Pages

Monday, July 17, 2023

പിതൃപൂജയുടെ സുകൃതവുമായി ഒരു കർക്കടക അമാവാസി കൂടി.

 

പിതൃപൂജയുടെ സുകൃതവുമായി ഒരു കർക്കടക അമാവാസി കൂടി.



നമ്മൾക്ക് ജന്മം നൽകി, വളർത്തി, മിടുക്കരാക്കി, ജീവിതം മുഴുവൻനമുക്ക് വേണ്ടി ഹോമിച്ച,ഒരു പരിഭവവും കണക്കുകളും പറയാതെ നമ്മേ വിട്ടുപോയ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും അനുസ്മരിക്കാനുള്ള അവസരമാണ് വാവുബലി.

കർക്കടകമാസം പുണ്യങ്ങളുടെ മാസമാണ്.രാമനാമസ്തുതികൾ മന്ത്രമുഖരിതമാക്കുന്ന മാസം ദക്ഷിണായനത്തിലെ കറുത്ത അമാവാസിയായ

കർക്കടകവാവ് പിതൃപൂജയ്ക്കുള്ള ദിവസമാണ്. മൺമറഞ്ഞുപോയ പിതൃക്കളുടെ അത്മമോക്ഷത്തിനും അനുഗ്രഹത്തിനുമായി കർക്കടകവാവിൽ ലക്ഷക്കണക്കിന് ആളുകളാണ് മഹാവിഷ്ണുപ്രതിഷ്ഠയുള്ള ക്ഷേത്രതീരങ്ങളിലേക്ക് എത്തുന്നത്. മരണത്തിന്റെ അനിവാര്യതയിലേയ്ക്ക് മറഞ്ഞു പോയ പിതൃക്കൾക്ക് സന്തതിപരമ്പരകളിലൂടെയാണ് ഇഹലോകബന്ധം പ്രാപ്തമാകുന്നത്.ദക്ഷിണായനത്തിലെ അമാവാസി പിതൃക്കൾക്കു പകലും ദേവകൾക്ക് രാത്രിയുമാണ്..അതിനാൽതന്നെ ദിനം വളരെ പ്രധാനപ്പെട്ടതാണ്.സൂര്യൻ ഭൂമിയ്ക്കും ചന്ദ്രനുമിടയിൽ വരുന്ന, സൂര്യകിരണങ്ങൾ ആത്മാക്കളുടെ വാസസ്ഥലമായ ചന്ദ്രലോകത്ത് നേരിട്ടു പതിക്കുന്ന ദിവസമാണ് കർക്കടകവാവ്.അന്നേ ദിനം സന്തതിപരമ്പരകൾ വ്രതശുദ്ധിയോടെ ചെയ്യുന്ന തർപ്പണമേറ്റു വാങ്ങി ആത്മാവ് നിർവൃതിയടയുന്നു എന്നാണ് സങ്കല്പം.

കർക്കടകനാളിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ,ഗൃഹദോഷം,മംഗല്യദോഷം,സന്താനദോഷം,രോഗപീഢ തുടങ്ങി സകലദോഷങ്ങളും മാറുന്നു. പ്രാർത്ഥനയോടെ സ്മരിച്ച് ഇലയിൽ പച്ചരിയും എള്ളും പൂവും ജലവും സമർപ്പിച്ച്,സകലപാപങ്ങളും പൊറുത്ത് അനുഗ്രഹിക്കണേയെന്നപേക്ഷിച്ച് ബലിച്ചോറ് തലയിലേറ്റി പുണ്യതീർത്ഥത്തിൽ മൂന്നു തവണ മുങ്ങിയൊഴുക്കുമ്പോൾ സ്ഥൂലമായ മനുഷ്യമനസ്സും,സൂക്ഷ്മമായി പരബ്രഹ്മത്തിലലിഞ്ഞു ചേർന്ന ആത്മാവും ഒരു പോലെ തൃപ്തിയടയുന്നു.

പ്രൊഫ. ജോൺ കുരാക്കാർ

No comments: