ഇന്നു ഒക്ടോബര് 1- ലോക വയോജനദിനം;
പ്രൊഫ്, ജോൺ കുരാക്കാർ
വൃദ്ധജനങ്ങളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 1982ലാണ് വയോജന ദിനാഘോഷത്തിന് ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തത്. മുതിർന്ന പൗരർക്കായി ജീവിതത്തിന്റെയത്രയും വിലയുള്ള കടംവീട്ടലുകൾ ഇളംമുറയിൽനിന്ന് ഉണ്ടാവണമെന്നു സ്നേഹസൗമ്യതയോടെ വീണ്ടും ഓർമിപ്പിക്കുന്ന ദിവസം. വയോസൗഹൃദ സമൂഹത്തിലേക്കുള്ള യാത്രയിൽ എവിടെയെത്തിനിൽക്കുന്നു എന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഈ ദിനം കേരളത്തെ ഓർമിപ്പിക്കുന്നു. ജീവിതസായന്തനത്തിൽ ഒറ്റപ്പെട്ടുപോകുന്നവരിൽ ആത്മവിശ്വാസം ഉറപ്പാക്കി, ആനന്ദഭരിതവും ശാന്തവുമായ ജീവിതം സാധ്യമാക്കുന്നതിനു സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെങ്കിലും അതെത്രത്തോളം സാധ്യമാകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരംകൂടി അതിലുണ്ടാവണം.
2030ഓടെ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളുടെ ജനസംഖ്യയിൽ യുവാക്കളെക്കാളധികം പ്രായമായവരായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ലോകത്തിലെ പകുതിയോളം രാജ്യങ്ങളിലും മനുഷ്യരുടെ ആയുസ്സ് 75 വയസ്സിൽ കൂടുതലായിട്ടുണ്ട്. 1950കളെ അപേക്ഷിച്ച് 25 വർഷം കൂടുതൽ ജനങ്ങൾ ജീവിക്കുന്നു എന്നര്ത്ഥം. പ്രായമായവരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ അവർക്കുള്ള സാമൂഹിക പിന്തുണ നൽകുന്ന സംവിധാനങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്ന ആവശ്യം ഉയരുകയാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.
കേരളത്തിനു പ്രായമേറുകയാണ്. 2036 ആകുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അഞ്ചുപേരിൽ ഒരാൾ 60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്നു വ്യക്തമാക്കി, ഐക്യരാഷ്ട്രസംഘടന പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട് കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു. കേരളത്തിൽ മുതിർന്നവരുടെ ജനസംഖ്യ 22.8 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. മുതിർന്ന പൗരർക്കു സ്വച്ഛവും സ്വതന്ത്രവുമായ ഒരു ജീവിതമാണോ ഈ നാടും സമൂഹവും സമ്മാനിക്കുന്നത്? മലയാള മനോരമയിലെ ‘നല്ലപ്രായം’ പംക്തി ഈ ദിശയിൽ നടത്തിയ അന്വേഷണത്തിനു ലഭിച്ച മറുപടികളിൽ പ്രതീക്ഷകൾക്കൊപ്പം നിരാശയും സങ്കടവും കൂടി നിഴലിക്കുന്നുണ്ട്.
ഇന്നു കേരളീയ ഗൃഹങ്ങളിൽ ഏറ്റവും അരക്ഷിതർ വയോജനങ്ങളാണെന്ന കണ്ടെത്തൽ ഗൗരവമുള്ളതാണ്. പല കുടുംബങ്ങളിലും മാതാപിതാക്കൾ അവഗണിക്കപ്പെടുന്നു; പലപ്പോഴും അധിക്ഷേപിക്കപ്പെടുന്നു. ചിലപ്പോൾ ശാരീരികമായി ആക്രമിക്കപ്പെടുന്നു. മുതിർന്ന പൗരർക്കു നേരെയുള്ള അതിക്രമങ്ങൾ വീടുകളിൽ വർധിച്ചുവരുന്നുവെന്നു വ്യക്തമാക്കി, കഴിഞ്ഞ വർഷാവസാനം പുറത്തുവന്ന സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ റിപ്പോർട്ട് കേരളത്തിന്റെ സ്വസ്ഥത കെടുത്തുന്നതാണ്. സംസ്ഥാനത്തു വയോജനങ്ങൾക്കെതിരായ അതിക്രമങ്ങളിൽ 70% കേസുകളിലും പ്രതിസ്ഥാനത്തു മക്കളും മരുമക്കളുമാണെന്ന് ആ റിപ്പോർട്ട് വ്യക്തമാക്കുന്നു. എൽഡർ ലൈൻ എന്ന ദേശീയ ഹെൽപ്ലൈൻ നമ്പറിലേക്കു വിളിക്കുന്നവരുടെ പരാതികളിൽനിന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
മുതിർന്നവർക്കുള്ള ചികിത്സാസംവിധാനങ്ങൾ ദീർഘകാല പരിചരണം മുന്നിൽക്കണ്ടു പുനരാവിഷ്കരിക്കപ്പെടണമെന്ന് ‘നല്ലപ്രായ’ത്തിനു ലഭിച്ച നിർദേശം ഏറെ പ്രസക്തിയുള്ളതാണ്. വയോജന പരിചരണം ഗൃഹപരിചരണത്തിൽ കേന്ദ്രീകരിച്ചുള്ളതാകണം. ആശുപത്രി സന്ദർശനമില്ലാതെതന്നെ ചികിത്സയും ആരോഗ്യ, സാമൂഹിക സേവനങ്ങളും വീട്ടിലോ വീടിനു സമീപത്തോ ലഭ്യമാക്കുകയും വേണം. ഡിമൻഷ്യ, പക്ഷാഘാതം തുടങ്ങിയവ ബാധിച്ചവരുടെ പരിചരണം ഗൃഹകേന്ദ്രീകൃതമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചാൽ അതു നിലവിലുള്ള ആരോഗ്യസേവന സംവിധാനങ്ങളുടെ വിപുലീകരണത്തിലൂടെത്തന്നെ സാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുതിർന്ന പൗരരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച 2007ലെ നിയമമാണ് ഈ മേഖലയിൽ നമ്മുടെ രാജ്യത്തുണ്ടായ എടുത്തുപറയാവുന്ന മുന്നേറ്റം. സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത മുതിർന്ന പൗരർക്ക് ആവശ്യമായ സംരക്ഷണം മക്കളും ബന്ധുക്കളും നൽകണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. വയോധികരുടെ സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികളുണ്ടായിട്ടും ജീവിതസായാഹ്നത്തിൽ അനാഥത്വത്തിലേക്കും ഏകാന്തതയിലേക്കും നടന്നുപോകുന്നവരുടെ ദുർവിധി ഈ നാടിന്റെ ഉറക്കംകെടുത്താൻ പോന്നതാണ്. നൂതന ആശയങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി വയോജനക്ഷേമത്തിൽ വിദേശരാജ്യങ്ങൾ കൈവരിക്കുന്ന നേട്ടങ്ങൾ നാം മാതൃകയാക്കണമെന്ന ആവശ്യം പ്രസക്തംതന്നെ.
വയോജന സൗഹൃദം എന്ന ആശയം ഫലപ്രാപ്തിയിലെത്താൻ മറ്റുള്ളവരുടെ മനോഭാവത്തിൽ മാറ്റം അനിവാര്യമാണെന്നതിൽ സംശയമില്ല. ട്രെയിനിൽ ഇടിച്ചുകയറുമ്പോൾ അതേ കംപാർട്മെന്റിൽ കയറാൻനിൽക്കുന്ന വയോധികർ ആദ്യം കയറട്ടെ എന്ന സൗമനസ്യം നമ്മുടെ എത്ര ചെറുപ്പക്കാർക്കുണ്ടെന്ന ചോദ്യം ഇതോടുചേർത്ത് ഉദാഹരണമായി വയ്ക്കാവുന്നതാണ്. മുതിർന്ന പൗരർ നാടിന്റെ വിലപ്പെട്ട സ്വത്താണെന്നു തിരിച്ചറിഞ്ഞുള്ള കരുതലും സ്നേഹവുമാണ് അവർ അർഹിക്കുന്നത്. ജീവിതസായാഹ്നത്തിലെത്തിയവർക്കു ശാന്തിയും സുരക്ഷയും നൽകുന്നതോളം വലിയ കടംവീട്ടലില്ലെന്ന ബോധ്യം മനസ്സിലുണ്ടെങ്കിൽ വയോജന പരിപാലന മേഖലയിലൊരു കേരള മാതൃകതന്നെ നമുക്കു സൃഷ്ടിക്കാൻ കഴിയും.
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment