Pages

Wednesday, January 3, 2024

മോഹനൻ ഡോക്ടർ

 

മോഹനൻ ഡോക്ടർ (



'
ഹലോ... ഡോക്ടർ മോഹൻ അല്ലേ?
ഞാനേ പൊന്നപ്പനാ വിളിക്കുന്നെ.'പൊന്നപ്പനോ? യേത് പൊന്നപ്പൻ? എനിക്കൊരു പൊന്നപ്പനേം തങ്കപ്പനേം അറിയില്ല.'

'
സാറിന്റെ അയലോക്കത്ത് താമസിക്കുന്ന തട്ട് കട നടത്തുന്ന പൊന്നപ്പൻ.' '... മനസിലായി. എന്നാ പൊന്നപ്പാ വിളിച്ചേ? വേഗം പറ. ഞാൻ ലേശം തിരക്കിലാ.''അത് പിന്നെ... സാറേ... അച്ഛന് ഒരു നെഞ്ച് വേദന. നിലവിളി കേട്ട് ഓടി ചെന്നപ്പോ മുറ്റത്ത് കിടക്കുവാ. ഞാൻ കിട്ടിയ ഓട്ടോയേൽ കേറ്റി അങ്ങോട്ട്കൊണ്ട് വരുവാ. സാർ അത്യാഹിതത്തേൽ ഉണ്ടോന്നറിയാൻ വരുന്ന വഴി വിളിച്ചതാ.'
'
എന്റെ പൊന്നപ്പാ... ഇത് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. ബിൽ ഒക്കെ കൊറേ ആകും. ബുദ്ധിമോശം ഒന്നും കാണിക്കല്ലേ. നേരേ മെഡിക്കൽ കോളേജിലോട്ട് വിട്ടോ വണ്ടി. അതാ നല്ലെ.'
'
സാറേ... മെഡിക്കല് കൊറേ ദൂരെയല്ലേ. പോണ വഴി എന്തേലും സംഭവിച്ചാലോ. സാറിന്റെ ഹോസ്പിറ്റൽ അടുത്തല്ലേ. അങ്ങോട്ട്തന്നെ കൊണ്ട് വരട്ടെ.' തന്നോടല്ലേ ഞാൻ പറഞ്ഞെ, ക്യാഷ് കൊറേ ആകും. വേണ്ടെന്ന്.'
ഇത്രയും പറഞ്ഞു മോഹൻ ഡോക്ടർ ഫോൺ കട്ട്ചെയ്തു. ഇതൊക്കെ കേട്ട് അടുത്ത് നിന്നിരുന്ന തങ്കമ്മ സിസ്റ്റർ ഡോക്ടറിനോട് ചോദിച്ചു.
'
സാറേ... സാറിന്റെ അയൽവാസി അയാളുടെ അച്ഛനേം കൊണ്ട് ഇവിടെ വരേണ്ടെന്ന് എന്തിനാ സാറ് പറഞ്ഞെ?'
എന്റെ സിസ്റ്ററെ... പൊന്നപ്പൻ ആള് ബിപിഎൽകാരനാ. തട്ടുകടക്കാരൻ. ഇവിടുത്തെ ബിൽ അടയ്ക്കാനൊന്നും അയാളെ കൊണ്ടൊക്കൂല്ല. അവസാനം അത് എന്റെ പെടലിക്ക് വന്ന് കേറും. പിന്നെ ഞാൻ ഇടപെട്ട് ഡിസ്കൗണ്ട് ഒക്കെ മേടിച്ചു കൊടുക്കണം. അതെല്ലാം വല്യ മെനക്കെടാ. മെഡിക്കൽ കോളേജിലാകുമ്പോ എല്ലാം ഫ്രീ ആയി കിട്ടിക്കോളും. അതാ ഞാൻ വേണ്ടെന്ന് പറഞ്ഞെ.'
പെട്ടെന്ന്, ഡോക്ടറിന്റെ ഫോൺ ബെല്ലടിച്ചു. അദ്ദേഹം ഫോൺ എടുത്തു.'സാറേ... പൊന്നപ്പനാന്നെ. മെഡിക്കലീന്നാ. ഇവിടെ കൊണ്ട് വരുന്ന വഴി അച്ഛൻ മരിച്ചാരുന്നു. അതോണ്ട് അവര് പോസ്റ്റ്മോർട്ടം ചെയ്യണോന്നാ പറയണേ.'
'
പൊന്നപ്പാ... ഞാൻ വിളിച്ചു പറഞ്ഞോളാം. അവിടുത്തെ സൂപ്രണ്ട് എന്റെ ഒരു സുഹൃത്താ. പോസ്റ്റ്മോർട്ടം ചെയ്യാതെ തന്നെ അവർ ബോഡി വിട്ടുതരാൻ വേണ്ട ഏർപ്പാട് ചെയ്യാം.'
'
എന്നാ അങ്ങനെ ആയിക്കോട്ടെ സാറേ. ഞാൻ ഒരു ചായ കുടിക്കാൻ പുറത്തോട്ട് ഇറങ്ങിയതാ. അത് കഴിഞ്ഞ് ഞാൻ പോയി സൂപ്രണ്ടിനെ കണ്ടോളാം.''ചായ കുടിക്കാനോ? എന്താ പൊന്നപ്പന് സങ്കടമൊന്നും ഇല്ലാത്തത്? അച്ഛൻ മരിച്ചതല്ലേ?'
'
ഞാൻ എന്നാത്തിനാ സങ്കടപെടുന്നേ. എന്റെ അച്ഛനല്ലല്ലോ മരിച്ചേ. എന്റെ അച്ഛൻ മരിച്ചിട്ടു അടുത്ത കർക്കടകത്തിന് പത്ത് കൊല്ലം തികയും.' 'പിന്നെ? ആരുടെ അച്ഛനാ മരിച്ചത്?'
'
സാറിന്റെ. അല്ലാതാരുടേയാ? ഹലോ.. ഹലോ... വീണ്ടും കട്ട് ചെയ്താ. എന്നാ മോനാണോ ഇതൊക്കെ. കൈ നിറയെ പൂത്ത കാശുണ്ട്. പോരാത്തത്തിന് ഡോക്ടറും. എന്നിട്ടും സ്വന്തം അച്ഛനെ ചികിൽസിപ്പിക്കാൻ കാശിറക്കില്ല.'
പൊന്നപ്പൻ അറിഞ്ഞില്ല അങ്ങേ തലക്കൽ നമ്മുടെ മോഹൻ ഡോക്ടർ തല കറങ്ങി താഴെ വീണ കാര്യം..

©️
കടപ്പാട്

No comments: