സർക്കാർ ധവളപത്രം പുറത്തിറക്കി .മാറ്റങ്ങൾ സർക്കാരിൽനിന്നു തന്നെ തുടങ്ങാം
കേരളത്തിൻറെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് യു.ഡി.എഫ് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവച്ച ധവളപത്രം വച്ചു .നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ യുഡിഎഫ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ധവളപത്രം പുറത്തിറക്കുമെന്നത്.കേരളത്തിന്റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെങ്കിലും, ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു
. സംസ്ഥാനത്തിനു മേൽ പെരുകി വരുന്ന വായ്പാ ബാദ്ധ്യതയാണ് ആശങ്കാജനകമായ മറ്രൊരു വസ്തുത. പത്തുവർഷം മുമ്പ് ആദ്യ പിണറായി സർക്കാർ സ്ഥാനമേൽക്കുമ്പോൾ സംസ്ഥാനത്തിന്റെ കടബാദ്ധ്യത 1.57 ലക്ഷം കോടി രൂപയായിരുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച ധവളപത്രത്തിലെ കണക്കനുസരിച്ച് നിലവിൽ ആ കടബാദ്ധ്യത 5.07 ലക്ഷം കോടിയാണ്! പത്തുവർഷംകൊണ്ട് ബാദ്ധ്യതയിലുണ്ടായ വ്യത്യാസം നാലിരട്ടി! ചെലവിന്റെ സാമ്പത്തിക ശാസ്ത്രം ലളിതമാണ്- വരവു നോക്കി ചെലവാക്കണം; ചെലവിന് അനുസരിച്ച് വരുമാനത്തിന് പുതിയ വഴികൾ തേടണം; വികസനത്തിന് കടമെടുക്കുകയും, അതിൽ നിന്നുള്ള ലാഭത്തിൽ നിന്ന് കടം വീട്ടുകയും വേണം! ഈ ലളിത സൂത്രവാക്യം വേണ്ടവണ്ണം പാലിക്കാതെ പോയതിന്റെ ഫലം പറയുന്നതാണ് ധവളപത്രത്തിലെ കണക്കുകൾ'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി വിരട്ടേണ്ട' എന്ന് വെല്ലുവിളിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചോദിച്ചത് ഇങ്ങനെയാണ്: 'ഈ കണക്കൊക്കെ വസ്തുത പരിശോധിച്ച് ഉറപ്പാക്കിയതാണോ?' പിണറായി സർക്കാരിന്റെ ഒന്നാം ടേമിൽ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്റെ ചോദ്യം വേറെയായിരുന്നു: 'നികുതിച്ചോർച്ചയിൽ കേന്ദ്രത്തെ വിമർശിക്കാത്തത് എന്തുകൊണ്ട്?'. രണ്ടാം ടേമിലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആകട്ടെ, യു.ഡി.എഫ് ധവളപത്രത്തിനു പിന്നിലെ ഒരു 'രഹസ്യ'മെടുത്ത് പുറത്തിട്ടു- 'വലതു സർക്കാർ നടപ്പാക്കാൻ പദ്ധതിയിടുന്ന സ്വകാര്യവത്കരണത്തിന് പിൻബലം കിട്ടാനുള്ള കുറുക്കുവഴി!' ഇതൊന്നുമല്ലാതെ
, ധവളപത്രത്തിലേത് കള്ളക്കണക്കാണെന്നോ ഉമ്മാക്കിയാണെന്നോ ഒരു പ്രതിപക്ഷ ശബ്ദവും എന്തുകൊണ്ടോ, കേട്ടില്ല.ധവളപത്രം വെളിപ്പെടുത്തുന്ന കണക്കനുസരിച്ച്, ജീവനക്കാരുടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും കൊടുക്കാനായി മാത്രം ചെലവഴിക്കേണ്ടി വരുന്നത് മൊത്തം റവന്യു വരുമാനത്തിന്റെ 77 ശതമാനം തുകയാണ്! വായ്പകളുടെ പലിശ ഇനത്തിൽ മറ്രൊരു 17 ശതമാനം തുക കൂടി വേണം. ഇതുകൂടി ചേർക്കുമ്പോൾ ആകെ ബാദ്ധ്യത, റവന്യു വരുമാനത്തിന്റെ 94 ശതമാനമാകും! ബാക്കിയുള്ള ആറു ശതമാനം കൊണ്ടുവേണം എല്ലാ 'വികസന സർക്കസും' കളിക്കാൻ. ദേശീയ ശരാശരി അനുസരിച്ച്, ആകെ റവന്യു വരുമാനത്തിന്റെ 46.1 ശതമാനം മാത്രമാണ് ശമ്പളവും പെൻഷനും കടംവീട്ടലും ഉൾപ്പെടെയുള്ള നിർബന്ധിത ചെലവുകൾ എന്നിരിക്കെയാണ് വികസനം പണയം വച്ചുകൊണ്ട് കേരളം മുൻവർഷം നടത്തിയ സാമ്പത്തിക കസർത്ത് എന്നത് ഞെട്ടിക്കുന്നതാണ്. വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നത് ദേശീയതലത്തിൽ റവന്യു വരുമാനത്തിന്റെ 63.5 ശതമാനം ആയിരിക്കെ, 2024-25 വർഷത്തെ കണക്കനുസരിച്ച് നമ്മൾ വിനിയോഗിച്ചത് 39.9 ശതമാനം മാത്രം. കിഫ്ബി വഴി നടപ്പിലാക്കിയ വികസനത്തിന്റെ കണക്കുകൂടി ചേർക്കുമ്പോൾ ഈ തോത് ഉയരുമെന്നായിരുന്നു, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം.അതേ കിഫ്ബി വഴി മാത്രം നേരിടുന്ന വായ്പാബാദ്ധ്യതയുടെ കണക്കും ധവളപത്രത്തിലുണ്ട്- 21,000 കോടി രൂപ. ഇടതു സർക്കാരിനു കീഴിൽ ആ വായ്പാ ഏജൻസി പ്രവർത്തിച്ചിരുന്നത് ഒരു സമാന്തര സർക്കാർ സംവിധാനമായിട്ടാണെന്നാണ് ധവളപത്രം ആരോപിക്കുന്നത്.സർക്കാർ കണക്കുകൾ ഓഡിറ്റ് ചെയ്യുന്ന സി ആൻഡ് എ.ജിയുടെ പരിധിയിൽ ഇതുവരെ വന്നിട്ടില്ലാത്ത കിഫ്ബിയുടെ പേരിലെ കണക്കുകളുടെ യഥാർത്ഥചിത്രം വ്യക്തമാകണമെങ്കിൽ അത് പരിശോധനാ ഏജൻസിയുടെ പരിധിയിൽ വരികതന്നെ വേണം. സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പാക്കിയ അടിസ്ഥാനസൗകര്യ വികസനങ്ങൾ ഏറെയാണെങ്കിലും, തുക വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്കുകൾ വേണ്ടതുതന്നെയാണ്. കിഫ്ബിയുടെ പ്രവർത്തനം ഉടച്ചുവാർത്ത്, അതിനെ ലാഭദായകമായ പദ്ധതികളുടെ നിർവഹണത്തിന് ഉപയോഗിക്കുമെന്ന് ധവളപത്രത്തിൽ പറയുന്നത് ശുഭസൂചകമാണ്.
ഇടതു സർക്കാർ അധികാരമൊഴിയുമ്പോൾ അവകാശപ്പെട്ടിരുന്നത് 6000 കോടി രൂപ ഖജനാവിൽ ബാക്കിവച്ചിട്ടാണ് പടിയിറങ്ങുന്നത് എന്നാണ്. ആ പറച്ചിലിന്റെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ നിയമസഭയിൽ പറഞ്ഞ കഥയിൽ രസം മാത്രമല്ല, ഗൂഢമായൊരു 'രസതന്ത്രം' കൂടിയുണ്ട്. ശരാശരി അരലക്ഷം രൂപ മാസവരുമാനമുള്ള ഒരു സർക്കാർ ജീവനക്കാരൻ, മാസാദ്യം നിർബന്ധമായും തീർത്തുകൊടുക്കേണ്ട വീട്ടുചെലവുകളിൽ ഒന്നുപോലും നിർവഹിക്കാതെ, ആ തുക ഭാര്യയുടെ കൈയിൽ കൊടുത്തിട്ട്, 'ദാ, എന്റെ കൈയിൽ അരലക്ഷം രൂപയുണ്ട്' എന്ന് വീമ്പു പറഞ്ഞാലോ? മുൻ സർക്കാർ കൊടുക്കാതെ ബാക്കിവച്ച പ്രധാന ഇനങ്ങളുടെ പട്ടികയും ധവളപത്രത്തിൽ പറയുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പള കുടിശിക ഇനത്തിൽ മാത്രമുള്ളത് 21,670 കോടി രൂപ, ക്ഷാമബത്ത കുടിശിക 14,307 കോടി, ബിൽ ഡിസ്കൗണ്ട് ഇനത്തിൽ ബാങ്കുകൾക്കും കരാറുകാർക്കും കൊടുക്കാനുള്ളത് 3,431 കോടി രൂപ. മാറ്റിവയ്ക്കപ്പെട്ട മറ്റു ബാദ്ധ്യത കൂടി ചേർത്തുവയ്ക്കുമ്പോൾ ആകെ കുടിശിക 48,733 കോടി രൂപയാകുമെന്നും ധവളപത്രം പറയുന്നു.
ധവളപത്രത്തിലെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ദീർഘവീക്ഷണത്തോടെ സാമ്പത്തിക നിർവഹണത്തിന് ക്രിയാപദ്ധതി തയ്യാറാക്കേണ്ടത് പുതിയ സർക്കാരാണ്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തിയും,ശമ്പളപരിഷ്കരണം പത്തുവർഷത്തിൽ ഒരിക്കലാക്കിയും, സ്വകാര്യവത്കരണം പ്രോത്സാഹിപ്പിച്ചും, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയും, ചില വകുപ്പുകളെ സംയോജിപ്പിച്ചും ശാക്തീകരിച്ചും ഒരു 'സാമ്പത്തിക വിസ്മയം" സൃഷ്ടിക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ 'ധവളവാഗ്ദാനം" വലിയ പ്രതീക്ഷകൾക്ക് നിറം പകരുന്നതാണ്. ആ പ്രതീക്ഷകൾ സഫലമാക്കുവാനുള്ള നിശ്ചയദാർഢ്യവും കരുത്തും ഈ സർക്കാരിനുണ്ടാകട്ടെ '.
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment