Pages

Tuesday, August 13, 2024

വയനാട് പുനരധിവാസത്തിനു കേന്ദ്ര കേരള സർക്കാരുകൾ ഒന്നിക്കണം-----പ്രൊഫ്. ജോൺ കുരാക്കാർ

 

വയനാട് പുനരധിവാസത്തിനു

കേന്ദ്ര കേരള  സർക്കാരുകൾ ഒന്നിക്കണം



വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ ഗ്രാമങ്ങളെ നാമാവശേഷമാക്കിയ ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് തയ്യാറാക്കി സംസ്ഥാന സർക്കാരും കേന്ദ്രത്തിന്റെ അനുകൂല തീരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു പകൽ നീണ്ടുനിന്ന ദുരന്തഭൂമി സന്ദർശനത്തിനൊടുവിൽ ജില്ലാകളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി വയനാടിന് പുനരധിവാസ പാക്കേജൊന്നും പ്രഖ്യാപിച്ചില്ല. ദുരന്തത്തിന്റെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശദ മെമ്മോറാണ്ടം സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വയനാടിന് എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും എത്ര പണം നൽകാനും തടസ്സമില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ ഉറപ്പാണ് കടുത്ത നിസ്സഹായതയ്ക്കിടയിലും ദുരന്തബാധിതർക്ക് ആശ്വാസമാകുന്നത്. ഉരുൾപൊട്ടൽ വരുത്തിവച്ച കൊടിയ നാശനഷ്ടങ്ങൾ ഏറെ സമയമെടുത്ത് നേരിൽക്കണ്ട പ്രധാനമന്ത്രിക്ക് കാര്യങ്ങൾ ആരും പറയാതെ തന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നുവേണം മനസ്സിലാക്കാൻ. ദുരന്തം അദ്ദേഹത്തിന്റെ മനസ്സിലുണ്ടാക്കിയ തീവ്രദുഃഖം വാക്കുകളിൽ പ്രകടമായിരുന്നു. ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളാണ് നിമിഷങ്ങൾകൊണ്ടു തകർന്നടിഞ്ഞതെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഏവരും പങ്കുവയ്ക്കുന്നതു തന്നെയാണ്. ഭീകരമായ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദൃശ്യങ്ങൾ പ്രധാനമന്ത്രിയെ വല്ലാതെ സ്പർശിച്ചു. ഉറ്റവരെ ഒന്നാകെ നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ചും സമാശ്വസിപ്പിച്ചും അദ്ദേഹം ദുരന്തം നാശംവിതച്ച ഇടങ്ങളിൽ കൂടുതൽ നേരം ചെലവഴിച്ചു. മരണത്തിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞവരെ ക്യാമ്പുകളിൽ ചെന്ന് സന്ദർശിച്ചു. പരിക്കുകളേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്കരികിലും പ്രധാനമന്ത്രി എത്തി. കുട്ടികളെ തലോടിയും ആശ്വാസവാക്കുകൾ പറഞ്ഞും ചികിത്സയിൽ കഴിയുന്നവർക്ക് ഭരണകൂടം ഒപ്പം തന്നെയുണ്ടെന്ന വിശ്വാസം പകർന്നു. ദുരിതബാധിതർക്ക് ആകാവുന്നത്ര മാനസിക പിന്തുണ നൽകാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദുരന്തത്തിന്റെ ആഴം പൂർണമായും പ്രതിഫലിപ്പിക്കുന്നതായി പ്രധാനമന്ത്രിയുടെ വാക്കുകൾ.ക്യാമ്പിലെയും ആശുപത്രിയിലെയും പ്രധാനമന്ത്രിയുടെ സന്ദർശനം ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിമാറി.പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ഉരുൾപൊട്ടലിലുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി എത്രയും വേഗം കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളേണ്ടത്. കളക്ടറേറ്റിലെ അവലോകന യോഗത്തിൽ പ്രധാനമന്ത്രി സഹായ പാക്കേജ് പ്രഖ്യാപിച്ചില്ലെന്നതിൽ നിരാശപ്പെടേണ്ടതില്ല. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ നിയമവും ചട്ടവുമൊക്കെ ഉള്ളതുകൊണ്ടാവാം സംസ്ഥാനത്തിന്റെ മെമ്മോറാണ്ടം ലഭിച്ചാലുടൻ വേണ്ട എല്ലാ സഹായവും നൽകാമെന്ന ഉറപ്പ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. പണം ഒന്നിനും തടസ്സമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയ നിലയ്ക്ക് വിശദ മെമ്മോറാണ്ടം തന്നെ തയ്യാറാക്കാൻ കഴിയണം. പുനരധിവാസത്തിന് രണ്ടായിരം കോടിയുടെ സഹായമാണ് ഇതിനകം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് യഥാർത്ഥത്തിൽ ആവശ്യമായ തുകയാകണമെന്നില്ല. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെയും എടുക്കാത്ത നിലയ്ക്ക് ഓരോ കുടുംബത്തിനുമുണ്ടായ നഷ്ടം വിലയിരുത്തി കണക്ക് തയ്യാറാക്കേണ്ടതുണ്ട്. സുരക്ഷിത സ്ഥലങ്ങൾ കണ്ടെത്തി പുതിയ പാർപ്പിടങ്ങൾ ഒരുക്കിവേണം പുനരധിവാസം സാദ്ധ്യമാക്കാൻ. വലിയ ചെലവ് വരുന്ന ഏർപ്പാടാണിത്. ഉടുതുണി മാത്രമായാണ് പലരും രക്ഷപ്പെട്ട് ക്യാമ്പുകളിലെത്തിയിട്ടുള്ളത്. വസ്തുവകകൾക്കുണ്ടായ നഷ്ടം വലിയ തോതിലുള്ളതാണ്.ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നവരെ വീടുകളിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലും ക്യാമ്പുകൾ തുടരാനാണ് തീരുമാനം. കാണാതായവരുടെ പട്ടികയിൽ ഇപ്പോഴും 133 പേരുണ്ട്. തെരച്ചിൽ അവസാനിച്ചിട്ടില്ല.

പുനരധിവാസമെന്ന വലിയ വെല്ലുവിളി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ശ്രമം അനിവാര്യമാണ്. പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരമുള്ള മെമ്മോറാണ്ടം കൃത്യതയോടെ തയ്യാറാക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും കേന്ദ്ര സഹായത്തിന്റെ തോത് നിശ്ചയിക്കുക. ഏറെ അവധാനതയോടെ നിർവഹിക്കേണ്ട ദൗത്യമാണിത്.

  പ്രൊഫ്. ജോൺ കുരാക്കാർ 

No comments: