അമേരിക്കയും ഇറാനും സമാധാനക്കരാറിൽഒപ്പുവച്ചിട്ടും ഇന്ത്യയിൽ എണ്ണവില കുറയുന്നില്ല
അമേരിക്കയും ഇറാനും സമാധാനക്കരാറിൽ ഒപ്പുവച്ചിട്ടും ഇന്ത്യയിൽ എണ്ണവില കുറയുന്നില്ല,സമാധാനക്കരാർ ഒപ്പിടുമെന്നറിഞ്ഞതു മുതൽ ആഗോള അസംസ്കൃത എണ്ണവില കൂപ്പുകുത്തുന്നതും ജനങ്ങൾ അറിയുന്നുണ്ട്. പക്ഷേ, ഒന്നുമാത്രം കാണുന്നില്ല. അന്തർദേശീയ മാർക്കറ്റിൽ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 114 ആയപ്പോൾ ഇന്ത്യയിൽ കുത്തനെ വർധിപ്പിച്ച ഇന്ധന-പാചകവാതക വില, അസംസ്കൃത എണ്ണവില 78 ഡോളറിലേക്കു കൂപ്പുകുത്തിയിട്ടും കുറയ്ക്കുന്നില്ല.
ഹോർമുസിൽനിന്നു പുറപ്പെട്ട ആദ്യ എണ്ണക്കപ്പലുകളിലൊന്ന് ഇന്ത്യയുടെ ‘ദിഷ’യായിരുന്നു. ഇന്നത് ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തും. ഈ സമാധാനക്കരാർ നാം ആഗ്രഹിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ധനവില കുറഞ്ഞാൽ അസഹനീയമായ വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെ ഇത്തിരിയെങ്കിലും കുറയുമെന്ന പ്രതീക്ഷയാണ്.ഒന്നും രണ്ടുമല്ല, ദിവസങ്ങൾക്കകം വീപ്പയ്ക്കു 36 ഡോളറാണ് കുറഞ്ഞത്. വില എന്നു കുറയ്ക്കുമെന്നെങ്കിലും പറയേണ്ടതല്ലേ? കെഎസ്ആർടിസിയിലെ സൗജന്യയാത്ര മറ്റു ബസുകളിലേക്കു വ്യാപിപ്പിക്കുന്നതിലും എത്രയോ വലിയ സംഭവമാണിത്.
ആദ്യ ഈരടികളായി; ഇനിയത് അമേരിക്കയും ഇറാനും ഒരേ സ്വരത്തിൽ പാടിയാൽ സമാധാനഗീതമാകും. ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള 60 ദിവസത്തെ പരീക്ഷണ കാലയളവിന്റെ തുടക്കമാണിതെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യയിലെ ഏതൊരു സമാധാനത്തിന്റെയും വിജയപരാജയങ്ങൾ നിർണയിക്കാൻ ശേഷിയുള്ള ഇസ്രയേൽ അഭിപ്രായം പറഞ്ഞിട്ടില്ല. ഹമാസിനെതിരേ ലബനനിൽ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലിന് കരാറിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ടെന്നു ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലബനനിലെ ഹിസ്ബുള്ളയെ എങ്കിലും ആക്രമിച്ചുകൊണ്ടിരിക്കേണ്ടത് അവർക്കിപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരിക്കാം. ഇറാനുമായി ഒപ്പുവച്ചത് അന്തിമ കരാറല്ലെന്നും ധാരണാപത്രമാണെന്നും അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും ഒപ്പിനൊപ്പം ട്രംപിന്റെ ഭീഷണിയുമുണ്ട്.
തങ്ങളുടെ കൈ കാഞ്ചിയിൽതന്നെയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കറും ചർച്ചാ പ്രതിനിധിയുമായിരുന്ന മുഹമ്മദ് ബാഗർ ഗാലിബാഫും തിരിച്ചടിച്ചു. 60 ദിവസം പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ഇരുപക്ഷവും ശ്രമിക്കുമോ, യുറേനിയം ഉടൻ നശിപ്പിക്കുന്നതിനു പകരം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ സിവിലിയൻ ആവശ്യങ്ങൾക്കു മാത്രമായി മാറ്റാൻ ഇറാൻ സമ്മതിക്കുമോ, മരവിപ്പിച്ച വിദേശ ആസ്തികൾ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക എപ്പോൾ വിട്ടുനൽകും, ഹോർമുസ് കടലിടുക്ക് ശാന്തമാകുമോ, ധാരണാപത്രം സന്പൂർണ സമാധാന ഉടന്പടിയിലെത്തുമോ തുടങ്ങിയ സങ്കീർണമായ വിഷയങ്ങളുണ്ട്. രണ്ടു മാസംകൊണ്ട് തർക്കങ്ങളത്രയും പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ വച്ചുപുലർത്താനാണ് ലോകം ആഗ്രഹിക്കുന്നത്.
സമാധാനത്തിന്റെ ഒരധ്യായം യുദ്ധത്തിലേർപ്പെട്ടവർ പൂർത്തിയാക്കി. പക്ഷേ, വിചിത്രമാണ് ഇന്ത്യക്കാരന്റെ വിധി. അവർക്ക് 50 രൂപയ്ക്കു പെട്രോൾ വേണ്ട. കഴിഞ്ഞ മാസം വർധിപ്പിച്ച പെട്രോൾ, ഡീസൽ, പാചകവാതക വിലകളെങ്കിലും കുറയ്ക്കുമോയെന്ന് അറിഞ്ഞാൽ മതി. എണ്ണ കുറയുമെന്ന് പ്രതീക്ഷിക്കാമോ ?
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment