Pages

Thursday, August 22, 2024

ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷയുണ്ടോ ? പ്രൊഫ്. ജോൺ കുരാക്കാർ

 

ഇന്ത്യയിൽ ആരോഗ്യപ്രവർ



ഇന്ത്യയിലെ ആശുപത്രികളിൽ  സുരക്ഷ അതീവ ദുർബലമാണ് . ഓരോ വർഷവും  ആരോഗ്യപ്രവർത്തകരിൽ സ്ത്രീകളുടെ എണ്ണം  കൂടി വരികയാണ്. പല മെഡിക്കൽ കോളേജുകളിലും വിദ്യാർത്ഥികളിൽ എഴുപത് ശതമാനമൊക്കെ പെൺകുട്ടികളാണ്. അതായത്, നാളത്തെ ഡോക്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കുമെന്ന് ഇപ്പോഴേ നമുക്കറിയാം. ആക്രമണ ഭയം കാരണം ഭാവിയിൽ തൊഴിൽ ഉപേക്ഷിച്ചു നാടുവിട്ട്പോകുന്നവർ  സ്ത്രീകളായിരിക്കും. ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലൊക്കെ സേവനം ചെയ്യാൻ നാളെ ആളില്ലാതെ വരും.ആശുപത്രികളെ പത്യേക സുരക്ഷാ പ്രദേശങ്ങളായി മാറ്റുന്ന ശക്തമായ നിയമങ്ങൾ ഉണ്ടാകണം. അവ നടപ്പാക്കാനുള്ള സംവിധാനങ്ങളും ശക്തിപ്പെടണം.

കേരളത്തിൽ നിയമം വരാൻ ഒരു ഡോക്ടർ വന്ദനയുടെ ജീവൻ വേണ്ടി വന്നു. രാജ്യത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയ, നാട്ടിലെ മുഴുവൻ സ്ത്രീകളെയും ഭയചകിതരാക്കിയ, കൊൽക്കത്തയിലെ കൊലപാതകം മറ്റൊരിടത്ത് ആവർത്തിക്കപ്പെടരുത്. ആശുപത്രി സുരക്ഷയ്ക്കായി സമഗ്ര നിയമങ്ങൾ  ഉടനെ ഉണ്ടാകണം .മനുഷ്യജീവനുതകുന്നതിനായി പ്രവർത്തിക്കുന്ന ഉത്കൃഷ്ടസ്ഥാപനങ്ങളാണ് ആശുപത്രികൾ.  ലോകത്തുള്ള  എല്ലാ തൊഴിലുകളിലുംവെച്ച് ഏറ്റവും പാവനമായ തൊഴിലാണ് ആരോഗ്യരംഗത്തുള്ളവർ ചെയ്യുന്നത് .ആരോഗ്യ പ്രവർത്തകരെ  കർത്തവ്യനിർവഹണത്തിനിടെ നിഷ്കരുണം ആക്രമിക്കുകയെന്നതിനെക്കാൾ നീചമായി മറ്റെന്താണുള്ളത്?

 കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞയാഴ്ച നടന്നത് അതാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞകൊല്ലം മേയിൽ നടന്നതും അതുതന്നെ. രാജ്യത്തെ എഴുപത്തിയഞ്ചുശതമാനം ഡോക്ടർമാരും ജോലിക്കിടയിൽ ഒരിക്കലെങ്കിലും ശാരീരികമോ മാനസികമോ ആയ പീഡനത്തിനിരയാകുന്നുണ്ടെന്നു  ഡോക്ടർമാരുടെ  സംഘടനാ  വ്യക്തമാക്കുന്നു .

2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കായി പോലീസ് കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റാണ് ഹൗസ് സർജൻ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായിരുന്ന പ്രതി പരിശോധനയ്ക്കിടെയാണ് ഡോ. വന്ദനയെ ആക്രമിച്ചത്. ശരീരത്തിൽ പതിനേഴു കുത്തേറ്റുള്ള ദാരുണമരണമായിരുന്നു അത്. മലയാളികളെ സംബന്ധിച്ച് സംഭവത്തിന്റെ വിറയാർന്ന സ്മരണയുണർത്തുന്നതാണ് കൊൽക്കത്തയിലെ സർക്കാരുടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി. ട്രെയിനി ഡോക്ടറായ യുവതിക്കു സംഭവിച്ച ദുരന്തം. 2024  ഓഗസ്റ്റ്  ഒൻപതിനു പുലർച്ചെ, രാത്രിഡ്യൂട്ടിക്കുശേഷം ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിക്കവേ ഡോക്ടറെ ബലാത്സംഗംചെയ്തു കൊല്ലുകയായിരുന്നു. ജോലിചെയ്ത വാർഡിൽ വിശ്രമമുറിയില്ലാത്തതുകൊണ്ടാണ് ഡോക്ടർക്ക് സെമിനാർഹാളിൽ തലചായ്ക്കേണ്ടിവന്നത് എന്നത് സുരക്ഷയുടെയും സൗകര്യങ്ങളുടെയും പരിതാപകരമായ അപര്യാപ്തതയിലേക്കു വിരൽചൂണ്ടുന്നു.

 കൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസ് സി.ബി.. ഏറ്റെടുത്തിരിക്കുകയാണ്. അതിനിടെ, ആർ.ജി. കർ മെഡിക്കൽ കോളേജിൽ നൂറോളം അക്രമികൾ വ്യാഴാഴ്ച പുലർച്ചെ അഴിഞ്ഞാടിയത് ഞെട്ടലിന്റെ ആഴം വർധിപ്പിക്കുന്നു. ഡോക്ടർമാരുടെ സമരകേന്ദ്രമായിരുന്നു അക്രമികളുടെ പ്രധാന ഉന്നം. അക്രമത്തിനുപിന്നിൽ രാഷ്ട്രീയപ്രേരണകളുണ്ടോ എന്നു സംശയിക്കുന്നവരുണ്ട്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജ്യമാകെ ഡോക്ടർമാർ പ്രക്ഷോഭപാതയിലാണ്. സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന മിതവും ന്യായവുമായ ആവശ്യമേ അവർ ഉയർത്തുന്നുള്ളൂ. അതിനു ചെവികൊടുക്കാനും എല്ലാ ആതുരാലയങ്ങളും സുരക്ഷിതകേന്ദ്രങ്ങളാണെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികൾ എത്രയുംവേഗം ഭരണകൂടത്തിന്റെഭാഗത്തുനിന്ന് ഉണ്ടാകണം. എല്ലാ ആശുപത്രികളും സുരക്ഷിതമേഖലകളായി പ്രഖ്യാപിച്ച് തദനുസൃതമായ സുരക്ഷാപരിശോധനകളും പോലീസ് വിന്യാസവും ഉറപ്പാക്കണമെന്നും ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരുകൾക്കുതന്നെ നടപടി കൈക്കൊള്ളാവുന്നതേയുള്ളൂ. കേരളത്തിലും മെഡിക്കൽ കോളേജുകൾക്കനുബന്ധമായുള്ളതടക്കമുള്ള ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ, വിശേഷിച്ച് സ്ത്രീകളുടെ, സുരക്ഷ ഉറപ്പുവരുത്താനുള്ള സൗകര്യങ്ങളില്ലെന്നതാണു സത്യം .ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം ഉണ്ടാകണം.ബിരുദാനന്തര പഠനം നടത്തുന്ന ഡോക്ടർമാർ ഒരു ദിവസത്തിന്റെ കൂടുതൽ സമയവും ചെലവഴിക്കുന്നത് ആശുപത്രിയിലാണ്. കുറച്ച് മണിക്കുറുകൾ മാത്രമാണ് വീട്ടിൽ പോകാനും വ്യക്തിപരമായ കാര്യങ്ങൾക്കും ബാക്കിയുള്ളത്. സമ്മർദ്ദങ്ങൾക്കിടയിൽ പണിയെടുക്കുന്ന വനിത ഡോക്ടർമാർക്ക്, പ്രത്യേകിച്ച് സർക്കാരാശുപത്രികൾ, തീരെ സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളാണ്. വനിത ഡോക്ടർമാർക്ക് ഡ്യൂട്ടിക്ക് ശേഷം കിടന്നുറങ്ങാൻ പാകത്തിന് മുറികൾ പല ആശുപത്രികളിലും ഇല്ല. ഉള്ള മുറികൾ പലപ്പോഴും അടയ്ക്കാൻ ഉറപ്പുള്ള കതകില്ലാത്തവയാണ്രാത്രി ഒരു പത്ത് മണിയൊക്കെ കഴിഞ്ഞ് ആശുപത്രികളി എത്തുന്ന പല പുരുഷ രോഗികളും മദ്യപിച്ചവരാണ്. പല ചെറുപ്പക്കാരും മയക്കുമരുന്നുകൾ അടിമകളായവരും കൂട്ടത്തിൽ ഉണ്ടാകും .കേന്ദ്ര കേരള സർക്കാരുകൾ  ആരോഗ്യരംഗത്തെ  കൂടുതൽ ഗൗരവത്തോടെ  കാണണം .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: