Pages

Sunday, July 23, 2023

സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമോ ?

 

സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമോ ?      



ഓസ്ട്രിയൻ ന്യൂറോ സൈക്കോളജിസ്റ്റ് ആയിരുന്ന സിഗ്മണ്ട്ഫ്രോയിഡ്, സ്വപ്ന രൂപീകരണത്തിന്റെ അടിസ്ഥാനമായ സങ്കീർണ പ്രക്രിയകളെ അപഗ്രഥിക്കുന്ന ' ദി  ഇന്റർപ്രട്ടേഷൻ ഓഫ് ഡ്രീംസ് ' എന്ന പുസ്തകം 1899 പ്രസിദ്ധീകരിച്ചു. അബോധാവസ്ഥയിലുള്ള ആഗ്രഹങ്ങളുടെ പ്രച്ഛന്നമായ ആവിഷ്കാരങ്ങളാണ് സ്വപ്നങ്ങൾ എന്നും അടിച്ചമർത്തപ്പെട്ട മാനസിക സംഘർഷങ്ങളെ പരിഹരിക്കാൻ ശ്രമിക്കുന്ന അബോധ മനസ്സിന്റെ പ്രതിഫലനമാണ് സ്വപ്നം എന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നു. സ്വപ്നം സത്യമായി ഭവിക്കുമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു.

ഇന്നത്തെ ഗ്രീക്കുകാരുടെയും റോമാക്കാരുടെയും അവരുടെ പൂർവികരുടെയും വിശ്വാസമനുസരിച്ചാ  ണെങ്കിൽ സ്വപ്നം ദൈവങ്ങളിൽ നിന്നോ മരിച്ചുപോയ പ്രിയപ്പെട്ടവരിൽ നിന്നൊ  ലഭിക്കുന്ന ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.  ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. എന്നാൽ സ്വപ്നങ്ങൾ ചിലപ്പോഴെങ്കിലും ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നതും അപ്രകാരം സംഭവിക്കുന്നതുമായ ഒട്ടേറെ അനുഭവങ്ങൾ നമുക്ക് ലഭ്യമാണ്.

1812 സെപ്റ്റംബർ മാസം നെപ്പോളിയന്റെ സൈന്യം റഷ്യയെ ആക്രമിക്കുന്ന സമയം. ഫ്രഞ്ച് സൈന്യത്തെ നയിച്ചിരുന്ന ജനറലിന്റെ ഭാര്യ കണ്ട ഒരു ദുസ്വപ്നത്തിൽ തന്റെ ഭർത്താവ് യുദ്ധക്കളത്തിൽ മരിച്ചു വീഴുന്നതായും ആരോ വിവരം തന്നോട് ഇപ്രകാരം വിളിച്ചു  പറയുന്നതായും കേട്ടു : "അവൻ വീണു, അവൻ വീണു, ബോറോഡിനോയിൽ വെച്ച് ".  സ്വപ്നത്തിൽ കണ്ട കാര്യം അവർ ഭർത്താവിനെ അറിയിച്ചു. രണ്ടുപേരുംകൂടി  ഭൂപടത്തിൽ ബോറോഡിനോ എന്ന സ്ഥലം എവിടെയാണെന്ന് പരിശോധിച്ചെങ്കിലും എങ്ങും കണ്ടെത്താനായില്ല. അതുകൊണ്ട് ഇക്കാര്യം അവഗണിച്ചുകൊണ്ട് സൈനിക ജനറൽ യുദ്ധത്തിനായി പുറപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു ശേഷം 1812 സെപ്റ്റംബർ ഏഴിന് റഷ്യൻ പട്ടാളം ഫ്രഞ്ച് സൈനികരുമായി ഏറ്റുമുട്ടി. മോസ്കോയിൽ നിന്നും 170 കിലോമീറ്റർ അകലെയുള്ള ബോറോഡിനോ എന്ന പ്രദേശത്ത് ആയിരുന്നു യുദ്ധം നടന്നത്. യുദ്ധ  മുന്നണിയിൽ വെച്ച് ഫ്രഞ്ച് ജനറൽ ദാരുണമായി കൊല്ലപ്പെട്ടു. വിവരം ദുഃഖത്തോടെ ജനറലിന്റെ ഭാര്യയുടെ അച്ഛൻ വന്ന്മകളെ വിളിച്ച് അറിയിച്ചത് ഇപ്രകാരമായിരുന്നു :

" അവൻ വീണു, അവൻ വീണു, ബോറോഡിനോയിൽ

വച്ച് " !

അമേരിക്കൻ ജനറലും പിന്നീട് യു എസ് പ്രസിഡന്റുമായിരുന്ന യൂളിസെസ് എസ് ഗ്രാന്റിന്റെ ഭാര്യ ജൂലിയ ഗ്രാന്റ്, 1865 ഏപ്രിൽ 14ന് അശുഭകരമായ സ്വപ്നം  കണ്ടു കൊണ്ടാണ് രാവിലെ ഞെട്ടി ഉണർന്നത്. അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ  തന്റെ ജനറലുമൊത്ത് ഒരു നാടകം കാണാൻ വാഷിംഗ്ടനിലേക്ക് അന്ന്  പോകാനാണ് നിശ്ചയിച്ചിരുന്നത്. അതേ ദിവസം എന്തോ ഭീകരമായ അപകടം തന്റെ ഭർത്താവിന് ഉണ്ടാകുമെന്ന ദുസ്വപ്നം കണ്ട്  അസ്വസ്ഥയായ ഭാര്യ, ജനറൽ ഗ്രാന്റിനെ വാഷിംഗ്ടൺലേക്ക് പോകുന്നതിൽ നിന്നും  വിലക്കി. ഭാര്യയുടെ ആശങ്ക മനസ്സിലാക്കിയ  ജനറൽ,  പ്രസിഡണ്ടിനെ വിളിച്ച് ചില അസൗകര്യങ്ങൾ പറഞ്ഞ് നാടകത്തിന് പോകുന്നതിൽ നിന്നും ഒഴിവായി. അന്ന് രാത്രി നാടകം കണ്ടുകൊണ്ടിരിക്കെ എബ്രഹാം ലിങ്കൺ,  ജോൺ വിൽകസ് ബൂത്ത് എന്ന കൊലയാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.   ലിങ്കനോടൊപ്പം ജനറൽ ഗ്രാന്റിനെയും വധിക്കാൻ ബൂത്ത് ഉദ്ദേശിച്ചി രുന്നതായി പിന്നീട് വാർത്തകൾ വരികയുണ്ടായി. അങ്ങനെ ഗ്രാന്റിന്റെ ഭാര്യയുടെ ദുസ്വപ്നം കൊണ്ടു മാത്രം  മരണത്തിൽ നിന്നും രക്ഷപ്പെട്ട യൂളിസെസ് ഗ്രാന്റ് പിന്നീട് യു എസ് പ്രസിഡന്റ് ആയി !

അമേരിക്കൻ എഴുത്തുകാരൻ മാർക്ട്വയിൻ ഒരിക്കൽ സഹോദരിയുടെ വീട്ടിൽ ഉറങ്ങവേ ഒരു സ്വപ്നം കണ്ടു:  ലോഹത്തിൽ തീർത്ത ഒരു ശവപ്പെട്ടിയിൽ തന്റെ സഹോദരൻ ഹെൻട്രിയുടെ ശവശരീരം രണ്ടു കസേരകൾ ചേർത്തിട്ട് അതിന്മേൽ വെച്ചിരിക്കുന്നു. കടും ചുവപ്പു നിറത്തിലുള്ള ഒരു പൂവോടുകൂടിയ ബൊക്കെയും അതിന്മേൽ വച്ചിരുന്നു.

ഏതാനും ആഴ്ചകൾക്ക് ശേഷം സഹോദരൻ ഹെൻട്രി ഒരു ബോട്ടപകടത്തിൽ മറ്റ് നിരവധി പേരോടൊപ്പം മരണപ്പെട്ടു. മരിച്ച എല്ലാവരെയും മരപ്പെട്ടികളിൽ അടക്കിയിരുന്നു. എന്നാൽ പ്രായം വളരെ കുറവായിരുന്ന ഹെൻട്രിയെ ഓർത്ത് ദുഃഖം തോന്നിയ ചിലർ പണം പിരിച്ച് അവനു മാത്രമായി ലോഹം  കൊണ്ടുള്ള ഒരു ശവപ്പെട്ടി ഉണ്ടാക്കിച്ചു. മരണവാർത്ത അറിഞ്ഞ് മാർക്ട്വയിൻ  സഹോദരിയുടെ വീട്ടിലെത്തിയപ്പോൾ കണ്ടത് താൻ നേരത്തെ സ്വപ്നത്തിൽ കണ്ട അതേ ദൃശ്യമായിരുന്നു.  ലോഹം കൊണ്ടുള്ള ശവപ്പെട്ടിയിൽ സഹോദരന്റെ മൃതദേഹം രണ്ടു കസേരകളിലായി വെച്ചിരിക്കുന്നു. ബൊക്കെ മാത്രമേ കുറവുണ്ടായിരുന്നുള്ളൂ. മാർക്ട്വയിൻ മൃതദേഹത്തിന് അരിയിൽ നിൽക്കെ ഒരു സ്ത്രീ കടന്നുവന്ന് വെളുത്ത പൂക്കൾ കൊണ്ടുള്ള ഒരു ബൊക്കെ ശവപ്പെട്ടിമേൽ വച്ചു. അതിന്റെ നടുവിൽ കടും ചുവപ്പു നിറമുള്ള ഒരു പൂവും ഉണ്ടായിരുന്നു. സ്വപ്നം യഥാർത്ഥ ജീവിതത്തിൽ അതേപോലെ സംഭവിച്ചത് മാർക്ട്വയിനെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്.

ജൂലിയസ്സീസർ റോമൻ ഭരണകർത്താവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു.ലോകം കണ്ട മികച്ച യുദ്ധ തന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ 55 ആം  വയസ്സിൽ ആയുധധാരികളായ ഒരു കൂട്ടം മിത്രങ്ങളും ശത്രുക്കളുമായപ്രഭുക്കന്മാർ 15 മാർച്ച് 44 ബി സി യിൽ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് അതിദാരുണമായി വധിക്കുകയുണ്ടായി. സംഭവം നടക്കുന്നതിന്റെ തലേരാത്രിയിൽ സീസറിന്റെ പത്നി കൽപർണിയ ഒരു ദുസ്വപ്നം കണ്ടു. സീസറിന്റെ പ്രതിമയിൽ ഉണ്ടായ അനേകം മുറിവുകളിൽ നിന്നും രക്തം ശക്തിയായി പുറത്തേക്ക് ചീറ്റുന്നതായും രക്തത്തിൽ ധാരാളം റോമാക്കാർ സന്തോഷത്തോടെ കൈ കഴുകുന്നതുമായിരുന്നു സ്വപ്നം.  സ്വപ്നം കണ്ട് പരിഭ്രാന്തയായി ഉണർന്ന അവർ ഉറക്കെ  വിളിച്ചുപറഞ്ഞു : "സഹായിക്കൂ, സീസറെ കൊല്ലുന്നു".  പിറ്റേന്ന് രാവിലെ ഭർത്താവിനോട് താൻ കണ്ട ദുസ്വപ്നത്തിന്റെ ഭീകരത വിശദീകരിച്ചിട്ട് സെനറ്റ്  യോഗത്തിന്  പോകുന്നതിൽ നിന്നും  അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. പക്ഷേ സീസർ വഴങ്ങിയില്ല. ഭാര്യ ഒരു ദുസ്വപ്നം കണ്ടതുകൊണ്ട് ധീരനായ സീസർ സെനെറ്റിലേക്ക് വരുന്നില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അത്  സീസർക്ക് സഹിക്കാനാ വുന്നതിലുമപ്പുറമായിരുന്നു. വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് വീണ്ടും പലരിൽ നിന്നും മുന്നറിയിപ്പ് കിട്ടിയിട്ടും അതെല്ലാം അവഗണിച്ച് സീസർ സധൈര്യം സെനറ്റിൽ എത്തി. എന്നാൽ തികച്ചും അപ്രതീക്ഷിതമായി, തന്റെ പ്രിയപ്പെട്ട സുഹൃത്ത് ബ്രൂട്ടസിൽ നിന്നുപോലും  ഉണ്ടായ അതിക്രൂരമായ  ആക്രമണത്തെ നേരിട്ട് കാണേണ്ടി വന്നപ്പോൾ താൻ അതുവരെ ചെറുത്തുനിൽക്കാൻ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു പോവുകയും തുടർന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമാണു ണ്ടായത്.

1599  ഷേക്സ്പിയർ രചിച്ച 'ജൂലിയസ്സീസർ' എന്ന മികച്ച ചരിത്ര നാടകം ബിസി 44 നടന്ന   ചരിത്രകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.

സ്വപ്ന   സാക്ഷാത്കാരത്തെ കുറിച്ചുള്ള അതിശയിപ്പിക്കുന്ന അനുഭവങ്ങൾ നമ്മളിൽ പലർക്കും ഉണ്ടാകുമല്ലോ.

പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയിലോ തന്റെ വിഖ്യാത നോവലായ

' ദി ആൽക്കമിസ്റ്റ്,' ലൂടെ വായനക്കാരെ ഓർമ്മപ്പെടുത്തുന്ന പ്രധാന കാര്യം ഇതാണ് : വലിയ സ്വപ്നം കാണുകയും അതിന്റെ പൂർത്തീകരണത്തിന്  നിരന്തരമായി കഠിനാധ്വാനവും  ചെയ്താൽ നമ്മൾ വിശ്വസിക്കുന്ന എല്ലാ ശക്തികളും നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിനായി കൂടെ നിന്ന്  പ്രവൃത്തിക്കും.

എന്നാൽ സ്വപ്നം ഇന്നും ഒരു പ്രഹേളികയായി അവശേഷിക്കുന്നു. ഭാവഗായകൻ വയലാർ പാടിയത് പോലെ  : "സ്വപ്നങ്ങൾസ്വപ്നങ്ങളേ,

നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ.

നിങ്ങളീ ഭൂമിയിലില്ലാതിരുന്നെങ്കിൽ

നിശ്ചലം ശൂന്യമീ ലോകം."

24--07--203.

ഡോ. പി. എൻ.ഗംഗാധരൻ  നായർ

🌹               🌹

No comments: