മഹാഭാരതം
ഹിന്ദു പുരാണങ്ങളിലെ പ്രധാനപ്പെട്ട രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് മഹാഭാരതം (രാമായണമാണ് മറ്റേത്). കുരുവംശത്തിലെ കൗരവരും പാണ്ഡവരും തമ്മിൽ ഹസ്തിനപുരിയുടെ സിംഹാസനത്തിനുവേണ്ടി നടന്ന യുദ്ധത്തെയും അതിലേക്ക് നയിച്ച സംഭവവികാസങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ ഇതിഹാസം രചിച്ചിരിക്കുന്നത്.വേദവ്യാസനാണ് ഈ ഇതിഹാസം രചിച്ചത് എന്നാണ് ഐതിഹ്യം. ലോകത്തിലെ ഏറ്റവും ബൃഹത്തായ സാഹിത്യസൃഷ്ടികളിലൊന്നാണിത്. ലക്ഷക്കണക്കിന് ശ്ലോകങ്ങളും കഥകളും ഉപകഥകളും അടങ്ങിയ ഈ ഗ്രന്ഥം 'പഞ്ചമവേദം' എന്നും അറിയപ്പെടുന്നു.മഹാഭാരതത്തിലെ ആദ്യ ശ്ലോകത്തിൽ "ഓം! നാരായണനെയും (കൃഷ്ണൻ) പുരുഷൻമാരിൽ അത്യുന്നതനായ നരനെയും (അർജുനൻ), സരസ്വതി ദേവിയെയും വണങ്ങി ജയ എന്ന വാക്ക് ഉച്ചരിക്കണം." എന്ന് വ്യാസൻ പ്രാർത്ഥനയോടെ തുടങ്ങുന്നു. ഈ മംഗള ശ്ലോകം മിക്ക പുരാണങ്ങളുടെയും ആരംഭത്തിൽ ദർശിക്കാം ഭാരതീയ വിശ്വാസമനുസരിച്ച് ഉള്ള രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണിത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു പ്രത്യേകത വേദകാലത്ത് നിലനിന്നിരുന്നു. മഹത്തായ ശ്രീകൃഷ്ണാർജുന സംവാദത്തിന്റെ സംഗ്രഹമായ ശ്രീമദ് ഭഗവത്ഗീത ഉൾക്കൊണ്ടിരിക്കുന്നു എന്നുള്ളതും ശ്രീ മഹാഭാരതത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. വേദങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത സാധാരണ ജനങ്ങൾക്കു സമർപ്പിക്കപ്പെട്ട അദ്ധ്യാത്മ ശാഖയാണ് 'ഇതിഹാസങ്ങൾ' എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് അറിയപ്പെടുന്നത്
ആധുനിക ചരിത്രകാരന്മാർക്ക് മഹാഭാരതത്തെ കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ട് . ചിലരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന അറിവുകളും ചേർക്കപ്പെട്ട ഒരു അസാധാരണ ഗ്രന്ഥമാണ് മഹാഭാരതം എന്നാണ് അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. അത് 8,000 ഗ്രന്ഥങ്ങൾ(ശ്ലോകങ്ങൾ) ഉള്ളതായിരുന്നത്രെ. പിന്നീടത് 24,000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതിൽ നിന്നാണ് ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും. എന്തുതന്നെ ആയാലും മഹാഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് ഭൂരിപക്ഷം ചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപഞ്ചകത്തിൽ വച്ച് യുദ്ധം ചെയ്തുവെന്നാണ് പറയുന്നത്. ക്രിസ്തുവിനു മുമ്പ് 3,102 ആണ് അതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.
മഹാഭാരതം ബുദ്ധനു മുൻപ് തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത് ക്രിസ്തുവിനു മുമ്പ് നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നുമാത്രം മനസ്സിലാക്കാം.വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരഋഷിക്ക് മുക്കുവ രാജാവിൻറെ മകളായ സത്യവതി അഥവാ മത്സ്യഗന്ധിയിൽ ജനിച്ച മകനാണ് വേദ വ്യാസൻ എന്ന കൃഷ്ണദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാലും ദ്വീപിൽ ജനിച്ചതുകൊണ്ടും കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന് ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ് അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന് ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം ശ്രീവേദവ്യാസൻ എന്ന് അഭിസംബോധന ചെയ്തു.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്.അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങൾ - കുരുവംശജരും പാണ്ഡവരും - തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.വളരെക്കാലം ഇവർ തമ്മിൽ സ്പർദ്ദയുണ്ടാവുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു.ഈ ഐക്യത്തെ പറ്റി യജുർവേദത്തിൽ വിവരണമുള്ളതിനാൽ ബി.സി 10ആം നൂറ്റാണ്ടിനുമുൻപാണ് എന്ന് ചരിത്രം പറയുന്നു.ആദ്യകാലങ്ങളിൽ ഗാനരൂപത്തിലാണ് ഈ ചരിത്രം പ്രചരിക്കപ്പെട്ടത്.ശേഷം വന്നവർ ഈ ചരിത്രത്തെ ഗ്രന്ഥരൂപത്തിലാക്കി.ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം.പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം. ബി.സി 5ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തിൽ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു.മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് ശ്രീവേദവ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ ഗ്രന്ഥ രചന സമ്പ്രദായം ആ കാലഘട്ടത്തിൽ തന്നെ ആരംഭിച്ചിരുന്നു എന്നു മനസ്സിലാക്കാം.
പ്രൊഫ്, ജോൺ കുരാക്കാർ

No comments:
Post a Comment