Pages

Thursday, June 25, 2026

വീര്യം കുറഞ്ഞ മദ്യത്തിൻറെ പേരിൽ വീര്യംകൂടിയ വിവാദം

 

വീര്യം കുറഞ്ഞ മദ്യത്തിൻറെ പേരിൽ വീര്യംകൂടിയ  വിവാദം



വീര്യം കുറഞ്ഞ മദ്യത്തിന്റെ പേരിൽ വീര്യം കൂടിയ വിവാദമാണ് ഇപ്പോൾ സംസ്ഥാനത്ത് നുരയുന്നത്. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കാനായി തീരുമാനമെടുത്തത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരായിരുന്നു. ഇതിന്റെ വിപണനം സംസ്ഥാനത്ത് അനുവദിക്കുന്നതിന്റെ ഭാഗമായി 2022- 23ലെ അബ്കാരി നയത്തിന്റെ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കഴിഞ്ഞ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴത്തെ  സർക്കാർ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന കേരളത്തിൽ ആരംഭിക്കാൻ സാധ്യത തുറന്ന്ലോ ആൽക്കഹോളിക് ബവ്റിജസ്എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതിഘടന ബജറ്റിൽ പ്രഖ്യാപിച്ചു. 0.5 % മുതൽ 20% വരെ വീര്യമുള്ള മദ്യമാണ് വിഭാഗത്തിൽ വരുന്നത്. 0.5–10% വരെ വീര്യമുള്ള മദ്യത്തിന് 120%, 10– 20% വരെ വീര്യമുള്ളവയ്ക്ക് 175% എന്നിങ്ങനെയാണു നികുതിഘടന.

കഴിഞ്ഞ സർക്കാർ 2022–23 ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തതെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86% വീര്യമുള്ള മദ്യം (ഇന്ത്യൻ നിർമിത വിദേശമദ്യം) വിൽക്കുന്ന അതേ നികുതി (251%) നൽകേണ്ടിയിരുന്നതിനാൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ഒരു കമ്പനിയും വിറ്റിരുന്നില്ല.പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം വിൽക്കാനായി, നികുതിഘടന പരിഷ്കരണത്തിനു കഴിഞ്ഞ സർക്കാരിനെ സമീപിച്ചിരുന്നു. വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സർക്കാർ നിരസിച്ചു. വിൽപന നികുതി ഘടന നിശ്ചയിക്കാത്തതു കാരണം മടിച്ചുനിന്ന കമ്പനികൾക്കു കേരളത്തിൽ പുതിയ വിപണി തുറക്കാൻ ബജറ്റ് പ്രഖ്യാപനം വഴിതെളിക്കും. കശുമാങ്ങ പോലെയുള്ള പഴങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഹോർട്ടി ലിക്കറിന്റെയും നികുതി ഘടന പരിഷ്കരിക്കാനുണ്ട്. 20– 30% വീര്യമുള്ള ഹോർട്ടി ലിക്കർ വിൽക്കാൻ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും നികുതി നിശ്ചയിച്ചിട്ടില്ല. നിലവിൽ ആരും ഉൽപാദനം തുടങ്ങിയിട്ടില്ല.വീര്യം കുറഞ്ഞ മദ്യവും അതിന് നികുതി കുറച്ച നടപടിയും സംസ്ഥാനത്തെ ഒട്ടാകെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന മട്ടിലാണ് എതിർപ്പുകൾ ഉയരുന്നത്. കോൺഗ്രസിനുള്ളിൽനിന്നുപോലും എതിർപ്പുകൾ നുരഞ്ഞുപൊങ്ങുന്നുണ്ട്. മദ്യനയത്തിന്റെ പേരിൽ കോൺഗ്രസിലെ ഒരു മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിൽ നടന്ന ഈഗോ ക്ളാഷും തുടർന്ന് മദ്യശാലകളെല്ലാം അടച്ചിട്ട തലതിരിഞ്ഞ നടപടിയുമാണ് കോൺഗ്രസ് സർക്കാരിന്റെ തിരിച്ചുവരവ് തടഞ്ഞ പ്രധാന ഘടകങ്ങളിലൊന്ന്. പത്തുവർഷത്തോളം പുറത്തുനിൽക്കേണ്ടിവന്നു. ഇതിനിടയിൽ കേരളത്തിലെ ബാറുകളുടെ എണ്ണം അന്നത്തെ 645 നിന്ന് തൊള്ളായിരത്തോളമായി മാറി. അബ്കാരി ചട്ടപ്രകാരം മദ്യം വിൽക്കാൻ മാനദണ്ഡങ്ങൾ പാലിച്ച് ബാർ ഹോട്ടലുകൾ നിർമ്മിച്ച് അനുമതി വാങ്ങുന്ന ആർക്കും കഴിയും. അതിലൂടെ വൻ നികുതി വരുമാനവും സർക്കാരിന് ലഭിക്കുന്നുമുണ്ട്. ഇതിനുപുറമെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ സർക്കാർതന്നെ മദ്യക്കച്ചവടം നടത്തുകയും ചെയ്യുന്നു.യാഥാർത്ഥ്യം ഇതായിരിക്കെ ഒരു ബാർ അധികം വരുന്നതും വീര്യം കുറഞ്ഞ മദ്യം വരുന്നതുമൊന്നും സംസ്ഥാനത്തെ മദ്യക്കയത്തിൽ മുക്കാനൊന്നും പോകുന്നില്ല. ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല രാഷ്ട്രീയക്കാരായ ഭരണാധികാരികൾ. മുൻപ് ബിവറേജസുകൾക്ക് മുന്നിൽ ഒരു കിലോമീറ്ററോളം നീളുന്ന ക്യൂവുകളും റോഡിൽ ഗതാഗത തടസങ്ങളും മറ്റും ഉണ്ടാകുമായിരുന്നു. ഇതൊഴിവാക്കാൻ ഒരു ഭരണാധികാരിക്കും തോന്നിയില്ല. ഒടുവിൽ ഹൈക്കോടതി ഇടപെടേണ്ടിവന്നു പ്രീമിയം കൗണ്ടറുകൾ തുറക്കാൻ. ഹൈക്കോടതി പറയാതെ തന്നെ ഇതൊക്കെ അറിയാവുന്നവരാണ് നമ്മുടെ ഭരണാധികാരികളെങ്കിലും മദ്യത്തിന്റെ കാര്യമായതിനാൽ എതിരെ എതിർപ്പുണ്ടാകുമോ എന്ന് ഭയന്ന് ഒന്നും ചെയ്യില്ല. അതിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനം ഇതാദ്യമായി വി.ഡി.സതീശൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനമാണത്. വീര്യം കൂടിയ മദ്യത്തിനും വീര്യം കുറഞ്ഞ മദ്യത്തിനും ഒരേ നികുതി വേണമെന്ന് വാദിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്. വീര്യം കൂടിയ മദ്യത്തിന് 251 ശതമാനമാണ് നികുതി. മദ്യത്തിന്റെ നികുതി ഇത്രയും കൂട്ടിവച്ചിരിക്കുന്നതാണ് മറ്റ് പല ലഹരി മരുന്നുകളും സംസ്ഥാനത്ത് ഇത്രയധികം വ്യാപിക്കാനിടയാക്കിയതെന്നും സംശയിക്കേണ്ടതാണ്.  ക്രൈസ്തവ സഭകൾ  മദ്യത്തിനും  ലഹരിക്കും എതിരെ  പൊരുതുകയാണ് .

 

പ്രൊഫ് .ജോൺ കുരാക്കാർ

No comments: