സുകുമാർ അഴീക്കോട്-
കാലത്തിനു മറയ്ക്കാന്‍ കഴിയാത്ത
വ്യക്തിത്വം
അദ്ദേഹം കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു. സുകുമാർ അഴിക്കോട് സഞ്ചരിക്കുന്ന മനസാക്ഷിയായും പ്രഭാഷണ കലയുടെ കുലപതിയും
ആയിരുന്നു,.പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ്സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
സെന്റ് ആഗ്നസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി. ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായി 1926 മേയ് 12-ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ കെ.ടി. സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു. അച്ഛൻ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സ്കൂൾ , ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1941-ൽ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. കോട്ടക്കൽ ആയുർവേദകോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തി.1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി.കണ്ണൂരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു.തുടർന്ന് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ്ങ് കോളേജിൽ നിന്നു അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ അഴീക്കോട് 1948ൽ കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952-ൽ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു. 1981-ൽ കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യവിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് സെന്റ് ജോസഫ്സ്ദേവഗിരി കോളെജിൽ മലയാളം ലൿചററായരുന്നു.ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു.പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്നിംഗ് കോളേജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ൽ കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസർ, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനൽ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നാഷണൽ ബുക്ക്ട്രസ്റ്റ് ചെയർമാനായും ചുമതല വഹിച്ചിട്ടുണ്ട്.1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എസ്. കെ. പൊറ്റെക്കാട്ടിനോട്പ രാജയപ്പെട്ടു. മരണപെടുമ്പോൾ 85 വയസായിരുന്നു.
ഇരുപതാമത്തെ വയസ്സിൽ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു പുതുപ്പിറവി തന്നതെന്ന് സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഓർമ്മിക്കുന്നു. ജോലിയന്വേഷിച്ച് ഡൽഹിയിൽ പോയ അദ്ദേഹം , തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഗാന്ധിയെ സേവാഗ്രാമിൽ ചെന്ന് കണ്ടത്.[6] പ്രസംഗ കലയിലൂടെ സ്വതന്ത്ര ചിന്ത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സുകുമാർ അഴികോട് ഫൌണ്ടേഷൻ 2010 മെയ് 29 നു ആരംഭിച്ചു. സുകുമാർ അഴികോട് ഫൌണ്ടേഷൻ പ്രസംഗ പരിശീലന കളരി ആയ TOP Academy ഏറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.പ്രഭാഷണ കലയിലെ ഇതിഹാസമാണ് അഴീക്കോട്.
അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദങ്ങളിൽ തൽപരനാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ ഇദ്ദേഹം യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാർജ്ജിച്ച പ്രഭാഷകനായിക്കഴിഞ്ഞിരുന്നു. സാഹിത്യം,തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.. വൈക്കം മുഹമ്മദ് ബഷീർ "സാഗരഗർജ്ജന"മെന്ന് അഴീക്കോടിന്റെ പ്രഭാഷണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഔദ്യോഗികജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്റെ മുഖ്യ ആവിഷ്കാരമാർഗ്ഗം. സാഹിത്യത്തെക്കാൾ രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം നിശിതമായ വിമർശനങ്ങൾ കൊണ്ട് ആകർഷകമാക്കുവാൻ ശ്രമിച്ചു. അതിനാൽ പലപ്പോഴും മുൻനിലപാടുകളിൽ നിന്ന് അവസരവാദപരമായി കൂറുമാറ്റം നടത്തുന്നയാൾ എന്ന നിലയിൽ കണക്കാക്കപ്പെടുന്നതിനു കാരണമായിട്ടുണ്ട്. ഗാന്ധിയനായ താൻ കോൺഗ്രസ്സുകാരനായി മരിക്കാൻ ആഗ്രഹിച്ചുവെങ്കിലും തനിക്കുമുമ്പേ കോൺഗ്രസ്സ് മരിച്ചുപോയെന്നും ഇദ്ദേഹം പ്രസംഗിച്ചത് ഇതിന് ഉദാഹരണമാണ്. ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ എതിരാളികൾ അവസരവാദത്തിന്റെ അപ്പസ്തോലനായും വിശേഷിപ്പിച്ചു
സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്. 1993 മുതൽ 1996 വരെ നാഷണണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപനായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്ത് അധ്യക്ഷനുമായിരുന്നു.
പതിനെട്ടാം വയസ്സിലാണ് അഴീക്കോടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954-ൽ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു.കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാർശനികവും സൗന്ദര്യശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ആശാന്റെ സീതാകാവ്യം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നുണ്ട്.1956-ൽ പ്രസിദ്ധീകരിക്കപ്പെട്ട രമണനും മലയാള കവിതയും എന്ന കൃതിയിലൂടെ മലയാളികൾ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴ അഴീക്കോടിന്റെ ഖണ്ഡനവിമർശനത്തിന് വിധേയമാകുന്നുണ്ട്. കാവ്യമെന്ന നിലയിൽ രമണൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് ഈ കൃതി. പുരോഗമന സാഹിത്യത്തോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിർപ്പ് പുരോഗമനസാഹിത്യവും മറ്റും എന്ന കൃതിയിൽ പ്രകടമാക്കപ്പെടുന്നുണ്ട്. അനുകരണാത്മകതയിൽ മാത്രം പിടിച്ചു നിൽക്കുന്നതാണ് ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ എന്ന വിമർശനവുമായി 1963-ൽ പുറത്തിറങ്ങിയ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയും മലയാളസാഹിത്യലോകത്ത് ശ്രദ്ധേയമായി. അഴീക്കോടിന്റെ വിമർശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ഈ കൃതിയിലൂടെയാണ്. 1984-ൽ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തിന്റെ കൃതികളിൽ വച്ചു ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു. ഔപനിഷദിക ദർശനങ്ങളുടെ ഉൾപ്പൊരുൾതേടുന്ന ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment