Pages

Friday, July 19, 2024

ഡോ. എം.എസ്.വല്യത്താന് കുരാക്കാർ കുടുംബത്തിൻറെ ഹൃദയാഞ്ജലി.

 

ഡോ. എം.എസ്.വല്യത്താന്  കുരാക്കാർ  കുടുംബത്തിൻറെ  ഹൃദയാഞ്ജലി.

ആയിരങ്ങളുടെ 'ഹൃദയം' കാത്ത കാവലാൾ; ഡോ എം എസ് വല്യത്താൻ ൨൦൨൪ ജൂലൈ 18  നു വിടവാങ്ങി .മനുഷ്യഹൃദയത്തെ ഇത്രത്തോളം അടുത്തറിഞ്ഞ മറ്റൊരു മലയാളിഹൃദയമുണ്ടാവില്ല. തന്റെ ജീവിതം മറ്റൊരുപാടു പേർക്കു വേണ്ടിയാണെന്നു തിരിച്ചറിയുകയും കാരുണ്യദിശയിലൂടെ ദീർഘകാലം സഞ്ചരിക്കുകയും ചെയ്ത ഒരു പൂർണജീവിതത്തിനാണിപ്പോൾ വിരാമചിഹ്നം വീഴുന്നത്. ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ ഓർമയാകുമ്പോൾ കർമജീവിതത്തിനു നന്ദിപറഞ്ഞ്, ആദരാഞ്ജലി അർപ്പിക്കുകയാണു കാലം.’

ഡോ. മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻസമർപ്പണം, ദയ, സൗമ്യത, കരുതൽ, സഹാനുഭൂതി, വിനയം തുടങ്ങിയവയെല്ലാം ചേർന്നുള്ള സ്നേഹത്തിന്റെ പേരാണത്. സ്വന്തം സമയവും സ്വകാര്യ താൽപര്യങ്ങളും ത്യജിച്ചുള്ള സേവനസന്നദ്ധതയുടെയും ആത്മത്യാഗത്തിന്റെയും പേരുകൂടിയാണത്. എല്ലാ തകരാറുകളും തീർത്ത് ഭദ്രമായി തങ്ങളുടെ ഹൃദയം അദ്ദേഹം തിരികെ ഏൽപിക്കുമെന്ന് എത്രയോ പേർ വിശ്വസിച്ചു. വിശ്വാസം അദ്ദേഹം ഒരിക്കലും തെറ്റിച്ചതുമില്ല.

മനസ്സു പറയുന്ന വഴികളിലൂടെ മാത്രം സഞ്ചരിച്ച ഒരാളുടെ വിയോഗമാണിത്. യുഎസിലെ മികച്ച ജോലിയും ഉയർന്ന ജീവിതസാഹചര്യവും ഉപേക്ഷിച്ച് തിരികെയെത്താൻ വല്യത്താനെ പ്രേരിപ്പിച്ചത് സ്വന്തം നാടിന്റെ ഹൃദയക്ഷണംതന്നെയായിരുന്നു. ആഗോള നിലവാരത്തിൽ ഹൃദയചികിത്സ നൽകുന്ന ഒരു സ്ഥാപനം ഇന്ത്യയിലും ഉണ്ടാകണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ആഗ്രഹത്തിന് 1974 അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോൻ വഴിയൊരുക്കിയപ്പോൾ വൈദ്യശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും സംയോജിപ്പിച്ച്, ശ്രീ ചിത്തിരതിരുനാളിന്റെ പേരിലുള്ള സ്ഥാപനം തിരുവനന്തപുരത്തു യാഥാർഥ്യമായി; ചിത്തിര നാളിൽ പിറന്ന ഡോ. വല്യത്താൻ അതിന്റെ സ്ഥാപക ഡയറക്ടറുമായി.

ഇന്ത്യയിലാദ്യമായി വൈദ്യശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഒരേ കുടക്കീഴിൽ വളർത്തിയെന്നതാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സവിശേഷ സംഭാവനയെന്ന് അദ്ദേഹം അഭിമാനത്തോടെ വിലയിരുത്തിയിട്ടുണ്ട്. താരതമ്യേന ചെലവുകുറഞ്ഞ കൃത്രിമ ഹൃദയവാൽവ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തു ചരിത്രമെഴുതിയ ശ്രീചിത്ര, ബ്ലഡ് ബാഗും ഓക്സിജനേറ്ററും മറ്റും വികസിപ്പിച്ചെടുത്തും ശ്രദ്ധേയമായി.

ശ്രീചിത്രയിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കും അദ്ദേഹമാണു നേതൃത്വം നൽകിയത്. അവിടെമാത്രം ആയിരക്കണക്കിനു ഹൃദയശസ്ത്രക്രിയകൾ നടത്തിയാണ്  1994 സ്ഥാപനത്തോടും ഹൃദയശസ്ത്രക്രിയയോടുതന്നെയും ഡോ. വല്യത്താൻ വിടപറഞ്ഞത്. തുടർന്ന്, ഉഡുപ്പി മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ ആദ്യ വൈസ് ചാൻസലറായി.

പുതിയ അറിവുകൾ തേടിയുള്ള ജീവിതമായിരുന്നു ജ്ഞാനാന്വേഷിയുടേത്. ആയുർവേദത്തിന്റെ ആഴങ്ങളിലേക്കുള്ള യാത്രയിലും അദ്ദേഹം സാഫല്യമറിഞ്ഞു. ആയുർവേദ ചികിത്സയുടെ ശാസ്ത്രീയ അടിത്തറകൾ കണ്ടെത്തി ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കാനായിരുന്നു ശ്രമം. ആയുർവേദ ഗ്രന്ഥങ്ങൾ സംസ്കൃത ഭാഷയിൽത്തന്നെ വായിച്ചു മനസ്സിലാക്കാൻ അദ്ദേഹം ഭാഷയിലും പ്രാവീണ്യം കൈവരിച്ചു.

സഹൃദയനായിരുന്നു ശസ്ത്രക്രിയാവിദഗ്ധൻ. ഹൃദയത്തിൽനിന്നു  ശാസ്ത്രത്തിനൊപ്പം കവിതയും സംഗീതവും വേദാന്തവുമൊക്കെ ഒഴുകിക്കൊണ്ടിരുന്നു. അഗസ്ത്യമലയിൽ കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ ഓർക്കിഡ് ഇനത്തെ ഒരു തായ് ഓർക്കിഡുമായി സങ്കരണം നടത്തിപാഫിയോപിഡിലം എം.എസ്. വല്യത്താൻഎന്നൊരു  ഓർക്കിഡ് തിരുവനന്തപുരം പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരുന്നു. അദ്ദേഹത്തിന്റെ പേരിട്ട ഹൈബ്രിഡ് ഓർക്കിഡിനെ അദ്ദേഹത്തിന്റെതന്നെ ഒരു പ്രതീകമായും കാണാം  ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ആയുർവേദത്തിന്റെയും ലയനഭംഗിയുള്ള ജീവിതം; ലളിതം മനോഹരം.

ഒരു അഭിമുഖത്തിൽ, ജീവിതദർശനം എന്താണെന്ന ചോദ്യത്തിനുള്ള മറുപടി അത്രമേലാഴമുള്ള ആത്മകഥയായിത്തന്നെ വായിച്ചെടുക്കാം: ‘ഒരു ലക്ഷ്യം  ഉണ്ടാകുക. അതിനായി മനസ്സുമുഴുകി ആഹ്ലാദത്തോടെ പ്രവർത്തിക്കുക, സ്വയം വലിയ ഒരാളായി കരുതാതിരിക്കുക; ഞാനില്ലെങ്കിലും ലോകം മുന്നോട്ടുപോകും!’ നമുക്കെ‍‍ാപ്പമുള്ള ലക്ഷക്കണക്കിനുപേർക്ക് ആരോഗ്യവും ആയുസ്സും നൽകിയതിന് ഹൃദയത്തിലെ ഏറ്റവും നല്ല നന്ദിവാക്കുകളോടെ അദ്ദേഹത്തെ എന്നും ഓർമിക്കാം; ഡോ. എം.എസ്.വല്യത്താന് കുരാക്കാർ  കുടുംബത്തിൻറെ  ഹൃദയാഞ്ജലി.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: