ഒളിന്പിക്സ്. ലോക ജനതയെ ഒന്നിപ്പിക്കുമോ ? {പാരീസ് ഒളിന്പിക്സ്. 2024 ജൂലൈ 27 }
ലോകത്തിന്റെ മഹാസമ്മേളനമാണ് ഒളിന്പിക്സ്. മനുഷ്യരുടെ ഭാവനയിൽ വിരിഞ്ഞ, ആസൂത്രണത്തിൽ രൂപംകൊണ്ട മഹാദ്ഭുതം. അതിരുകളില്ലാതെ, അകൽച്ചകളില്ലാതെ ലോകം ഒന്നിക്കുന്ന കൂട്ടായ്മ. ആധുനിക ഒളിമ്പിക് ചരിത്രത്തിലെ മുപ്പത്തിമൂന്നാമത് മേളയ്ക്കാണ് പാരീസിൽ വെള്ളിയാഴ്ച തുടക്കംകുറിച്ചത്. ലോകത്തെയാകെ സമഭാവനയോടെ കാണുന്ന, എല്ലാ വൻകരകളിൽനിന്നുമുള്ള ജനതയാകെ ആവേശത്തോടെ സാക്ഷിയാവുന്ന മറ്റൊരു മഹാമേളയുണ്ടാകില്ല. ലോകത്തിന്റെ കണ്ണീരൊപ്പാനും പ്രതീക്ഷയുടെ പുതുപുലരി വിരിയിക്കാനും കായികവേദിക്കാകുമെന്ന് ഒളിമ്പിക്സ് നമ്മോടുപറയുന്നു.
യുദ്ധം കശക്കിയെറിഞ്ഞ പലസ്തീനിൽനിന്നും യുക്രൈനിൽനിന്നും കായികതാരങ്ങൾ ‘കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ കരുത്തിൽ’ എന്ന ഒളിമ്പിക് മുദ്രാവാക്യമോതി ആഗോള കൂട്ടായ്മയിൽ പങ്കാളികളാകുന്നു. സ്വന്തം രാജ്യത്തിന്റെപേരിൽ തലയുയർത്തി അഭിമാനത്തോടെ ഒളിമ്പിക് പോരാട്ടവേദിയിലിറങ്ങുകയെന്നതാണ് ഓരോ കായികതാരത്തിന്റെയും ജീവിതലക്ഷ്യം. എന്നാൽ, നിർഭാഗ്യം അതിനവസരം നിഷേധിച്ചവർക്കും ലോകകായികമേള വാതിൽതുറക്കുന്നു. യുക്രൈനിൽ യുദ്ധക്കെടുതി വിതച്ചതിന്റെപേരിൽ റഷ്യക്കും ബെലറൂസിനും ഒളിന്പിക്സിൽ വിലക്കാണ്. എന്നാൽ, ഈ
രണ്ടു രാജ്യങ്ങളിൽനിന്നുമായി 32 കായികതാരങ്ങൾക്ക് നിഷ്പക്ഷവ്യക്തിയെന്നനിലയിൽ പങ്കെടുക്കാൻ അനുമതിയുണ്ട്. യുദ്ധവും ആഭ്യന്തരകലാപവുംമറ്റുമായി സ്വന്തം നാട്ടിൽനിന്ന് പലായനം ചെയ്യേണ്ടിവന്നവർക്കുമുണ്ട് ഒളിമ്പിക്സിൽ ഇടം. 11 രാജ്യങ്ങളിൽനിന്നുള്ള 37 താരങ്ങൾ ‘അഭയാർഥി ടീമി’ന്റെ ഭാഗമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരർഥത്തിൽ പങ്കാളിത്തത്തിന്റെ ശതാബ്ദിവർഷംകൂടിയാണിത്. 1900 ഒളിമ്പിക്സിൽ നോർമൻ പ്രിച്ചാർഡ് ഇന്ത്യക്കായി രണ്ട് മെഡൽ നേടിയിരുന്നെങ്കിലും ഔദ്യോഗികസംഘമായി ഇന്ത്യ പങ്കെടുത്തത് 1924-ൽ പാരീസിൽത്തന്നെ നടന്ന എട്ടാം ഒളിമ്പിക്സിലാണ്. ഇന്ത്യയെ പ്രതിനിധാനംചെയ്ത ഏഴംഗസംഘത്തിൽ മലയാളിയായ സി.കെ. ലക്ഷ്മണുമുണ്ടായിരുന്നു. ആ അർഥത്തിൽ മലയാളക്കരയുടെയും ശതാബ്ദി ഒളിമ്പിക്സാണിത്. ഇക്കുറി 117-അംഗ സംഘമാണ് ത്രിവർണപതാകയ്ക്കുകീഴിൽ പാരീസിൽ അണിനിരക്കുന്നത്. പ്രതീക്ഷകളോടെ അവരുടെ വിജയവാർത്തകൾക്കായി രാജ്യത്തെ 147 കോടി ജനങ്ങൾ കാത്തിരിക്കുന്നു. 2020-ൽ ജപ്പാനിലെ ടോക്യോയിൽ നടന്ന ഒളിന്പിക്സിലാണ് ഇന്ത്യ ഏറ്റവുംവലിയ നേട്ടമുണ്ടാക്കിയത്. ഒരു സ്വർണമടക്കം ഏഴ് മെഡൽ രാജ്യത്തേക്കു പറന്നുവന്നു. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യക്കുവേണ്ടി സ്വർണമണിഞ്ഞത്. ഒളിമ്പിക്സിലെ അത്ലറ്റിക്സ് വേദിയിൽനിന്ന് നൂറ്റിയിരുപതുവർഷത്തിനിടെ ഇന്ത്യ കരസ്ഥമാക്കുന്ന ആദ്യസ്വർണമായിരുന്നു അത്. ഒളിന്പിക് ചരിത്രത്തിൽത്തന്നെ രണ്ടാമത്തെ വ്യക്തിഗത സ്വർണവും. വ്യക്തിഗത ഇനത്തിൽ സ്വർണം നേടാനാകുന്നില്ലെന്ന കുറവ് 2008-ലെ ബെയ്ജിങ് ഗെയിംസിൽ ഷൂട്ടിങ് റേഞ്ചിൽനിന്ന് അഭിനവ് ബിന്ദ്രയാണ് തിരുത്തിയത്. അതിനുശേഷം മറ്റൊരു സ്വർണത്തിന്റെ വരവിനായി 12 വർഷം വീണ്ടും കാത്തിരിക്കേണ്ടിവന്നു. ഇക്കുറിയും ഇന്ത്യയുടെ ഉറച്ച മെഡൽപ്രതീക്ഷ, സ്വർണപ്രതീക്ഷതന്നെ, നീരജ് ചോപ്രയാണ്.
ഏഴു മലയാളികളാണ് ഇക്കുറി ഇന്ത്യൻസംഘത്തിലുള്ളത്. അതിൽ നാമോരോരുത്തരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഹോക്കി ടർഫിൽനിന്നുള്ള വാർത്തകൾക്കായാണ്. രാജ്യംകണ്ട ഏറ്റവുംമികച്ച ഗോൾകീപ്പർ എന്ന് നിസ്സംശയം പറയാവുന്ന പി.ആർ. ശ്രീജേഷിന് ഇത് വിരമിക്കൽമേളകൂടിയാണ്. നാലാമത്തെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ശ്രീജേഷ്, ഗെയിംസിനുശേഷം കളിക്കളത്തോടു വിടപറയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടോക്യോയിൽ ശ്രീജേഷിന്റെകൂടി മികവിലാണ് ഇന്ത്യ ഹോക്കിയിൽ വെങ്കലമെഡൽ നേടിയത്. മറ്റൊരു മെഡൽനേട്ടത്തോടെ ശ്രീജേഷിന് സമ്മോഹനമായ കളിക്കാലത്തോട് വിടപറയാനാകട്ടെ എന്നാശംസിക്കാം.
ജമൈക്കയുടെ ഉസൈൻ ബോൾട്ടിനുശേഷം ഒളിമ്പിക് വേദിയിൽ ഒരു സൂപ്പർതാരം ഉദയംകൊണ്ടിട്ടില്ല. ട്രാക്കിലായാലും ഫീൽഡിലായാലും ഗെയിംസ് വേദികളിലായാലും ബോൾട്ടിന്റെയത്ര പകിട്ടുള്ള ഒരു താരമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അത്രയ്ക്കും അത്യുന്നതങ്ങളിലാണ് തന്റെ പേര് ഈ ജമൈക്കക്കാരൻ കൊത്തിവെച്ചത്. 1900-ലും 1924-ലും ഒളിമ്പിക്സിനു വേദിയായ പാരീസിലേക്ക് മഹാമേള തിരിച്ചെത്തുന്നത് നൂറുവർഷത്തിനുശേഷമാണ്. കലയുടെയും സംസ്കാരത്തിന്റെയും ആഘോഷങ്ങളുടെയും നഗരമായ പാരീസിൽ കായികലോകം സമ്മേളിക്കുമ്പോൾ പുതുചരിത്രങ്ങൾ പിറവിയെടുക്കുമെന്ന് ഉറപ്പാണ്. വിജയസോപാനങ്ങളിൽ ത്രിവർണപതാക ഉയരട്ടെയെന്നും ‘ജനഗണമന’ മുഴങ്ങട്ടെയെന്നും നമുക്ക് ആശിക്കാം. ആശയോടെ കാത്തിരിക്കാം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment