വസ്ത്രം കീറിയ വനിതയ്ക്ക്
സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകിയ പുരുഷൻ
അപകടത്തിൽപ്പെട്ട് വസ്ത്രം കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകി മാതൃകയായത് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ ചായക്കച്ചവടം നടത്തുന്ന എം.ആർ ഷാജിയാണ് .സ്റ്റാച്യു ജങ്ഷനിൽ വെച്ച് സ്വകാര്യ ബസിനടിയിലേക്ക് ഒരു സ്ത്രീ വീഴുകയായിരുന്നു. ഒരു നിമിഷത്തിൻ്റെ വ്യത്യാസത്തിൽ തലനാരിഴയ്ക്കാണ് സ്ത്രീ ജീവനോടെ രക്ഷപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി യുവതിയെ വാരിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർക്കൊപ്പം ഓടിയെത്തിയതാണ് ചായ വിൽപനക്കാരൻ ഷാജിയും.. പതിവുപോലെ ഒന്നിലുമിടപെടാതെ സൗകര്യപ്രദമായ ദൂരത്തിൽ കാഴ്ചക്കാരായി നിൽക്കുന്നവർ അവിടെയുമുണ്ടായിരുന്നു. അന്ന് അവിടെയുണ്ടായിരുന്നെങ്കിൽ നാം ഏതു പക്ഷത്തായിരിക്കുമെന്നു ഭാവനയിൽ കാണുന്നതു നല്ലതാണ്. തീർന്നില്ല, തൃപ്പൂണിത്തുറയിലേത് അപൂർവസംഭവമാണ്. പക്ഷേ, ജീവിതത്തിലും സമൂഹമാധ്യമങ്ങളിലുമൊക്കെ വ്യാജവാർത്തകളാലും അധിക്ഷേപങ്ങളാലും വിവസ്ത്രരാക്കപ്പെടുന്ന മനുഷ്യർ കുറച്ചല്ല. അതു ഷെയർ ചെയ്യുന്നവർ ഒടുവിലത്തെ തുണിക്കീറും ചോദിക്കുകയാണ്. ഇങ്ങനെ അപരന്റെ അഭിമാനത്തിന്റെ തുണിയഴിക്കുന്നവരുടെ എണ്ണം പെരുകവേ അപരിചിതരുടെപോലും മാനത്തിനായി ഉടുതുണി കൊടുക്കുന്ന ഷാജി മാതൃകയാണ്. 2026ജൂൺ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ അപകടമുണ്ടായത്. സ്വകാര്യ ബസിന്റെ മുൻചക്രത്തിന് അടിയിലേക്കു വീണ സ്കൂട്ടർ യാത്രിക മീറ്ററുകളോളം ടയറിൽ കുരുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ബസ് നിർത്തി ജീവനക്കാരും അപകടസ്ഥലത്തുണ്ടായിരുന്ന ചിലരും ഓടിയെത്തി. ബസ് പുറകോട്ടെടുത്തു പരിക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ഇതിനിടെ വസ്ത്രങ്ങൾ കീറിപ്പോയിരുന്നു. സൈക്കിളിൽ ചായവിൽപന നടത്തിയിരുന്ന ഷാജി ഓടിയെത്തി. മുണ്ടു വാങ്ങാൻ സമയമെടുക്കും. നിമിഷങ്ങൾക്കകം, മറ്റൊന്നും ആലോചിക്കാതെ ഷാജി സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് അവരുടെ നഗ്നത മറച്ചു. സാഹോദര്യത്തിന്റെ ആ കാഴ്ചയ്ക്ക് മറ്റൊരു തുടർച്ചയുണ്ടായി. അടുത്തുള്ള കടയിലെ പയ്യൻ ഷാജിക്കൊരു മുണ്ടുമായി ഓടിയെത്തിയെന്ന് ഷാജി പറഞ്ഞു. അതും അഭിനന്ദനാർഹമാണ്. സഹായിക്കാനെത്തിയ ഏതാനുംപേർ സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്കു വിടുകയും ചെയ്തു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ ഷാജി എന്ന 53കാരനെ മുഖ്യമന്ത്രിയുൾപ്പെടെ അഭിനന്ദിച്ചു. ഉള്ളിൽ നന്മയും സാഹോദര്യവുമുള്ള ലക്ഷക്കണക്കിനാളുകൾ ആ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.
ഒരു തെരുവിലെ സ്ത്രീയുടെ നഗ്നത മറച്ച ദേവദൂതനെപ്പോലൊരു മനുഷ്യന്റെ കഥയ്ക്ക് മറ്റൊരു തുടർച്ച ആവശ്യമാണ്. ഷാജിയെ അഭിനന്ദിച്ച ലക്ഷങ്ങളിൽ ചിലരെങ്കിലും തങ്ങളാൽ നഗ്നരാക്കപ്പെട്ടവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം വസ്ത്രം കീറുന്ന ഗൗരവം, മറ്റുള്ളവരുടെ ആത്മാഭിമാനത്തെ കീറുന്നതിനു പലരും കൊടുക്കുന്നില്ല. അപരനെക്കുറിച്ച് ഉറപ്പില്ലാത്ത കാര്യം പറഞ്ഞുപരത്തുന്നവർ പണ്ട് വിരലിലെണ്ണാവുന്നവരായിരുന്നു. അവർക്ക് നാട്ടിലൊരു വിലയുമില്ലായിരുന്നു. ഇന്റർനെറ്റ് യുഗത്തിൽ കാര്യങ്ങൾ മറിഞ്ഞു. സമൂഹമാധ്യമത്തിന്റെ കോട്ടും സൂട്ടുമണിഞ്ഞതോടെ ഏഷണിക്കാരെ കേൾക്കാൻ ആളുണ്ടായി. സ്വീകാര്യതയായി. പ്രചാരണത്തിനു നാവ് വേണ്ട, ഷെയർബട്ടണിലെ ഒരു സ്പർശംതന്നെ ധാരാളം. വ്യക്തിവൈരാഗ്യം, രാഷ്ട്രീയ എതിർപ്പുകൾ, മതവിദ്വേഷം, വർഗീയ ധ്രുവീകരണം... എല്ലാം വിരൽതുന്പിൽ. വ്യാജപ്രൊഫൈലുകളിൽനിന്ന് വിഷം കുത്തിയൊഴുകി. രാഷ്ട്രീയ-വർഗീയ സംരക്ഷണമുള്ള വിദ്വേഷ പ്രചാരകർ സ്വന്തം വിലാസത്തിൽനിന്നുതന്നെ അസത്യങ്ങളും അർഥസത്യങ്ങളും അയച്ചു. നിരപരാധികൾ തനിച്ചിരുന്നു കരഞ്ഞു. ദുർബലമാനസർ സമൂഹമാധ്യമങ്ങളിൽനിന്നു വിട്ടുനിന്നു. അപമാനിതരായ ചിലർ ജീവനൊടുക്കി. ചില സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. ലൈംഗികാരോപണങ്ങൾ വ്യക്തിഹത്യയുടെ ഏറ്റവും മൂർച്ചയുള്ള മാരകായുധമായി. കല്ലെറിഞ്ഞവരൊന്നും പാപമില്ലാത്തവരായിരുന്നില്ല. കോടതി വെറുതേ വിട്ടവരെയും വേട്ടക്കാർ പിന്തുടർന്നു. പലരുടെയും ശിഷ്ടജീവിതം ഇരുട്ടിലായി. സമൂഹമാധ്യമങ്ങളിൽ മനുഷ്യർ നിരന്തരം നഗ്നരാക്കപ്പെടുന്നു. തൃപ്പൂണിത്തുറയിലെ ഷാജിയെപ്പോലെ നഗ്നത മറയ്ക്കാൻ ഭരണകൂടസംവിധാനങ്ങൾ ഓടിയെത്തുന്നില്ല. അതിവേഗത്തിന്റെ ഡിജിറ്റൽ കാലത്ത് നിയമം അതിന്റെ ആമവേഗവുമായി ബഹുദൂരം പിന്നിലായി. ഷാജിയെ നെഞ്ചോടു ചേർത്ത നാം ഇതുകൂടി മനസിൽ വയ്ക്കണം: സമൂഹമാധ്യമങ്ങളിലോ മുഖ്യധാരാ മാധ്യമങ്ങളിലോ ആകട്ടെ, ഒരു മനുഷ്യനെയും നാം നഗ്നരാക്കില്ല. മഹനീയ മാതൃകയാണ് ചായക്കടക്കാരൻ
എന്ന ഷാജി .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment