*ജലം അമൂല്യം*
പോൾ രാജ് പൂയപ്പള്ളി
മാർച്ച് 22 ലോക ജലദിനമാണ്. ശുദ്ധജലത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അറിവ് പകരാനും കൂടുതൽ അറിവ് നേടാനും ബോധവൽക്കരണം നടത്താനും ഈ ദിനം പ്രയോജനപ്പെടുത്താവുന്നതാണ്. ജലം അമൂല്യമാണ്. വെള്ളവും വായുവുമാണ് ജീവൻ്റെ സ്പന്ദനത്തിന് പ്രാഥമികമായി വേണ്ടത്. അവിടം മുതൽ ജീവിതാവസാനം വരെ വെള്ളം ജീവജാലങ്ങൾക്ക് അവശ്യവസ്തുവാണ്. അതുകൊണ്ടാണ് കേവലം ഉപഭോഗത്തിനപ്പുറം ജീവൻ്റെ പ്രഥമ ഉപാധിയായി ജലം പരിഗണിക്കപ്പെടുന്നത്. ഒരു തുള്ളി വെള്ളമായാലും അത് കരുതലോടെ ഉപയോഗപ്രദമാക്കാൻ നാം ശീലിക്കണം. മഴക്കാലത്തുപോലും ജലം പാഴാക്കരുത്. അമിതമായ ഉപയോഗം സഹജീവികളുടെ ഉപഭോഗത്തെ ബാധിക്കുവാൻ കാരണമാകരുത്.
44 നദികളും അതിൻ്റെ മൂന്നിരട്ടി ഉപനദികളും ആയിരത്തോളം പോഷകനദികളും പതിനായിരത്തോളം ചെറുകനാലുകളും ലക്ഷോപലക്ഷം കിണറുകളും അതോടൊപ്പം കുളങ്ങളും ഉള്ള കേരളമെന്ന ഈ മനോഹര നാട്ടിൽ ജലക്ഷാമമുണ്ടെന്നു കേട്ടാൽ അത് ആർക്കും അവിശ്വസനീയമായി തോന്നാം. മഞ്ഞണിഞ്ഞ മലർക്കാടുകളും മരതക പച്ച വിരിച്ച കുന്നുകളും കതിർ ചൂടിയ പാടങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. ഒരു വശത്ത് സഹ്യാദ്രിസാനുക്കളും മറുവശത്ത് സാഗര തിരകളും അവയെ ബന്ധിപ്പിച്ചു കൊണ്ടൊഴുകുന്ന കല്ലോലിനികളുമുള്ള നാട്! വേനൽക്കാലത്ത് നദികളിൽ നല്ലൊരു ഭാഗം വറ്റിവരണ്ട് ശോഷിച്ച് പലയിടത്തും ചെറു നീർച്ചാലുകളായി പരിണമിക്കുന്നു. മഴക്കാലമാകുമ്പോൾ പൂർവ്വാധികം ശക്തിയോടെ പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും ഉഗ്രരൂപം പൂണ്ട് വ്യാപകമായ കെടുതികൾ സൃഷ്ടിക്കുക യും ചെയ്യുന്നു. വർഷം തോറും സംഭവിക്കുന്ന ജലക്ഷാമം ഒരു യാഥാർത്ഥ്യമാണ് എന്നതുപോലെ പ്രളയക്കെടുതികളും യാഥാർത്ഥ്യമായി നമ്മുടെ മുമ്പിലുണ്ട്.
കുടിവെള്ള പദ്ധതികൾ ശുദ്ധജല ലഭ്യതയുടെ കാര്യത്തിൽ ഏറെ പ്രയോജനകരമാണ് എന്ന കാര്യത്തിൽ തർക്കമില്ല.നമ്മുടെ വയലേലകൾ തണ്ണീർത്തടങ്ങളാണ്. എന്നാൽ യാതൊരു തത്വദീക്ഷയുമില്ലാതെ മണ്ണിട്ടു നികത്തി കോൺക്രീറ്റ് സൗധങ്ങൾ ഉയർത്തുമ്പോൾ നാം നമുക്കെതിരെ മാത്രമല്ല ഭാവി തലമുറയ്ക്കെതിരെയും കൊമ്പുകോർക്കുകയാണെന്ന സത്യം മനസ്സിലാക്കുന്നില്ല. ജല സംരക്ഷണം ഉറപ്പാക്കാൻ മാനവരാശി ശ്രമിച്ചില്ലെങ്കിൽ ഇനിയുണ്ടാകാവുന്ന മഹായുദ്ധങ്ങളിൽ പലതും കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന് ഊഹിക്കുവാൻ നാം നിർബന്ധിതരാകും.
ജലസേചന പദ്ധതികളും ജലവൈദ്യുത പദ്ധതികളും കേരളത്തിലുണ്ട്. ജലവിതരണം സുഗമമാക്കുവാൻ ഇതു മൂലം കഴിയുന്നു.വെളിച്ചം പകരാനും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും ജലവൈദ്യുത പദ്ധതികൾ ഉപകരിക്കുന്നു. ശുദ്ധജല സ്രോതസ്സുകൾ കണ്ടെത്തുകയും അനിവാര്യമായ സ്ഥലങ്ങളിൽ ജല ലഭ്യത ഉറപ്പാക്കുവാനുമുള്ള പ്രവർത്തനങ്ങൾ തുടരുകയും വേണം. ജലചൂഷണം ഒരു രീതിയിലും അനുവദിച്ചുകൂടാ. ജലചൂഷണത്തിനെതിരെ ജാഗ്രത പാലിക്കുവാനുള്ള സർക്കാർ ശ്രമങ്ങൾ ശ്ലാഘനീയമാണ്.
ജലചൂഷണം തടയേണ്ടത് സർക്കാരിൻ്റെ മാത്രം ഉത്തരവാദിത്വമല്ല. എല്ലാ മനുഷ്യർക്കും അവരുടെതായി കടമകളുണ്ട്. പ്രകൃതിയെ സംരക്ഷിക്കുവാൻ നമ്മളെല്ലാം കടപ്പെട്ടവരാണ്. അവകാശങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ കടമകളേക്കുറിച്ചും നാം ഓർക്കേണ്ടതാണ്. ഭരണഘടന അനുശാസിക്കുന്ന പ്രകൃതിസംരക്ഷണമെന്ന മൗലിക കടമ നിറവേറ്റാൻ ഓരോ പൗരനും ബാദ്ധ്യതയുണ്ട്. അതിനായി സർക്കാരിനൊപ്പം ജനങ്ങളും ജാഗ്രത പാലിക്കണം.
No comments:
Post a Comment