സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനും
ദലിത് ചിന്തകനുമായ ഡോ..എം. കുഞ്ഞാമൻ അന്തരിച്ചു
സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ..എം. കുഞ്ഞാമനെ (74) ശ്രീകാര്യം വെഞ്ചാമൂട് ശ്രീനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തി പിൻവശത്തു പോയി നോക്കിയപ്പോഴാണ് ഊണുമുറിയിലെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലാണ്. ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാൽ കുഞ്ഞാമൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മകൾ വിദേശത്തും. പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പാലക്കാട് പട്ടാമ്പി വാടാനാംകുറിശിയാണു സ്വദേശം. 1974ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെയാണ് എംഎ പാസായത്. രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണനു ശേഷം ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് വിദ്യാർഥിയാണ്. തുടർന്നു തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഡോ.കെ.എൻ.രാജിനു കീഴിൽ ഗവേഷണം നടത്തി.
പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന് ഉയർന്നുവന്ന പ്രഗത്ഭനാണ് എം.കുഞ്ഞാമനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന് കേരളത്തിന്റെ വികസന കാര്യത്തിൽ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. വലിയ ശിഷ്യസഞ്ചയമുളള അധ്യാപകൻ, എഴുത്തുകാരൻ, എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ എതിര് എന്ന ആത്മകഥ ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനമുള്ളതായി. കേരളത്തിന് വലിയ നഷ്ടമാണ് ഈ വേർപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡോക്ടർ കുഞ്ചാമന് ആദരാഞ്ജലികൾ.
No comments:
Post a Comment