കുവൈത്തിലെ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് "വിൻഡോ എം ഓഫ് നോളേജിൻറെ{ "WINDOW
OF KNOWLEDGE } ബാഷ്പാഞ്ജലി.
പ്രൊഫ്. ജോൺ കുരാക്കാർ
ഒരു രാജ്യം കരയുകയാണ് . കുവൈത്തിലെ വൻ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് പ്രിയപ്പെട്ടവരുടെ വിലാപം. ആ
സങ്കടം നാമെല്ലാവരും വിങ്ങലോടെ, വിതുമ്പലോടെ ഏറ്റുവാങ്ങുന്നു. കുവൈത്തിൽ ജീവൻ പൊലിഞ്ഞവരത്രയും കടൽകടന്നത് മനസ്സിലെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാണ്. ജീവനറ്റ് അവർ മടങ്ങുമ്പോഴിതാ ആ
സ്വപ്നങ്ങളൊക്കെയും ബാക്കിയാവുന്നു. പ്രിയപ്പെട്ടവരുടെ നെഞ്ചിൽ സങ്കടക്കടൽ തിരയടിക്കുന്നു. എത്രയോ കുടുംബങ്ങളുടെ ഭാവിവഴിത്താര ശൂന്യമാകുന്നു.സമീപകാലത്ത് ഗൾഫ് രാജ്യങ്ങളിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്; നമ്മുടെയൊക്കെയും ഹൃദയത്തിൽ മുറിവേൽപിച്ച ഏറ്റവും സങ്കടകരമായ സംഭവങ്ങളിലൊന്നും. കുവൈത്തിൽ തൊഴിലാളികളെ പാർപ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തം കവർന്ന ജീവിതങ്ങൾ കുറച്ചൊന്നുമല്ല. മരിച്ചവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്. ഒട്ടേറെ മലയാളികളടക്കം നിസ്സഹായതയോടെ അഗ്നിക്കിരയായി. അവർ കൈത്താങ്ങായ എത്രയോ കുടുംബങ്ങൾ ജന്മനാട്ടിൽ നിരാലംബമായി. എത്രയോ പേരുടെ പ്രതീക്ഷകൾക്കു ചിറകറ്റു.
ഉറങ്ങുന്നവരിലേക്കു തീയായും പുകയായും ദുരന്തമെത്തുകയായിരുന്നു. എന്താണു സംഭവിക്കുന്നതെന്ന് അറിയുന്നതിനുമുൻപാണ് അവരിൽ മിക്കവരെയും മരണം കീഴടക്കിയത്. നാട്ടിലേക്കുള്ള അടുത്ത വരവിൽ കല്യാണം കഴിക്കാനൊരുങ്ങിയവരും ഓണംകൂടാൻ പ്രിയപ്പെട്ടവരിലേക്ക് ഓടിയെത്താൻ കാത്തിരുന്നവരും മക്കളുടെ തുടർപഠനാവശ്യങ്ങൾക്കും മാതാപിതാക്കളുടെ ചികിത്സാവശ്യങ്ങൾക്കുമൊക്കെ നാട്ടിലെത്താൻ ഒരുങ്ങിയവരും ദുരന്തത്തിനു കീഴടങ്ങി. കുവൈത്തിലെത്തി ഒരുമാസം പിന്നിടുമ്പോഴേക്കും മരണവാതിൽ കടന്നുപോയ യുവാവും ജോലിയിൽനിന്ന് അടുത്ത വർഷം വിരമിച്ച് നാട്ടിൽ സ്വസ്ഥജീവിതത്തിലേക്കു മടങ്ങാനാഗ്രഹിച്ചയാളുമൊക്കെ ഓർമയിലേക്കിതാ മടങ്ങുന്നു. ഗൾഫിൽ മഴപെയ്താൽ, ചൂടുകൂടിയാൽ, അങ്ങോട്ടു വിമാനക്കൂലി കൂട്ടിയാൽ, അവിടെയേതെങ്കിലുമൊരു ഭരണാധികാരി അന്തരിച്ചാൽ, ഭരണത്തലപ്പത്ത് തലമുറമാറ്റമുണ്ടായാൽ... അതൊക്കെ നാം അപ്പപ്പോൾ അറിയുന്നു, അതേപ്പറ്റിയൊക്കെ ഉദ്വേഗത്തോടെ അന്വേഷിക്കുന്നു, അത് അവിടങ്ങളിലെ നമ്മുടെ ഉറ്റവരെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കുന്നു. ഗൾഫിൽനിന്നൊരു ദുരന്തവർത്തമാനം കേൾക്കുമ്പോഴും നമുക്ക് ആധിയേറുന്നു. അതിൽ നമ്മുടെ ബന്ധുമിത്രങ്ങളാരെങ്കിലും പെട്ടുവോ, അതല്ലെങ്കിൽ മലയാളികളാരെങ്കിലും? അത്രയേറെ നമ്മുടെ ചിന്തകളുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ് ആ
വിദൂരദേശം. കാരണം, കാലങ്ങളായി നമ്മുടെ സ്വന്തക്കാരോ സുഹൃത്തുക്കളോ അയൽവീട്ടുകാരോ ആരെങ്കിലുമൊക്കെ ജീവിതോപാധി തേടി ആ നാടുകളിലേക്കു പോയിട്ടുണ്ട്. ആ
എണ്ണമങ്ങനെ പെരുകിപ്പെരുകിയിപ്പോൾ ദശലക്ഷങ്ങളോളമായിട്ടുണ്ട്. അവിടെ സ്വദേശിവത്കരണമാരംഭിച്ചെന്നും ‘എണ്ണപ്പണ’ത്തിന്റെ വരവൊക്കെ നിൽക്കുമെന്നും കേൾക്കാൻതുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും അവിടെ നമ്മുടെ നാട്ടുകാരെത്രയോ പണിയെടുത്തു പണമയക്കുന്നു, വീടിനെയും നാടിനെയും പോറ്റുന്നു.
ഗൾഫ് നാടുകളിലേക്കു ജോലി തേടിയെത്തുന്നവർക്കൊപ്പം അവരുടെ പ്രതീക്ഷകൂടി സഹയാത്ര ചെയ്യുന്നുണ്ട്. കടലിനക്കരെ, അവരുടെ ജീവിതത്തിനു വേരുറപ്പും സ്വപ്നങ്ങൾക്ക് ആകാശവിസ്തൃതിയും സമ്മാനിച്ച നാടാണത്. കേരളത്തിന്റെ മറ്റൊരു ജില്ലയാണു ഗൾഫ് എന്നുപോലും അവർ അഭിമാനത്തോടെ പറയാറുണ്ട്. ഗൾഫ് ഭരണാധികാരികളുടെ കരുതലും സംരക്ഷണവും അവർക്കു ലഭിച്ചുപോരുന്നു. കുവൈത്തിലെ ജനസംഖ്യയുടെ 21% (10 ലക്ഷം) ഇന്ത്യക്കാരാണ്; ജോലിക്കാരിൽ 30 ശതമാനവും (9 ലക്ഷം). ഇവരിൽ വലിയ പങ്കും മലയാളികളാണുതാനും. ഇപ്പോഴുണ്ടായ വലിയ ദുരന്തം അവിടത്തെ ഇന്ത്യൻ സമൂഹത്തിനാകെ വലിയ നഷ്ടവും സങ്കടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
തീപിടിത്തത്തിന്റെ ഗൗരവം മനസ്സിലാക്കിയയുടൻ കേന്ദ്ര – കേരള സർക്കാരുകൾ സഹായഹസ്തങ്ങളുമായി പ്രവർത്തനനിരതമായത് ആശ്വാസം നൽകുന്നു. ബഹുതലങ്ങളിലായുള്ള സഹായദൗത്യമാണ് ഇപ്പോൾ ആവശ്യം. കുവൈത്തിലടക്കം ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കൂടുതൽ സജീവമാക്കണമെന്നും സാർഥകമായ ഇടപെടലുകൾ ഉണ്ടാവണമെന്നും ഓർമിപ്പിക്കുകയാണ്, ദാരുണമായ ഈ ദുരന്തം. സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിരന്തര ജാഗ്രത അധികൃതരിൽനിന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.തീപ്പിടിത്തത്തിന്റെ കാരണം വൈദ്യുത ഷോർട്ട്സർക്യൂട്ടാണെന്നാണു സൂചന. പുലർച്ചെക്കായതിനാൽ അന്തേവാസികൾ ഉറക്കത്തിലായതാണു മരണസംഖ്യ കൂടാനിടയാക്കിയത്. കെട്ടിടത്തിലെ കാന്റീനിലുണ്ടായിരുന്ന പാചകവാതകസിലിൻഡർ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പാർപ്പിടസമുച്ചയത്തിന്റെ നിർമാണത്തിലോ പരിപാലനത്തിലോ ഉണ്ടായ പാകപ്പിഴയാകാം ദുരന്തത്തിലേക്കു നയിച്ചത്. കെട്ടിട ഉടമയെ അറസ്റ്റുചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിട്ടുണ്ട്
കുവൈത്തിലെ തീപിടിത്തത്തിൽ ജീവഹാനി സംഭവിച്ചവർക്ക്
"WINDOW OF KNOWLEDGE " ൻറെ കണ്ണുനീരിൽ കുതിർന്ന ബാഷ്പാഞ്ജലി .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment