന്ന വിഖ്യാതകൃതികളന്വേഷിച്ച് നിങ്ങള്‍ ലൈബ്രറികളും പുസ്തകക്കടകളും അന്വേഷിച്ചു നടക്കേണ്ട. പണം കൊടുത്തും സൗജന്യമായും വായിക്കാവുന്ന പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ലോകത്തെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം ഇതിനായി വെബ്സൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ടേബ് ലറ്റിലോ കമ്പ്യൂട്ടറിലോ നേരിട്ടോ, പി.ഡി.എഫ് ഫയലുകള്‍ ലോഡ് ചെയ്ത് പ്രിന്റെടുത്തോ ഈ പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്.
നല്ല ഗ്രന്ഥങ്ങള്‍ എന്നും നമ്മുടെ നല്ല മിത്രങ്ങളായിരിക്കും എന്നു പറഞ്ഞത് ഡോക്ടര്‍ രാധാകൃഷ്ണനാണ്. ലൈബ്രറിയില്‍ നിന്നെടുക്കുന്ന ഇത്തരം പുസ്തകങ്ങള്‍ കരുതലോടെ വൃത്തിയോടെ കൈകാര്യം ചെയ്യണം. ആയിരക്കണക്കിനു മനസുകള്ക്ക് വെളിച്ചം പകരേണ്ട സൂക്ഷി പ്പുകളാണവ. അവയിലെ പേജുകള്‍ മടക്കിയും ചിത്രങ്ങള്‍ വെട്ടിയും അഴുക്ക് പറ്റിച്ചും വികൃതമാക്കരുത്. ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ തന്നെ തിരികെകൊടുക്കണം. എവിടെവരെ വായിച്ചു എന്നറിയാന്‍ വേസ്റ്റ് പേപ്പര്‍ കീറി പേജുകള്‍ക്കിടയില്‍ വച്ചാല്‍ മതി.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment