Pages

Tuesday, June 16, 2026

കേരളത്തിലെ സർവകലാശാലകൾ: മികവിൽ എവിടെ ?

 


കേരളത്തിലെ
സർവകലാശാലകൾ: മികവിൽ  എവിടെ ? 

സർവകലാശാലകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോഴും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  മികവിന്റെ മാനദണ്ഡമായ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻഐആർഎഫ് ) സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ ഇരുപതിൽ കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാലയും ഇല്ല. റാങ്കിങ് തുടങ്ങിയ 2016 മുതൽ ഇതാണു സ്ഥിതി. 2021ലെ റാങ്കിങ്ങിൽ 27–ാം സ്ഥാനത്തുള്ള കേരള സർവകലാശാലയാണു കേരളത്തിൽ ഒന്നാമത്. 6000 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് 2021ലെ റാങ്കിങ്ങിൽ പങ്കെടുത്തത്. അധ്യാപകരുടെ ഗവേഷണമികവ്, വിദ്യാർഥികളുടെ പഠനനിലവാരം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിങ്ങനെ പല ഘടകങ്ങൾ വിലയിരുത്തും. ആദ്യ നൂറിൽ കേരളത്തിൽ നിന്നു കേരള, എംജി, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകൾ മാത്രം. തമിഴ്നാട്ടിൽ നിന്നുള്ള 19 സ്ഥാപനങ്ങളാണ് ആദ്യ നൂറിൽ ഇടം പിടിച്ചത്.

 

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തു നിർണായക ചുവട് എന്ന നിലയിലാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള നീക്കം വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനെതിരേ മുൻപ് സിപിഎമ്മും അവരുടെ വിദ്യാർഥി-യുവജന സംഘടനകളുമെല്ലാം അതിശക്തമായ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. പല സമരങ്ങളും ഇതുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സ്വകാര്യ സർവകലാശാലകൾ അനിവാര്യമാണെന്ന് സിപിഎമ്മിനു ബോധ്യപ്പെട്ടിരിക്കുന്നു. വൈകി ഉദിച്ച വിവേകമെന്ന് പ്രതിപക്ഷ പാർട്ടികളും എൽഡിഎഫിന്റെ വിമർശകരും ആക്ഷേപിക്കുന്നുണ്ട്. പ്ലസ് ടു, സ്വാശ്രയ കോളെജുകൾ തുടങ്ങിയ കാര്യങ്ങളിൽ കണ്ടതുപോലെ ആദ്യം അവർ  എതിർക്കുകയും പിന്നീട് അനുകൂലിക്കുകയും ചെയ്തു .  സ്വകാര്യ സർവകലാശാലകൾ വരുന്നതിനെ സ്വാഗതം ചെയ്യാവുന്നതു തന്നെയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാക്കാൻ നല്ലത് .ലോക നിലവാരമുള്ള വിദ്യാഭ്യാസം എത്രകണ്ട് ഉറപ്പാക്കാൻ കഴിയുന്നോ അത്രയും നല്ലത്. നല്ല വിദ്യാഭ്യാസവും ഒപ്പം തൊഴിലും ഉറപ്പിക്കാനാണ് ഇവിടെ നിന്നുള്ള വിദ്യാർഥികൾ കൂട്ടത്തോടെ നാടു വിടുന്നത്. വിദേശ സർവകലാശാലകളിൽ അവർക്കു കിട്ടുന്ന വിദ്യാഭ്യാസം അവരെ അവിടെ തന്നെ പിടിച്ചുനിർത്താനും കാരണമാവുന്നുണ്ട്. അതുകൊണ്ട് യുവതലമുറയിലെ ഏറ്റവും മിടുക്കരായവരെ ഇവിടെ നിലനിർത്താൻ നമുക്കു കഴിയുന്നില്ല. കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നമായി ഇതിനെ കാണേണ്ടതുണ്ട്. നല്ല വിദ്യാഭ്യാസവും അതിനൊത്ത തൊഴിലും ഉറപ്പാക്കാൻ കഴിഞ്ഞാലേ പ്രവണതയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയൂ.

 

മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ കേരളത്തിലെത്തുന്നതു പഠന നിലവാരം ഉയർത്താൻ സഹായിക്കുമെന്നു പ്രതീക്ഷിക്കാം. ശക്തമായ മത്സരമുണ്ടാവുന്നത് സംസ്ഥാനത്ത് ഇപ്പോഴുള്ള സർവകലാശാലകളെയും മെച്ചപ്പെടുത്തുന്നതിനു കാരണമാവുകയും ചെയ്യാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റങ്ങളുണ്ടാക്കാൻ  നമുക്ക് കഴിയണം .വിവിധ പഠനവിഷയങ്ങളിലെ സിലബസുകൾ പരിഷ്കരിച്ച് ഔട്കം ബേസ്ഡ് സിലബസ് ആക്കി മാറ്റണമെന്നായിരുന്നു യുജിസി നിർദേശം. ജോലി സാധ്യത, കാലത്തിനനുസരിച്ച മാറ്റം എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് സിലബസുകളുടെ ഉടച്ചുവാർക്കലായിരുന്നു ഇതുവഴി ഉദ്ദേശിച്ചത്.  കേരളത്തിൽ മാറ്റം  വി സി മാരിൽ  ഒതുങ്ങി നിൽക്കുന്നു . ബിരുദം കഴിഞ്ഞു   പണിയില്ലാതെ നടക്കുന്ന  യുവാക്കളെ കണ്ട്  ദുഃഖിക്കുന്ന  ആളുകൾ  പുതുതലമുറയെ  വിദേശത്തക്ക്  വിടുകയാണ്

 

പ്രൊഫ്. ജോൺ  കുരാക്കാർ

No comments: