സ്വർണപ്പാളി
എങ്ങനെ ചെമ്പായി മാറി
ലക്ഷക്കണക്കിന് വിശ്വാസികളുടെ അഭയസ്ഥാനമാണ് ശബരിമല ക്ഷേത്രം .ജനങ്ങളുടെ സ്വർണ്ണ വിശ്വാസ്യതയാണ് ഇവിടെ ചെമ്പായി മാറിയത്.ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിനുമുന്നിലുള്ള ദ്വാരപാലകശില്പങ്ങളുടെ സ്വർണംപൂശൽ വിവാദമായി വളർന്നിരിക്കുന്നു.ഇ ശില്പങ്ങളിലെ മേൽപ്പാളി പലവട്ടം സ്വർണംപൂശാനെന്നു പറഞ്ഞ് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയതിലെ ചട്ടലംഘനങ്ങൾ, പാളികൾ സ്വർണമോ ചെമ്പോ എന്നതിലെ വ്യക്തതയില്ലായ്മ, പൂശിയെന്നുപറയുന്ന സ്വർണത്തിൽ പലഘട്ടങ്ങളിൽ രേഖപ്പെടുത്തിയ വ്യത്യസ്തമായ തൂക്കം എന്നിവയെല്ലാം ഇനിയും കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. സ്പോൺസർ എന്നനിലയിൽ ഒരു ഇടനിലക്കാരൻ ബാഹ്യശക്തിയായി ഇവയിലെല്ലാം പ്രവർത്തിച്ചതിൽ ഉത്തരമില്ലാതെ ദേവസ്വം ബോർഡ് നിൽക്കുന്നു. വിഷയം പരിഗണിച്ച ഹൈക്കോടതിതന്നെ പലതരം സംശയങ്ങൾ ഉന്നയിച്ചു. ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പിന് വിരമിച്ച ന്യായാധിപനെ കോടതി നിയോഗിച്ചിരിക്കുന്നു. സ്വർണംപൂശൽ വിഷയം ദേവസ്വം വിജിലൻസും അന്വേഷിച്ചുവരുന്നു. പക്ഷേ, 1998 മുതലുള്ള വളരെ സങ്കീർണമായ പ്രശ്നങ്ങൾ ഇവർ അന്വേഷിച്ചാൽ കണ്ടെത്തുമോയെന്നതിൽ വ്യക്തതപോരാ. ക്രൈംബ്രാഞ്ച് അന്വേഷണം വന്നേക്കുമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന സൂചന. എത്രയും പെട്ടെന്നായാൽ അത്രയും നല്ലത്.
1998-ലാണ് വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിലും ദ്വാരപാലകശില്പങ്ങളും സ്വർണംപൂശിയത്. 2019 ജൂലായ് അഞ്ചിന് ഉണ്ണികൃഷ്ണൻപോറ്റി എന്നൊരാൾ ദ്വാരപാലകശില്പങ്ങളും അവയുടെ പീഠങ്ങളും സ്വർണംപൂശി നവീകരിക്കാമെന്ന് ബോർഡിനെ അറിയിക്കുന്നതോടെയാണ് ഇപ്പോൾ പുറത്തറിഞ്ഞ വിവാദങ്ങളുടെ തുടക്കം. അദ്ദേഹത്തിന് ബോർഡ് അനുമതിയും കൊടുത്തു. 20-ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പാളികൾ അഴിച്ചെടുത്ത് ഉണ്ണികൃഷ്ണൻ പോറ്റി അവ ചെന്നൈയ്ക്ക് കൊണ്ടുപോയി. പക്ഷേ, ബോർഡിന്റെ മേൽനോട്ടക്കാർ ആരും ഒപ്പമുണ്ടായില്ല. 39 ദിവസത്തിനുശേഷമാണത് ചെന്നൈയിൽ എത്തിയത്. സന്നിധാനത്തെ രജിസ്റ്റർ പറയുന്നത് പാളിക്ക് 42.8 കിലോഗ്രാം എന്നാണ്. ചെന്നൈയിൽ തൂക്കിയപ്പോൾ തൂക്കം 38.258 കിലോഗ്രാം. 4.541 കിലോഗ്രാമിന്റെ കുറവ്. സ്വർണം പൂശിക്കഴിഞ്ഞപ്പോൾ തൂക്കം 38.653 കിലോഗ്രാം. അപ്പോഴും 4.147 കിലോയുടെ കുറവുണ്ട്. പുതിയൊരു പാളി തയ്യാറാക്കി സ്വർണംപൂശി കൊടുക്കുകയായിരുന്നുവെന്ന് ചെന്നൈ സ്ഥാപനം പറയുന്നുണ്ട്. അപ്പോൾ ഇവിടെനിന്ന് കൊണ്ടുപോയ പഴയ പാളി എവിടെ എന്നതിന് ഉത്തരമില്ല. വിജയ് മല്യ 1998-ൽ സമർപ്പിച്ച സ്വർണംപൊതിഞ്ഞ പാളി നഷ്ടമായിരിക്കുന്നു എന്നുവേണം കരുതാൻ.
2025 സെപ്റ്റംബറിൽ ഇൗ പാളിയിൽ സ്വർണംപൂശാൻ ബോർഡ് തീരുമാനിച്ചു. സ്പോൺസർ പഴയ വ്യക്തിതന്നെ. ഏഴിന് പാളി അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇക്കുറി പക്ഷേ, ശബരിമലയിലെ ഹൈക്കോടതിയുടെ പ്രതിനിധിയായ സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഉണർന്നു പ്രവർത്തിച്ചു. തന്നെ അറിയിക്കാതെയാണ് ഇൗ പ്രവൃത്തിയെന്ന് അദ്ദേഹം കോടതിക്ക് റിപ്പോർട്ട് കൊടുത്തതോടെയാണ് അന്വേഷണവും കോളിളക്കവും ഉണ്ടാകുന്നത്. പാളിയുടെ തൂക്കവ്യത്യാസത്തിന് കാരണം പീഠം ഉൾപ്പെടാതെ വന്നതാണോയെന്ന് ചോദ്യം. ആണെന്നും അല്ലെന്നും ആരും വിശദമാക്കിയില്ല. പീഠം എവിടെയെന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. പീഠം തന്റെവീട്ടിൽ സൂക്ഷിക്കാൻ തന്നിരുന്നുവെന്നറിയിച്ച് വാസുദേവൻ എന്നയാൾ പോറ്റിയുടെ വീട്ടിലെത്തിച്ചു. ഉണ്ണികൃഷ്ണൻപോറ്റിയുടെ സഹായിയാണ് വാസുദേവൻ. പിന്നീടിത് പോറ്റിയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും അവിടെനിന്ന് വിജിലൻസ്, പീഠം കണ്ടെടുക്കുകയും ചെയ്തു.
ശബരിമലപോലൊരു ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ ഏതൊരു വസ്തുവും അതിന്റെ വിപണിവിലകൾക്കപ്പുറം അമൂല്യമാണെന്ന് നമുക്കറിയാം. അത് ബോർഡും സർക്കാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഉണ്ണികൃഷ്ണൻപോറ്റി എന്ന കൗശലക്കാരൻ മനസ്സിലാക്കി. ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി എന്ന വിശദീകരണം നൽകി അദ്ദേഹം
പ്രമുഖന്മാരടക്കമുള്ളവരെ ചേർത്ത് വിവിധയിടങ്ങളിൽ പൂജയും സ്വീകരണങ്ങളും സംഘടിപ്പിച്ചു. നവീകരണത്തിന് ലക്ഷങ്ങൾ പിരിവുവാങ്ങിച്ചു. ദേവസ്വം ബോർഡ് ഇവ കണ്ടില്ലെന്ന് നടിച്ചോ. അതോ അവർ അറിഞ്ഞിട്ടില്ലേ. വ്യക്തമാകേണ്ട കാര്യങ്ങളാണിവ.കൊടുത്തുവിട്ടതും കൊണ്ടുവന്നതും ഒരേ
ക്ഷേത്രവസ്തുവാണോ എന്ന് തിരിച്ചറിയാൻ അവയിൽ ഒരു മുദ്രയും ബോർഡ് ചാർത്തിയിരുന്നില്ല. പാളി 2019-ൽ മാറ്റിയോ, മാറ്റിയെങ്കിൽ പഴയ പാളി അതിന്റെ പാരമ്പര്യമൂല്യം മനസ്സിലാക്കി മടക്കിവാങ്ങിയോ, പുതിയ പാളിയെന്ന് പോറ്റി ബോർഡിനെ അറിയിച്ചിരുന്നുവോ, ഇവയ്ക്കെല്ലാം ഉണ്ണികൃഷ്ണൻപോറ്റിയെ നിശ്ചയിച്ചത് ഏത് മാനദണ്ഡപ്രകാരമാണ്? ഉത്തരം പറയാൻ ദേവസ്വം വകുപ്പിനും ബാധ്യതയുണ്ട്. സ്വർണ്ണപാളി എങ്ങനെ ചെമ്പായി മാറിയെന്ന് പറയേണ്ടത് സർക്കാരും ദേവസ്വം ബോർഡുമാണ് .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment