Pages

Monday, March 2, 2026

ഡോ . ബിയാട്രിക്‌സ് അലക്സിസ് എഴുതിയ ഏറ്റവും പുതിയ പുസ്തകമായ " നോവലിന്റെ അരനൂറ്റാണ്ട്" എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് 2026 മാർച്ച് 3 നു കൊട്ടാരക്കര ഗാന്ധി- ലെനിൻ ലൈബ്രറി ഹാളിൽ കേരള കാവ്യ കലാ സാഹിതി പ്രസിഡന്റ് പ്രൊഫ് . ജോൺ കുരാക്കാർ നടത്തിയ പ്രസംഗം ,

 

ഡോ . ബിയാട്രിക്സ്  അലക്സിസ്  എഴുതിയ  ഏറ്റവും പുതിയ  പുസ്തകമായ  "  നോവലിന്റെ  അരനൂറ്റാണ്ട്" എന്ന  പുസ്തകം  പ്രകാശനം  ചെയ്തുകൊണ്ട്  2026 മാർച്ച്  3 നു  കൊട്ടാരക്കര ഗാന്ധി- ലെനിൻ  ലൈബ്രറി ഹാളിൽ  കേരള  കാവ്യ കലാ  സാഹിതി  പ്രസിഡന്റ്  പ്രൊഫ് . ജോൺ കുരാക്കാർ  നടത്തിയ  പ്രസംഗം ,


 

പ്രിയപ്പെട്ട അധ്യക്ഷൻ ,,  സാഹിത്യസ്നേഹികളായ സഹൃദയരേ,

രചന  പുബ്ലിക്കേഷൻറെ  പുസ്തകോത്സവത്തോട്നുബന്ധിച്ച് ഇന്ന് നമ്മൾ ഒരുമിച്ചുകൂടിയിരിക്കുന്നത് ഒരു പുസ്തകത്തിന്റെ പ്രകാശനത്തിനായി മാത്രമല്ല; മലയാള നോവലിന്റെ ഒരു വലിയ ചരിത്രയാത്രയെ ഓർമ്മപ്പെടുത്താനും വിലയിരുത്താനും കൂടിയാണ്. “നോവൽ അരനൂറ്റാണ്ട്എന്ന പഠനഗ്രന്ഥം, ഒരു സാഹിത്യരൂപത്തിന്റെ അമ്പത് വർഷത്തെ വളർച്ചയും പരിണാമവും സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവ്വമായൊരു കൃതിയാണ്. 

നോവൽ എന്നത് കഥ പറയാനുള്ള ഒരു രൂപം മാത്രമല്ല; അത് ഒരു കാലത്തിന്റെ ആത്മാവാണ്. ഓരോ കാലഘട്ടവും തന്റെ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളെ, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെ, ആശയപരമായ സംഘർഷങ്ങളെ നോവലിലൂടെ രേഖപ്പെടുത്താറുണ്ട്. രേഖപ്പെടുത്തലുകളുടെ പാത പിന്തുടർന്ന്, അവയുടെ ശൈലിപരമായും ആശയപരമായും ഉള്ള മാറ്റങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുക എന്നത് വലിയ ബൗദ്ധികപ്രയത്നമാണ്.  എന്റെ ഗുരുനാഥ കൂടിയായ ഡോ. ബിയാട്രിക്സ് അലക്സിസ് പ്രയത്നത്തെ അതീവ ശാസ്ത്രീയമായ സമീപനത്തോടെ ഏറ്റെടുത്തിരിക്കുന്നു.

നോവൽ അരനൂറ്റാണ്ട്എന്ന കൃതി മലയാള  ആധൂനിക നോവലിന്റെ  വികാസ പരിണാമങ്ങൾ  വ്യക്തമാക്കുന്നു.   ആധുനികതയിൽ നിന്ന്  ഉത്തരാധുനിക പരീക്ഷണങ്ങളിലേക്കും മലയാള നോവൽ സഞ്ചരിച്ച വഴികളെ ഗ്രന്ഥകർത്താവ് സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. ഇതിലൂടെ വായനക്കാരന് ഒരു കാലഘട്ടത്തിന്റെ ചിന്താഗതികളും മൂല്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു. വയലാർ അവാർഡ് നേടിയ  24 നോവലുകളെയും  നോവലിസ്റ്റുകളെയും കുറിച്ചുള്ള പഠനമാണ്  ഇതിലുള്ളത് . ലളിതാംബിക അന്തർജനത്തിന്റെ  അഗ്നിസാക്ഷി മുതൽ സന്തോഷ് കുമാറിൻറെ    തപോമയിയുടെ  അച്ഛൻ  എന്ന നോവൽ  വരെ ഇവിടെ പഠന വിധേയമാക്കിയിട്ടുണ്ട് . .ഭാരതത്തിലെ  എല്ലാ വിഭാഗം ജനങ്ങളുടെ സാമൂഹികവും ചരിത്രപരവും  സാംസ്കാരികവും  ഗ്രാമീണവുമായ  പരിതഃസ്ഥിതികളെ  മനസിലാക്കാൻ  പഠനം ഉപകരിക്കും

ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത അതിന്റെ സമതുലിതമായ നിരൂപണശൈലിയാണ്. അനുകൂലതയോ പ്രതികൂലതയോ മാത്രം മുന്നിൽവച്ച് ഒരു കൃതിയെ വിലയിരുത്താതെ, സാഹിത്യത്തെ അതിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ കാണാനുള്ള ശ്രമമാണ് ഇവിടെ കാണുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരു പഠനഗ്രന്ഥം മാത്രമല്ല; മലയാള സാഹിത്യചരിത്രത്തിന്റെ ഒരു സാക്ഷ്യപത്രവുമാണ്.

ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗ്രന്ഥം വിലമതിക്കാനാവാത്ത ഒരു അവലംബമായി മാറും. പ്രത്യേകിച്ച് സാഹിത്യപഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന പുതുതലമുറയ്ക്ക്, മലയാള നോവലിന്റെ സമഗ്രരൂപം മനസ്സിലാക്കാൻ കൃതി ഒരു വഴികാട്ടിയായി പ്രവർത്തിക്കും എന്നത് ഉറപ്പാണ്.

ഇത്തരം ഗൗരവമേറിയ ഒരു കൃതിയെ സൃഷ്ടിച്ച ഡോ. ബിയാട്രിക്സ് അലക്സിസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. അവരുടെ ഗവേഷണാത്മക ചിന്തയും സാഹിത്യസ്നേഹവും മലയാളഭാഷയ്ക്ക് വലിയൊരു സമ്പത്താണ് . ബ്രഹത്തായ ഗ്രന്ഥം  പ്രസിദ്ധീകരിച്ച  രചന പുബ്ലിക്കേഷനും  അതിന്റെ ചെയർമാൻ  കെ ഭാസ്കരൻ സാറും  അഭിനന്ദനം അർഹിക്കുന്നു . 

അഗ്നിസാക്ഷി  ഒരു നമ്പൂതിരി  ഇല്ലത്തിൽ  നടക്കുന്ന കഥയാണെങ്കിലും  അത്  വളർന്ന വികസിച്ചു  ഭാരതത്തിന്റെ കഥയായി മാറുന്നു .മഹാഭാരതത്തെ  ആസ്പദമാക്കി  രചിച്ച കൃതിയാണ്  പി. കെ  ബാലകൃഷ്ണൻറെ  " ഇനി ഞാൻ ഉറങ്ങട്ടെ " എന്ന നോവൽ .മലയാറ്റൂരിന്റെ  യന്ത്രം  എന്ന നോവൽ  കേരളത്തിന്റെ  സാമൂഹ്യവും  രാഷ്ടീയവും  സാംസ്കാരികവുമായ  അവസ്ഥയെ  അനുവാചകരുടെ  മുന്നിൽ തുറന്നു  കാട്ടുന്നു . കേരളത്തിലെ  നായർ തറവാടുകളിലെ  പതനത്തിന്റെ  കഥയാണ്  തകഴി  കയറിന്റെ ആദ്യഭാഗത്ത് വിവരിക്കുന്നത് . ഭാരതീയ  നോവലുകളിൽ  തന്നെ  ഏറ്റവും  ബ്രഹത്തായ  കൃതിയാണ്  വിലാസിനിയുടെ  അവകാശികൾ .മനുഷ്യനും മനുഷ്യനും തമ്മിലും  മനുഷ്യനും  പ്രകൃതിയും  തമ്മിലുള്ള  ലയം അതിമനോഹരമായി  അവകാശികളിൽ  ചിത്രീകരിക്കുന്നു .

എം .ടി  വാസുദേവൻ നായർ  " രണ്ടാമൂഴത്തിൽ  ഇതിഹാസ വിഷയത്തിന്  യോജിച്ച വിധം  ഭാഷയുടെ ഗൗരവം  വരുത്തിയിരിക്കുന്നു .സി  രാധാകൃഷ്ണന്റെ " മുൻപേ പറക്കുന്ന  പക്ഷികൾ  എന്ന നോവൽ  സഹോദരി സഹോദരന്മാരായ  അർജുനൻ അനുരാധ  എന്നീ  യുവ വിപ്ലവ കാരികളുടെ  ത്യാഗത്തിന്റെ  കഥ പറയുന്നു . ഇത്   നക്സൽ ബാരി കഥ മാത്രമല്ല  അടിച്ചമർത്തലിന്റെ  കഥ കൂടിയാണ് . , വി വിജയൻറെ ": ഗുരു സാഗരം " എന്ന നോവൽ  ഒരു  വ്യക്തി അനുഭവിക്കുന്ന  മഹാ ദുരന്തത്തിന്റെ  കഥയാണ് , ബംഗ്ളാദേശ്ശ്  യുദ്ധവും  അഭയാർത്ഥി  പ്രവാഹവും  മനുഷ്യന് ഉളവാക്കിയ അവസ്ഥകളുമാണ്  അനാവരണം ചെയ്യുന്നത് .

ആൾകൂട്ടത്തിൽ  വീർപ്പുമുട്ടുന്ന  വ്യക്തി ജീവിതത്തിന്റ വികലതകൾ  ആവിഷ്കരിച്ചു കൊണ്ടാണ്  ആനന്ദ്  പ്രത്യക്ഷപ്പെടുന്നത് .മഹനീയമായ മനുഷ്യാവസ്ഥയുടെ  അസ്വാസ്ഥ്യം  അതി   തീവൃതയോടെ വെളിപ്പെടുത്തുന്ന  നോവലാണ്  "മരുഭൂമികൾ  ഉണ്ടാകുന്നത് " എന്ന കൃതി ,  കെ  സുരേന്ദ്രന്റെ  ""ഗുരു " എന്ന നോവൽ  മാനവ രാശിയുടെ   ആത്മീകമായ പുരോഗതിക്കു വേണ്ടി   ജീവിതം അർപ്പിച്ച  ശ്രി നാരായണ ഗുരുവിനെയാണ്  ഇവിടെ  അവതരിപ്പിക്കുന്നത് .പെരുമ്പടവം  ശ്രീധരൻ  കഥാപാത്രങ്ങളുടെ മനസ്സിനെ  സൂക്ഷമമായി  നിരീക്ഷണം  നടത്തുന്നു  ഒരു സങ്കീർത്തനം പോലെ എന്ന നോവലിൽ  ഫ്രോയിഡിന്റെ വഴികാട്ടിയായ  ദസ്തത്തെവിസ്കിയുടെ  വ്യക്തി ജീവിതം  അനന്യ സാധാരണമായ രചനയോപാടവത്തോടെ  അവരരിപ്പിക്കുന്നു

ഒരു നാടിന്റെയും  നാട്ടുകാരുടെയും  കഥ പറയുന്ന  കോവിലൻ  ജീവൻ തുടിച്ചു നിൽക്കുന്ന  സുന്ദര മുഹൃതങ്ങളാണ്  തട്ടകം എന്ന  നോവലിൽ  ചിത്രീകരിക്കുന്നതു . മിത്തുകളുടെ പൂർത്തീകരണമാണ്  തട്ടകം എം ,മുകുന്ദന്റെ " കേശവന്റെ  വിലാപങ്ങൾ എന്ന നോവൽ  ,എം ,എസ്  നെ കുറിച്ചുള്ളതാണ് . ഒരു കാലഘട്ടത്തിൽ നാളെയുടെ  നന്മക്കും  സമത്വം സ്വാതന്ത്യം  എന്നിവക്ക് വേണ്ടി  പ്രവർത്തിച്ച  പുരോഗമന  പ്രസ്ഥാനത്തിന്റെ  ഇന്നത്തെ  ശോച്യാവസ്ഥ  വിവരിക്കുന്ന  നോവലാണ് കേശവന്റെ വിലാപങ്ങൾ

നാഗരികതയുടെ  വെള്ളപ്പൊക്കത്തിൽ  മുങ്ങിത്താഴാൻ തുടങ്ങുന്ന  കൊക്കാഞ്ചെറ  എന്ന  ഗ്രാമത്തിന്റെ  കഥയാണ്  സാറാജോസഫിന്റെ  അലാഹയുടെ പെണ്മക്കൾ  എന്ന നോവൽ . വിശ്വാസങ്ങളിലും ആചാരങ്ങളിലും  വേരൂന്നിയിരിക്കുന്ന  ഗ്രാമമെന്ന സംസ്ക്കാരത്തിന്റെ  അനി  വാര്യമായ ദുരന്തം  ആനി എന്ന കഥാ പാത്രത്തിലൂടെ  അവതരിപ്പിക്കുന്നു '

പ്രീയംവദ എന്ന അമ്മയുടെയും  നീതു എന്ന മകളുടെയും  ജീവിത അനേഷണത്തിന്റെയും  കഥയാണ്  സേതുവിൻറെ  അടയാളങ്ങൾ  എന്ന നോവൽ , ഇരുട്ടിനെയും  രാത്രിയെയും മഴയെയും ഭയക്കുന്ന  നീതുവിനെ  അവതരിപ്പിച്ചുകൊണ്ടാണ്  അടയാളങ്ങൾ എന്ന നോവൽ ആരംഭിക്കുന്നത് .

മുക്കുവ ജീവിതവും ഔദ്ദ്യോഗീക  ജീവിതവും ആണ്  കെ പി രാമനുണ്ണിയുടെ  ജീവിതത്തിന്റെ പുസ്തകം  എന്ന നോവലിൽ  ചിത്രീകരിച്ചിരിക്കുന്നത് .. ജോഷി ജോസപ്ഫ്  എന്ന സംവിധായകന്റെ  വൺ  ഡേ  ഫ്രം  ഹാങ്ങ്മാൻസ്  ലൈഫ്  എന്ന  ഡോക്യൂമെന്ററിയിൽ  നിന്നാണ്   കെ കെ മീരയുടെ  ആരാച്ചാർ എന്ന നോവലിന്റെ  തുടക്കം . സ്ത്രീകൾക്ക്  ചെയ്യാൻ  സാധിക്കാത്തതായി  ഒന്നുമില്ല  എന്ന തത്വം ഇവിടെ  വ്യക്തമാകുന്നു . ഇന്ത്യയുടെ  സമകാലിക  ജീവിതം  വെളിപ്പെടുത്തുന്ന  നോവലാണ് ആരാച്ചാർ .  ആരാച്ചാരുടെ കുടുംബത്തിൽ നിന്ന്  ആകസ്മികമായി  ആരാച്ചാരാകാൻ  നീയിഗിക്കപെട്ട  മല്ലിക്ക്  എന്ന സുന്ദരിയായ  യുവതിയുടെ  ജീവിതത്തിൽ ഉണ്ടാകുന്ന  സംഭവ പാരമ്പരകളാണ്  ആരാച്ചാർ എന്ന നോവലിൽ  അനാവരണം ചെയ്യുന്നത് . ശ്രി  സുഭാഷ്  ചന്ദ്രന്റെ  ആദ്യ നോവലാണ്  മനുഷ്യന്  ഒരാമുഖം .  ഇനി ഒരിക്കലും തിരിച്ചു വരാത്ത ദൃശ്യ ഭംഗിയും  നാദവിസ്മയകളും  മനുഷ്യബന്ധങ്ങളും  നഷ്ടസ്മൃതിയായി മനസ്സിൽ  സൂക്ഷിക്കുന്ന  ഒരു ദേശത്തിനു  യു .കെ കുമാരന്റെ സമർപ്പണമാണ്  തക്ഷൻകുന്നു സ്വരൂപം  എന്ന  നോവൽ .

ബുദ്ധമതക്കാരായ    സിംഹളർ  അഹിംസ ഉപേക്ഷിച്ച് ആയിരകണക്കിന്  തമിഴ്  ഹിന്ദുക്കളെയും  മുസ്ലീങ്ങളെയും  കൊന്നൊടുക്കുകയോ  അഭ്യാർത്ഥികളാകുകയോ  ചെയ്യുന്നത്." സുഗന്ധി " എന്ന നോവലിൽ ടി.ഡി രാമകൃഷ്ണൻ  അവതരിപ്പിക്കുന്നു . പുന്നപ്ര -വയലാർ  സമരങ്ങളുടെ പാശ്ചാത്തലത്തിൽ  സമകാലിക കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട്  കെ സി മോഹൻകുമാർ  രചിച്ച  നോവലാണ്  " ഉഷ്ണരാശി "

സകല ഈശ്വരന്മാർക്കും  ബദലായി നിൽക്കുന്നവനാണ്  "നിരീശ്വൻ " എന്ന്  വി ജെ ജെയിംസ്  നീരീശ്വൻ  എന്ന നോവലിൽ പറയുന്നു . കേരളത്തിന്റെ   ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ  പ്ഫരിണാമങ്ങളെ  പശ്ചാത്തലമാക്കി ആധിപത്യ ശക്തിക്കെതിരെ  പൊരുതിയ  പച്ചമനുഷ്യരുടെ  ജീവിത  സംഘർഷങ്ങളെ  സൂക്ഷമായി  ആഖ്യാനം ചെയ്ത  നോവലാണ്   അശോകൻ ചരുവിലിന്റെ  കാട്ടൂർ കാടവ് .

നാടും വീടും നഷടപെട്ടു  കൊടും ദുരിതം അനുഭവിക്കേണ്ടി വരുന്ന നിസഹായരായ അഭയാർഥികളുടെ  ജീവിതം  കൃത്യമായി  ആവിഷ്കരിക്കുന്ന നോവലാണ്  സന്തോഷ കുമാറിന്റെ " തപോമയിയുടെ  അച്ഛൻ  എന്ന നോവൽ .

ഡോ. ബിയാട്രിക്സ് അലക്സിസ് ഗ്രന്ഥത്തിലൂടെ മലയാള നോവലിന്റെ യാത്രയെ ശാസ്ത്രീയമായും, അതേസമയം സാംസ്കാരികമായും ആഴത്തിൽ പരിശോധിച്ചിരിക്കുന്നു. നോവൽ എന്ന സാഹിത്യരൂപം എങ്ങനെ കാലത്തിനൊപ്പം മാറി, സമൂഹത്തിന്റെ നാഡികളെ എങ്ങനെ സ്പർശിച്ചു, മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ എങ്ങനെ പ്രതിഫലിപ്പിച്ചു എന്നതിനെ പുസ്തകം സൂക്ഷ്മമായി അവതരിപ്പിക്കുന്നു.

 

കെ  ഭാസ്ക്കരൻ  

ചെയർമാൻ , രചന പബ്ലിക്കേഷൻസ്

No comments: