Pages

Tuesday, May 7, 2024

ദിവംഗതനായ പറങ്കിമാംമൂട്ടിൽ യോഹന്നാൻ കത്തനാർ ഒരു ജനതയെ ആത്മീയതയിലേക്ക് നയിച്ച മഹാചാര്യൻ. പ്രൊഫ. ജോൺ കുരാക്കാർ

 

ദിവംഗതനായ പറങ്കിമാംമൂട്ടിൽ യോഹന്നാൻ കത്തനാർ ഒരു ജനതയെ ആത്മീയതയിലേക്ക് നയിച്ച മഹാചാര്യൻ.

പ്രൊഫ. ജോൺ കുരാക്കാർ




മലയാള ഭാഷാ പണ്ഡിതൻ സംഗീത വിദ്ധ്വാൻ , വാഗ്മി , മികച്ചസംഘടകൻ ,കവി, ഗ്രന്ഥകാരൻ ,സുറിയാനി ഭാഷാ പണ്ഡിതൻ എന്നീ നിലകളിൽ വളരെ പ്രസിദ്ധനായിരുന്നു ദിവംഗതനായ പറങ്കിമാംമൂട്ടിൽ യോഹന്നാൻ കത്തനാർ ."തെക്കിൻറെ വിളക്ക് " എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു ..പരിശുദ്ധ പരുമല തിരുമേനി തലവൂർ വലിയപള്ളിയിൽ എഴുന്നള്ളിയപ്പോൾ ബാലനായ പറങ്കിമാംമൂട്ടിൽ യോഹന്നാനെ കാണാൻ ഇടയായി .ബാലനിൽ ദൈവീക പരിവേഷം കണ്ടെത്തിയ തിരുമേനി യോഹന്നാനെ ദൈവവേലക്ക് വിളിക്കുകയായിരുന്നു '. പരുമല തിരുമേനി തന്നെയാണ് യോഹന്നാന് ചെങ്ങന്നൂർ പള്ളിയിൽ വച്ച് ശെമ്മാശപട്ടം നല്കിയത് .പഴയ സെമിനാരിയിൽ നിന്നാണ് അദ്ദേഹം വൈദീക വിദ്യാഭ്യാസം നേടുന്ന ത്..വൈദീക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം ഇടവകയുടെ മാർ പൗലോസ് മാർ കൂറിലോസ് തിരുമേനിയിൽ നിന്നും കശീശ്ശാ പട്ടം സ്വീകരിച്ചു .

ഐപ്പള്ളൂർ സെന്റ് ജോർജ് ശാലേം ഓർത്തഡോൿസ് പള്ളി , തലവൂർ,,മഞ്ഞക്കാല ,പാണ്ടിത്തിട്ട ,നെടുംചിറക്കൽ ,മൈലം ,മാക്കുളം ,പെരുംകുഴി ,തേമ്പാറ ,കലയപുരം ,പട്ടമല മുതലായ15 ഇടവകകളിൽ സേവനം അനുഷ്ടിച്ചു .സാധാരണക്കാരും പാവപെട്ടവരുമായിരുന്നു ഇടവകക്കാരിൽ മഹാഭൂരിപക്ഷവും . അദ്ദേഹത്തിൻറെ അർപ്പണബോധത്തോടെയുള്ള സേവനം ഇടവകകൾ വളരുന്നതിനും ഉയർച്ചനേടുന്നതിനും കാരണമായി .പറങ്കിമാംമൂട്ടിൽ യോഹന്നാൻ കത്തനാരുടെ ഓർമ്മ സഭയുടെ തെക്കൻ ഇടവകകളിൽ ആയിരകണക്കിന് ജനമനസ്സുകളിൽ തലമുറ തലകളായി ഇന്നും നിലനിൽക്കുന്നു.

സംഗീതത്തിൽ പറങ്കിമാംമൂട്ടിൽ വല്യച്ചനുള്ള പ്രാവിണ്യംഎടുത്തുപറയേണ്ടിയിരിക്കുന്നു .ആരാധനയിലൂടെ ഒഴുകിവന്നിരുന്ന സ്വരം ഹൃദയത്തില് ഏറ്റുവാങ്ങിയ മലങ്കരയുടെ ആത്മീയമക്കൾ പഴയ പുതിയ തലമുറ ഒരുപോലെ സ്വരമാധുരിയില് ലയിച്ചിരുന്നു. ജീവിതം അസ്തമിച്ചെങ്കിലും അദ്ദേഹത്തിൻറെ ആരാധന ഗീതങ്ങൾ കാല -ദേശങ്ങളെ അതിജീവിച്ചിരിക്കുകയാണ്
" ക്രിസ്തീയ ഗാനങ്ങൾ " വിജ്ഞാന ഗാനങ്ങൾ " എന്നീ പേരുകളിൽ രണ്ട് പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധികരിച്ചിട്ടുണ്ട് ,

ഭക്തി നിർഭരമായ ആരാധനാ ,ഇമ്പകരമായ ശബ്ദം ,ലളിതമായ ജീവിതം എന്നിവ അച്ചന്റെ പ്രത്യകതകളായിരുന്നു. യാമപ്രാർത്ഥന നോമ്പ് എന്നിവയിൽ അദ്ദേഹം നിഷ്ട പുലർത്തിയിരുന്നു .

ഒരു വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയാണ് പറങ്കിമാംമൂട്ടിൽ വല്യച്ചൻ . അനേകം വൈദീകർ അദ്ദേഹത്തിന്റെ ശിഷ്യരായിട്ടുണ്ട് . ധ്യാന ഗുരുവായിരുന്ന അച്ചൻ തോമാ മാർ ദിവന്യാസ് തിരുമേനിയുടെ ഉറ്റ സുഹൃത്തുമായിരുന്നു . സാമൂഹ്യ പരിഷ് കർത്താവും മലങ്കരയുടെ തെക്കൻ ദേശത്തെ മൽപ്പാനുമായിരുന്ന അദ്ദേഹം പരിശുദ്ധ വട്ടശേരിൽ മാർ ദിവന്യാസോസ് തിരുമേനിയുടെ ഉറ്റമിത്രവും വാത്സല്യ ഭാജനവുമായിരുന്നു . കൂടാതെ പറങ്കിമാംമൂട്ടിൽ വലിയച്ചൻ മലങ്കരയുടെ സൂര്യതേജസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വതിയൻ കാതോലിക്കാബാവാതിരുമേനിയുടെയും പരിശുദ്ധ ബസേലിയോസ് ദിദിമോസ് തിരുമേനിയുടെയും ഗുരുവുമായിരുന്നു.
1964 ജൂൺ മാസം 28 തീയതി 55 വർഷത്തെ സേവന നിർഭരമായ വൈദീക ജീവിതത്തിൽ നിന്നും ദൈവ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു . അഭിവന്ദ്യ തോമാ മാർ ദിവന്യാസോസ് തിരുമേനിയുടെയും അഭിവന്ദ്യ മാത്യൂസ് മാർ കുറിലോസ് തിരുമേനിയുടെയും പ്രധാന കാർമികത്വത്തിൽ ആയിരകണക്കിന് വിശ്വാസികളെയും സഹവൈദീകരെയും സാന്നിധ്യത്തിൽ കർമ്മയോഗിയുടെ ഭൗതീക ശരീരം തലവൂർ സെന്റ് മേരീസ് വലിയ പള്ളിയിൽ കബറടക്കി.. പറങ്കിമാംമൂട്ടിൽ യൗനാൻ ഗീവർഗസിൻറെയും എലിശുബായുടെയും പുത്രനാണ് യോഹന്നാൻ കത്തനാർ

മലങ്കര സഭയുടെ തെക്കൻ മേഖലകളിൽ ആത്മീയതയുടെ ചൈതന്യമേകി ജാതിമത ഭേദമന്യേ ജന മനസ്സുകളിൽ സ്ഥാനം നേടിയ ഒരു വിശുദ്ധ ജീവിതത്തിന്റെ ഉടമയായിരുന്നു ദിവംഗതനായ പറങ്കിമാംമൂട്ടിൽ യോഹന്നാൻ കത്തനാർ. ഐപ്പള്ളൂർ സെന്റ് ജോർജ് ജോർജ് ശാലേം പള്ളിയുടെ സ്ഥാപക വികാരിയാണ് പറങ്കിമാംമൂട്ടിലച്ചൻ. വിശുദ്ധ ഗീവർഗീസ് സഹദായുടെ മാധ്യസ്ഥതകൊണ്ട് അനുഗ്രഹിതമായ ഒരു പുണ്യദേവാലയമാണ് ഐപ്പള്ളൂർ സെന്റ് ജോർജ് ജോർജ് ശാലേം പള്ളി. മലങ്കര സഭയുടെ തെക്കൻ ഭദ്രാസനങ്ങളിൽ ഒന്നായ കൊട്ടാരക്കര -പുനലൂർ ഭദ്രാസനത്തിലെ അറിയപ്പെടുന്ന പള്ളികളിൽ ഒന്നാണിത്. പള്ളി ഒരു തീർത്ഥാടനകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്. ജാതി മതഭേദമന്യ ആയിരകണക്കിന് ആളുകളാണ് പെരുന്നാളിന് സംബന്ധിക്കാൻ പള്ളിയിൽ എത്തുന്നത്. അച്ചൻ പള്ളിക്കുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങൾ ഇടവക ചരിത്ര പുസ്തകത്തിൽ തങ്കലിപികളിൽ രേഖപെടുത്തിയിട്ടുണ്ട്.
പറങ്കിമാംമൂട്ടിൽ യോഹന്നാൻ കത്തനാർ ഓർമ്മ മലങ്കര സഭയുടെ തെക്കൻ ജനതയക്ക് എന്നും ആത്മീയ ഉണർവ് പ്രദാനം ചെയ്യുന്നു.

പ്രൊഫ. ജോൺ കുരാക്കാർ




No comments: