Pages

Monday, July 31, 2023

മഹാന്മാരായ 'കിറുക്കന്മാർ'

 

മഹാന്മാരായ 'കിറുക്കന്മാർ'



നമ്മൾ മനസ്സുകൊണ്ട് ആരാധിക്കുന്ന പല പ്രതിഭാധനന്മാരും അവരുടെ വ്യക്തിഗത ജീവിതത്തിലെ സ്വഭാവ വൈകൃതങ്ങൾ കൊണ്ട് 'മഹത്വ'വൽക്കരിക്കപ്പെട്ടവരാണ്. ചില ഉദാഹരണങ്ങൾ നോക്കാം.

ജീവിതം നിലനിർത്തുന്നതിന് അവശ്യം വേണ്ടതു മാത്രമേ ഒരാൾ ആഗ്രഹിക്കാവൂ എന്നും വാക്കുകളേക്കാൾ പ്രവൃത്തികൾക്കാണ് പ്രാധാന്യമെന്നും ഉറച്ച് വിശ്വസിച്ചിരുന്ന ഗ്രീക്ക് ചിന്തകനായിരുന്നു ഡയോജനസ്. തന്റെ ആശയങ്ങളെ സാധൂകരിക്കാനായി അദ്ദേഹം ശൈത്യകാലത്ത് പ്രതിമകളെ ആലിംഗനം ചെയ്തും, സൂര്യൻ  കത്തിജ്വലിച്ചു നിൽക്കുന്ന പകൽ സമയത്ത് വിളക്ക് കത്തിച്ചുപിടിച്ച്  തെരുവീഥികളിലെ മനുഷ്യരുടെ മുന്നിലൂടെ യഥാർത്ഥ 'മനുഷ്യനെ' തിരഞ്ഞ് നടക്കുകയും ചെയ്തിരുന്നു.  ചിത്തഭ്രമം  ബാധിച്ച 'സോക്രട്ടീസ്' എന്നാണ് പ്ലേറ്റോ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

'മോണ്ടി ക്രിസ്റ്റോ പ്രഭു,' 'മൂന്ന് മസ്കറ്റിയർമാർ' തുടങ്ങിയ ലോക ക്ലാസിക് കൃതികളുടെ ഫ്രഞ്ച് കർത്താവായ അലക്സാണ്ടർ ഡ്യൂമാസ് ന്റെ വ്യക്തിജീവിതം വളരെ വിചിത്രമായിരുന്നു. തന്റെ ഓരോ പുതിയ വിവാഹത്തിന് ശേഷവും ലഭിക്കുന്ന പുത്തൻ അനുഭവങ്ങളിൽ നിന്നുമായിരുന്നു ഓരോ പുതിയ രചനകൾ ജന്മം കൊണ്ടിരുന്നത്.  പത്രമാസികകൾക്കുള്ള

ലേഖനങ്ങൾ ചുവന്ന കടലാസിലും കവിതകൾ മഞ്ഞക്കടലാസിലും നോവലുകൾ നീല കടലാസിലുമാണ് അദ്ദേഹം എഴുതിയിരുന്നതത്രേ.  ഡ്യൂമാസ് സൃഷ്ടിച്ച 'മോണ്ടി ക്രിസ്റ്റോ' യുടെ കഥയാണ് മലയാളത്തിലെ ആദ്യത്തെ 70 എം എം സിനിമയായ 'പടയോട്ട'ത്തിന് ആധാരമായത്

ഇഷ്ടം പോലെ പണമുണ്ടാക്കി ധൂർത്തടിച്ച ഡ്യൂമാസിന് 1851 കടക്കാരെ പേടിച്ച് ബെൽജിയത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

പുകൾപെറ്റ റോമൻ കവിയായിരുന്ന വിർജിൽ തന്റെ ചെല്ലപ്രാണിയായി ഒരു തേനീച്ചയെ വളർത്തിയിരുന്നു. അൽപായസുള്ള തേനീച്ച ഒരു നാൾ പെട്ടെന്ന് ഓർമ്മയായത് അദ്ദേഹത്തിന് മാനസികമായി വലിയ ആഘാതമായി. വളരെയധികം വേദനിച്ച കവി, മരണമടഞ്ഞ തേനീച്ചയെ  ആധാരമാക്കി ധാരാളം കവിതകൾ രചിക്കുകയുണ്ടായി. കൂടാതെ തേനീച്ചയുടെ മരണാനന്തര ചടങ്ങുകൾക്കും ഘോഷയാത്രക്കുമായി ഒരു വലിയ തുകയും അദ്ദേഹം ചിലവഴിച്ചു.

ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രസിദ്ധ കവി കോൾറിഡ്ജ് ന്  ഓപ്പിയം (Opium) ത്തിന്റെ ലഹരി ശരിക്കും ഉള്ളിൽ ചെന്നെങ്കിലെ കവിതജന്മെമെടുക്കുമായിരുന്നുള്ളൂ. പക്ഷേ ലഹരിയുടെ പിടുത്തം വിടുന്നതോടെ  കവിതയുടെ ഒഴുക്കും പെട്ടെന്ന് അവസാനിക്കും. സ്വബോധത്തിലേക്ക് തിരിച്ചുവരുമ്പോൾ ലഹരിയുടെ സ്വാധീനത്തിൽ താൻ അപൂർണ്ണമാക്കിയ കവിതകൾ ഒരിക്കലും പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.  അവയെല്ലാം 'മുറിഞ്ഞുപോയ പവിഴങ്ങളായി' സാഹിത്യലോകം ഇന്നും അവയെ  കണക്കാക്കുന്നു. അദ്ദേഹത്തിന്റെ സുദീർഘമായ ഒരു കവിത മാത്രമാണ് ( The Rime of Ancient Mariner ) പൂർണ്ണതയിലുള്ളത്.

ലോകോത്തര റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയി രാത്രി 12 മണി കഴിഞ്ഞേ  സാഹിത്യ രചനയിൽ ഏർപ്പെട്ടിരുന്നുള്ളൂ. അതും മുറിയിൽ നടന്നുകൊണ്ട് പറഞ്ഞു കൊടുക്കും. ശിഷ്യർ എഴുതിയെടുക്കും. അത്രതന്നെ.

ബ്രിട്ടീഷ് ലക്സിക്കോഗ്രാഫർ  നിരൂപകൻ കവി എന്നീ നിലകളിൽ പ്രസിദ്ധനായ ഡോ. സാമുവൽ ജോൺസൺ സാധാരണ നടക്കാൻ പോയിരുന്ന സമയം വെളുപ്പിന് ഒരു മണി മുതൽ നാലുമണിവരെ ആയിരുന്നു.  അതിലും മറ്റൊരു സവിശേഷത, അദ്ദേഹം സമയത്ത് പാർക്കിലേക്ക് നടക്കുമ്പോൾ വഴിയിൽ കാണുന്ന എല്ലാ വിളക്ക് കാലുകൾക്കും ഒരു പ്രാവശ്യം ചുറ്റിയിട്ട് ആയിരിക്കും മുന്നോട്ട് പോകുക. ഏതെങ്കിലും ഒരു വിളക്കുകാലിന് വലം വയ്ക്കാൻ മറന്നാൽ പാർക്കിൽ എത്തിയിട്ടാ ണെങ്കിലും തിരിച്ചുവന്ന്  കർത്തവ്യം കൃത്യമായി നിറവേറ്റുമായിരുന്നു !

ഇംഗ്ലീഷ് ചിന്തകനും എഴുത്തുകാരനുമായിരുന്ന സി എം ജോഡ്  ഉത്കൃഷ്ടമായ ഗ്രന്ഥങ്ങൾ എഴുതി മനുഷ്യന്റെ സാംസ്കാരിക ചക്രവാളം വികസിപ്പിച്ചു. പക്ഷേ ടിക്കറ്റ് എടുക്കാതെ വണ്ടിയിൽ  യാത്ര ചെയ്യുക എന്നത് പുള്ളിക്കാരന്റെ ഒരു ഹോബി ആയിരുന്നു.  അധികൃതരിൽ നിന്നും ശിക്ഷ ലഭിക്കുബോഴും  ഒരു ഹോബിയായെ അതിനെയും  അദ്ദേഹം വീക്ഷിച്ചിരുന്നുള്ളൂ.

പ്രശസ്ത ഐറിഷ് പണ്ഡിതൻ റിച്ചാർഡ് കിർവാൻ ജലദോഷത്തെ ഭയങ്കരമായി പേടിച്ചിരുന്നു. ഇതു കാരണം തണുപ്പ് അകറ്റാൻ തന്റെ സ്വീകരണ മുറിയിൽ ഒരു തീക്കുണ്ഡം അദ്ദേഹം സദാസമയവും എരിച്ചു കൊണ്ടേയിരുന്നു.  പരമാവധി സമയം വീടിനു പുറത്തിറങ്ങാതെ അദ്ദേഹം കഴിച്ചുകൂട്ടി. സ്വഭാവം കാരണം സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അദ്ദേഹം ഒറ്റപ്പെട്ടു. ഇത്രയും ശ്രദ്ധയോടെ ജീവിച്ച അദ്ദേഹം 1812 ജൂൺ മാസം 79 ആം വയസ്സിൽ ഒരു ജലദോഷപനി ബാധിച്ചാണ് മരണപ്പെട്ടത് !

1838 ല്‍ ഫ്രഞ്ചുകാരുമായിട്ടുള്ള യുദ്ധത്തിൽ മെക്സിക്കൻ ജനറൽ സാന്റാ അന്നയുടെ ഒരു കാൽ നഷ്ടപ്പെട്ടു. അറ്റുവീണ കാലുമായിട്ടാണ് അദ്ദേഹം യുദ്ധമുന്നണിയിൽ നിന്നും തിരിച്ചു വന്നത്. അടുത്ത നാലുവർഷം സാന്റാ കാൽ  മരുന്നിൽ മുക്കി ഭദ്രമായി സൂക്ഷിച്ചുവച്ചു. 1842 അദ്ദേഹം മെക്സിക്കോയുടെ സർവ്വാധിപതിയായി. അധികാരത്തിലെത്തിയശേഷം അദ്ദേഹം ആദ്യം ചെയ്തത് രാജകീയ ബഹുമതികളോടെ തന്റെ മുറിഞ്ഞ കാലിന്റെ സംസ്കാര ചടങ്ങ് നടത്തുക എന്നതായിരുന്നു. വാദ്യാഘോഷങ്ങളുടെ അകമ്പടിയുമായി ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത 'ശവഘോഷയാത്ര' നഗരം ചുറ്റി മെക്സിക്കോ സിറ്റിയിലെ സെന്റ് പോൾ ദേവാലയത്തിൽ എത്തി. കാലിനെ അവിടെ നിർമ്മിച്ച സ്മാരകത്തിൽ പ്രതിഷ്ഠിച്ചു.  'വാഴ്ത്തപ്പെട്ട കാൽ'  കാണാൻ ജനങ്ങളുടെ പ്രവാഹമായിരുന്നു.  രണ്ടുവർഷത്തിനുശേഷം മെക്സിക്കോയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽ സാന്റാ  അന്ന യുടെകാൽ  മോഷ്ടിക്കപ്പെട്ടു.  അടുത്ത ദിവസം തന്നെ അധികാരഭ്രഷ്ടനായ സന്റാ അന്ന പെട്ടെന്ന് അപ്രത്യക്ഷനായി. പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ആർക്കും ലഭിച്ചിട്ടില്ല.

ഹോളിവുഡിലെ പ്രസിദ്ധ സിനിമ നിർമ്മാതാവായിരുന്ന ഹോവാർഡ് ഹഗ്സ്, 1957- നടി ജീൻ പീറ്റേഴ്സ്, രണ്ടാം ഭാര്യയായി വന്നതോടെ അദ്ദേഹത്തിന് മനോരോഗത്തിന്റെ  ലക്ഷണങ്ങൾ കണ്ടു തുടങ്ങി.  വൃത്തിയും ശുചിത്വവും ഒരു രോഗം പോലെ അദ്ദേഹത്തെ പിടികൂടി. എല്ലാവരിൽ നിന്നും അകലം പാലിച്ചു. ഭാര്യ ഉപയോഗിച്ച ഫ്രിഡ്ജ് പോലും അദ്ദേഹം ഉപയോഗിക്കാതെയായി. തന്റെ ഭക്ഷണത്തിൽ സ്പർശിക്കാൻ പോലും ഭാര്യയെ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ കിറുക്ക് കൂടിയപ്പോൾ ഭാര്യ പിണങ്ങിപോയി. പിന്നീട് ഒരു വിജനപ്രദേശത്ത് രഹസ്യമായിട്ടാണ് താമസിച്ചിരുന്നത്.  ഇഷ്ടവിനോദം അടച്ചിട്ട മുറിയിലിരുന്ന് സിനിമ കാണലും ഐസ്ക്രീം തീറ്റയും ആയിരുന്നു. താടിയും മുടിയും നഖവുമെല്ലാം നീട്ടി വളർത്തിയായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്. ഒരിക്കൽ മെക്സിക്കോയിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ വിമാനത്തിൽ വെച്ചാണ് ഹഗ്സ് മരണപ്പെട്ടത്. അപ്പോൾ അദ്ദേഹത്തിന്റെ ഭാരം വെറും 40 കിലോഗ്രാം മാത്രമായിരുന്നു. വിൽപ്പത്രമെഴുതി വയ്ക്കാതിരുന്നതിനാൽ തന്റെ 250 കോടി ഡോളറിന്റെ സമ്പാദ്യത്തിന്റെ കാര്യം എന്തായെന്ന് ആർക്കും ഒരു അറിവുമില്ല.

മറ്റുള്ളവരുടെ നോട്ടത്തിൽ സ്വഭാവവൈകൃതമെന്നു തോന്നാവുന്ന ഇത്തരം സ്വഭാവസവിശേഷതകൾക്കുടമകളായ എഴുത്തുകാർ മലയാളത്തിലുമുണ്ട്. മദ്യലഹരിയും സദാചാര വിരുദ്ധമായ ജീവിതവും കൊണ്ട് സമൂഹ വിരുദ്ധമായജീവിതം നയിച്ച എഴുത്തുകാരായിരുന്നു ചങ്ങമ്പുഴയും പി. കുഞ്ഞിരാമൻ നായരും. ഇവരുടെ സർഗ്ഗജീവിതത്തിലും അതിന്റെ പ്രതിഫലനം കാണാം. താൻ ഒരു മഹാപാപിയാണെന്ന ചിന്ത ചങ്ങമ്പുഴയെ നിരന്തരം അലട്ടിയിരുന്നു. 'പാടുന്ന പിശാച്', 'മനസ്വിനി' പോലെ നിരവധി കവിതകളിൽ കുമ്പസാരവും പശ്ചാത്താപവും കൊണ്ടു പിടയുന്ന കവിയെ കാണാം. പാപബോധവും കുമ്പസാരവും വീണ്ടും വീണ്ടും തെറ്റുകളിലേക്കു വഴുതിപ്പോകുന്നതിലുള്ള വ്യഥയും കൊണ്ടു പിടയുന്ന കവിയെ പി യുടെ 'കവിയുടെ കാൽ പാടുകൾ' എന്ന ആത്മകഥയിലും 'കളിയയച്ഛൻ' പോലുള്ള നിരവധി കവിതകളിലും കാണാം. ഭ്രാന്തിന്റെ ഉന്മാദഭാവന വൈക്കം മുഹമ്മദ്ബഷീറിന്റെ രചനകൾക്കും ഫാന്റസി യുടെ മായിക സൗന്ദര്യം നൽകുന്നു.

31--07--2023.

ഡോ.പി.എൻ.ഗംഗാധരൻ നായർ

No comments: