വയോജനങ്ങളുടെ ദുരവസ്ഥ
പ്രൊഫ്. ജോൺ കുരാക്കാർ
ജീവിതത്തോടൊപ്പം ആരംഭിച്ച് ജീവിതചക്രം മുഴുവൻ തുടരുന്ന ഒരു പ്രക്രിയയാണ് വാർദ്ധക്യം.. പ്രായമായവർ അഥവാ വയോജനങ്ങൾ ആയ വ്യക്തികൾ മനുഷ്യരുടെ ശരാശരി ആയുസിനോട് അടുത്തെത്തിയവരാണ്. എല്ലാ സമൂഹങ്ങളിലും വാർദ്ധക്യത്തിന്റെ പ്രായ പരിധി ഒരേ പോലെ അല്ലാത്തതിനാൽ ആയതു കൃത്യമായി നിർവചിക്കാനാവില്ല. ഇന്ത്യൻ നിയമപ്രകാരം അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യൻ പൗരനായ ഒരാളെ ഒരു മുതിർന്നപൗരൻ എന്നാണ് അർത്ഥമാക്കുന്നത്.
പരമ്പരാഗത ഇന്ത്യൻ സംസ്കാരത്തിലും സാമൂഹ്യക്രമങ്ങളിലും കുടുംബങ്ങൾക്ക് നൽകിയിരുന്ന സാമൂഹ്യസുരക്ഷാ സമ്പ്രദായം പ്രാധാന്യമർഹിക്കുന്നതാണ്. മുതിർന്നവർ അവരുടെ കുടുംബത്തിലും അയൽക്കാരുടെ ഇടയിലും സമൂഹത്തിലും ആദരിക്കപ്പെട്ടിരുന്നു. എന്നാൽ അണുകുടുംബങ്ങളുടെ ആവിർഭാവത്തോടെ ഈ സംവിധാനം ഏകദേശം പൂർണമായും ഇല്ലാതാകുകയും മുതിർന്നവരെ പരിപാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ദുർബലമാവുകയും ചെയ്തു. വളരെയധികം ചെറുപ്പക്കാർ ഉപജീവനത്തിനുള്ള തൊഴിലിനായി മറ്റു ദേശങ്ങളിലേക്കു (പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേയ്ക്ക്) പോയിരിക്കുന്നു എന്ന വസ്തുത മുതിർന്നവരുടെ ഒറ്റപ്പെടലിനു കൂടുതൽ ഉൗന്നൽ നൽകി. കൂടാതെ, പരമ്പരാഗതമായി കുടുംബത്തിനെ പരിചരിച്ചുപോന്നിരുന്ന പല സ്ത്രീകളും ഇപ്പോൾ പുറത്തു പോയി ജോലി ചെയ്യുന്നതിനാൽ വയോജന പരിപാലനവും പുറംജോലിയും സംയോജിപ്പിക്കേണ്ടിവരുന്നു.2011 ലെ ജനസംഖ്യാ സെൻസസ് അനുസരിച്ച് ഏതാണ്ട് 10.4 കോടി വൃദ്ധർ (60 വയസ്സിനു മേൽ പ്രായമുള്ളവർ) ഇന്ത്യയിൽ ഉണ്ട്; 5.3 കോടി സ്ത്രീകളും 5.1 കോടി പുരുഷന്മാരും. കാലാകാലങ്ങളിൽ പ്രായമായവരുടെ എണ്ണം വർധിച്ചുവരികയാണ്. 1961-ൽ 5.6 ശതമാനം ആയിരുന്നത് 2011-ൽ 8.6 ശതമാനം ആയി വർദ്ധിച്ചു. പുരുഷന്മാരിൽ ഇത് 8.2 ശതമാനവും സ്ത്രീകളുടേത് 9.0 ശതമാനവുമാണ്. ഗ്രാമീണ നഗര പ്രദേശങ്ങളിതാരതമ്യപ്പെടുത്തുമ്പോൾ 71 ശതമാനം പ്രായമായ ജനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ബാക്കി 29 ശതമാനം നഗരപ്രദേശങ്ങളിലാണ്. 2009-13 കാലയളവിൽ പുരുഷന്മാരുടെ ആയുർദൈർഘ്യം 65.8 ഉം സ്ത്രീകളിൽ 69.3 ഉം വയസ്സായിരുന്നു. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെക്കാൾ വേഗത്തിലാണ് കേരളത്തിലെ വയോജനങ്ങളുടെ വളർച്ച. 60 വയസിനു മുകളിലുള്ള ജനസംഖ്യ 1961 ൽ 5.1 ശതമാനമായിരുന്നപ്പോൾ ദേശീയ ശരാശരി 5.6 ശതമാനം ആയിരുന്നു. 1980 മുതൽ കേരളം മറ്റുപ്രദേശങ്ങളെ പിന്നിലാക്കി ബാക്കിയുള്ളത് 2001 ൽ ഇത് താരതമ്യേന 10.5 ശതമാനവും 7.5 ഉം ആയിരുന്നത്. 2011 ആകുമ്പോഴേക്കും ജനസംഖ്യയിൽ ഏകദേശം 13 ശതമാനം പേർ 60 വയസ്സ് കഴിഞ്ഞവരായിരിക്കും. കേരളത്തിലെ പ്രായമായ ജനസംഖ്യാവളർച്ച 2.3 ശതമാനം നിരക്കിലെന്നു ഒരു പഠനറിപ്പോർട്ടിൽ (സെന്റർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസ്, 2013, "കേരളത്തിൽ പ്രായമാകലിനെ സംബന്ധിച്ചുള്ള ഒരു സർവ്വേ") പറയുന്നു. 70 അല്ലെങ്കിൽ 80 വയസ്സിന് മുകളിലുള്ള പ്രായമായവരുടെ വളർച്ചയാണ് ഏറ്റവും കൂടുതൽ. നിലവിൽ കേരളത്തിലെ 42 ലക്ഷം ആളുകൾ 60 വയസ്സിനു മുകളിലാണുള്ളത്. ഇതിൽ 13 ശതമാനം വേഗത്തിൽ വളരുന്ന 80 വയസും അതിനുമുകളിലുള്ളവരുമാണ്. അറുപതു വയസിനു മുകളിലുള്ള സ്ത്രീപുരുഷന്മാരിൽ കൂടുതലും സ്ത്രീകളാണ്. അവരിൽ ഭൂരിഭാഗവും വിധവകളാണ്. കേരളമാണ് ഏറ്റവും ഉയർന്ന ആയുർദൈർഖ്യമുള്ള സംസ്ഥാനം.
വാർദ്ധക്യം ബാധിക്കാത്ത ആരുമുണ്ടാവില്ല. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും സ്വാഭാവികമായി നിർണയിക്കപ്പെട്ട ചക്രം പിന്തുടരുന്നു. അത് ഒരാളെ കൗമാരപ്രായം, യൗവനം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെ കൊണ്ട് പോകുന്നു. ഓരോ ഘട്ടത്തിനും അതിന്റേതായ ശക്തിയും ഉത്തരവാദിത്തങ്ങളും പ്രശ്നങ്ങളും ഉണ്ട്. സാധാരണഗതിയിൽ പ്രായത്തിന്റെ പുരോഗതിയോടെ മുഴുവൻ രംഗവും ഒരു വലിയ മാറ്റത്തിന് വിധേയമാകുന്നു. ഉത്തരവാദിത്തങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റംചെയ്യപ്പെടുകയും കഴിവുകൾ സാവധാനത്തിൽ മങ്ങുകയും ഫലപ്രദത്വത്തെ തടസ്സപ്പെടുത്തുന്ന സങ്കീർണ പ്രശ്നങ്ങളുമായി ക്രമേണ നയിക്കപ്പെടുന്നു. ഈ പ്രശ്നങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. ഇന്ത്യയിലെ മികച്ച ആരോഗ്യ പരിപാലന സംവിധാനമുള്ള സംസ്ഥാനമായി കേരളം പരിഗണിക്കുന്നു. എന്നാൽ ഏറ്റവും രോഗാവസ്ഥയുള്ള സംസ്ഥാനവും കേരളമാണ്. ദേശീയ നയം മുതിർന്ന വ്യക്തികളുടെ സമ്പന്നമായ അനുഭവത്തെ തിരിച്ചറിയുകയും അവരെ പ്രധാനപ്പെട്ട മനുഷ്യവിഭവങ്ങൾ എന്ന നിലയിൽ പരിഗണിക്കുകയും അവരുടെ അവസാനകാലത്തിൽ അന്തസ്സായ ജീവിതം ഉറപ്പുവരുത്തുകയും ശാരീരികവും സാമ്പത്തികവുമായ സുരക്ഷ, ആരോഗ്യ സംരക്ഷണം, അഭയം എന്നിവ ഉറപ്പുവരുത്തുകയും സർക്കാർ ഉറച്ച തീരുമാനമെടുക്കേണ്ടവ അംഗീകരിക്കുകയും ചെയ്യുന്നു
രോഗപീഡകളും ഏകാന്തതയും വാർധക്യത്തിലെ സഹയാത്രികരാണ്. എത്രയോ സിനിമകൾക്കും കഥകൾക്കും നോവലുകൾക്കും പ്രമേയമായിട്ടുണ്ട് ഈ ദുരവസ്ഥ. കിഴവനും കടലും എന്ന ഹെമിങ്വേയുടെ വിഖ്യാതകൃതിയിലെ സാന്റിയാഗോ ഏകാന്തതയെ മറികടക്കുന്നത് കടലിനോട് പൊരുതിയാണ്. ‘മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല. ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കും. എന്നാൽ, അവനെ തോൽപ്പിക്കാനാകില്ല’ എന്ന നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന വാക്കുകൾ നാം കേൾക്കുന്നത് സാന്റിയാഗോ എന്ന വയോധികനിലൂടെ. മാർക്വേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’, ‘കേണലിന് ആരും എഴുതുന്നില്ല’ എന്നീ നോവലുകളിലും പ്രമേയം വാർധക്യംതന്നെ. മലയാളത്തിലാകട്ടെ പാറപ്പുറത്തിന്റെ അരനാഴിക നേരവും എം ടിയുടെ സ്വർഗം തുറക്കുന്ന സമയം എന്ന കഥയും ഒരു ചെറുപുഞ്ചിരി എന്ന തിരക്കഥയുമടക്കം എത്രയോ രചനകളും ഈ വിഷയത്തിന്റെ സാർവലൗകികത വിളിച്ചോതുന്നു.
ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനത്തിന് പ്രായമേറുകയാണെന്ന വസ്തുത തിരിച്ചറിഞ്ഞാണ് നിയമനിർമാണം. അഞ്ചുവർഷം കഴിയുമ്പോൾ സംസ്ഥാന ജനസംഖ്യയുടെ നാലിലൊന്നും വയോജനങ്ങളായിരിക്കും. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 12.6 ശതമാനം വയോജനങ്ങളായിരുന്നു. 2018ൽ ഇത് 23 ശതമാനമായി. 2030 ൽ ജനസംഖ്യയുടെ നാലിലൊന്നും പ്രായമായവരാകുമെന്നാണ് കണക്ക്. കരുതലും സംരക്ഷണവും ക്ഷേമവും ഔദാര്യമല്ല, വയോജനങ്ങളുടെ അവകാശമാണെന്ന ബോധ്യത്തിൽനിന്നാണ് എൽഡിഎഫ് സർക്കാർ ഇത്തരമൊരു നിയമനിർമാണത്തിന് മുൻകൈയെടുത്തത്.
പരിത്യജിക്കപ്പെട്ടതും അനാഥവുമായ വാർധക്യം പരിഷ്കൃതമായ ഒരു സമൂഹത്തിന് ഒരിക്കലും അലങ്കാരമല്ല. ജീവിതത്തിന്റെ അപരാഹ്നത്തിലും ശാരീരിക മാനസികാരോഗ്യമുള്ള ഊർജസ്വലരായ വയോജനതയ്ക്ക് കേരളംപോലുള്ള പുരോഗമന ചിന്തയ്ക്ക് വേരോട്ടമുള്ള സമൂഹത്തിന് വലിയ സംഭാവനകൾ ചെയ്യാനുണ്ട്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment