Pages

Friday, September 26, 2025

ജലജാഗ്രത അനിവാര്യം-----പ്രൊഫ്. ജോൺ കുരാക്കാർ

 

ജലജാഗ്രത  അനിവാര്യം

 

 അമീബിക് മസ്തിഷ്കജ്വരം ഒരു   ഭീഷണി ആയിരിക്കുകയാണ് . രോഗം ബാധിച്ച് സംസ്ഥാനത്ത് ആറുപേരാണു മരിച്ചത് .അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യമാണ് .മറ്റു മസ്തിഷ്കജ്വരങ്ങളിൽനിന്നു വേർതിരിച്ചറിയാനുള്ള പ്രയാസമാണ് അമീബിക് മസ്തിഷ്കജ്വരത്തിനു ചികിത്സ വൈകാൻ കാരണമാകുന്നത്. നിലവിൽ തിരുവനന്തപുരത്തെ ലാബിൽ മാത്രം ലഭ്യമായ പിസിആർ പരിശോധനാസൗകര്യം മധ്യകേരളത്തിലും മലബാർ മേഖലയിലും കൂടി ലഭ്യമാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. കുറ്റമറ്റ ജലജാഗ്രത പരമപ്രധാനമാണ്. കെട്ടിക്കിടക്കുന്നതോ ഒഴുക്കു കുറഞ്ഞതോ ആയ വെള്ളത്തിൽ മുങ്ങിക്കുളിക്കുകയോ ചാടിക്കുളിക്കുകയോ ചെയ്യുമ്പോൾ മൂക്കിലെ അരിപ്പ പോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി അമീബ തലച്ചോറിൽ എത്തിയേക്കാം. നേരിട്ടു തലച്ചോറിനെ ബാധിക്കുന്നതുകൊണ്ട് ആദ്യകാലത്ത് ഇതുബ്രെയിൻ ഈറ്റിങ് അമീബഎന്നാണറിയപ്പെട്ടിരുന്നത്. കെട്ടിക്കിടക്കുന്ന ഏതു വെള്ളത്തിലും അമീബ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

അമീബിക് മസ്തിഷ്കജ്വരം തുടർക്കഥയായിട്ടും ജലാശയങ്ങൾ ശുചീകരിക്കാൻ നടപടിയില്ല’.കുളങ്ങളിലും ജലാശയങ്ങളിലും മാത്രമല്ല,  നമ്മുടെ കിണറുകളിലും ടാപ്പ് വെള്ളത്തിലും വൃത്തിയാക്കാത്ത ടാങ്കുകളിലുമെല്ലാം അമീബയുടെ സാന്നിധ്യമുണ്ടാകാം. അതുകെ‍‍ാണ്ടുതന്നെ, നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യുന്നതുപോലെ, കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും ശുദ്ധീകരിക്കാനും അടിയന്തരപ്രാധാന്യത്തോടെ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനകം രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ വീടുകളിലെയും കെട്ടിടങ്ങളിലെയും മറ്റിടങ്ങളിലെയുമൊക്കെ കിണറുകളും ടാങ്കുകളും പതിവായി ശുദ്ധീകരിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. കുളങ്ങളിൽ മുങ്ങിക്കുളിക്കുമ്പോഴും നീന്തുമ്പോഴും മൂക്കിൽ വെള്ളം കയറാതിരിക്കാനുള്ള ജാഗ്രത പാലിക്കുകയുംവേണം. വെള്ളക്കെട്ടിൽ മുങ്ങിക്കുളിച്ചശേഷം പനിയോ ഛർദിയോ വന്നാൽ ഉടൻ ചികിത്സ തേടുന്നതു പ്രധാനമാണ്.

സംസ്ഥാനത്തു പിടിമുറുക്കുന്ന മസ്തിഷ്കജ്വരത്തിന്റെ കാരണമായി അമീബയുടെ പല വകഭേദങ്ങളുണ്ടെന്ന കണ്ടെത്തൽ ചികിത്സയിലും പ്രതിരോധത്തിലും ഏറെ നിർണായകമാണ്. ‘നൈഗ്ലേരിയ ഫൗളരിഎന്ന മാരകമായ, ഒറ്റയിനം അമീബയാണ് മുൻപു കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമായിരുന്നതെങ്കിൽ അടുത്തകാലത്തു റിപ്പോർട്ട് ചെയ്ത കേസുകളിൽ മറ്റു വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. തീവ്രത കുറഞ്ഞ വകഭേദങ്ങളാണ് ഭൂരിഭാഗം പേർക്കും റിപ്പോർട്ട് ചെയ്തത് എന്നത് ആശ്വാസകരമാണ്. പൊതുവേ ചൂടു കൂടിയ കാലാവസ്ഥയിൽ ജീവിക്കുന്നവയാണ് അമീബകൾ. ആഗോളതാപനം മൂലം നമ്മുടെ പരിസ്ഥിതിയിലുണ്ടായ മാറ്റം അമീബകൾക്കു വളരാനുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നു മനോരമ ചർച്ചയിൽ ഡോക്ടർമാർ ചൂണ്ടിക്കാട്ടുകയുണ്ടായി. അതായത്, ബഹുമുഖ വഴികളിലൂടെവേണം കേരളം സങ്കീർണ രോഗത്തിനെതിരെ പോരാടാൻ. കേരളം അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ പ്രതിരോധ മതിൽ ഉയർത്തേണ്ടതുണ്ട്.  ആരോഗ്യവകുപ്പും കേരളവും വലിയ ഭീഷണിയെ അതിജീവിക്കാൻ  തയാറാകണം .

 

പ്രൊഫ്. ജോൺ  കുരാക്കാർ

No comments: