Pages

Monday, April 17, 2023

കേരളം ചുട്ടു പൊള്ളുന്നു. വേനൽ രോഗങ്ങൾ പടരുന്നു.

 

കേരളം ചുട്ടു പൊള്ളുന്നു.

വേനൽ  രോഗങ്ങൾ  പടരുന്നു.

കേരളത്തില്‍ അതി കഠിനമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചൂട് കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍പോക്സ്  തുടങ്ങിയ  വേനൽ രോഗങ്ങൾ  പടർന്നു  പിടിക്കുന്നു.. വൈറൽ  പനികളും  കോവിഡ് തുടങ്ങിയവയും റിപ്പോര്‍ട്ട്ചെയ്യപ്പെടുന്നുണ്ട്. ഓരോ ദിവസം കഴിയുംതോറും ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിനാലാണ് രോഗബാധിതരുടെ എണ്ണം കൂടുന്നത്. മഞ്ഞപ്പിത്തം പേലെയുള്ള രോഗങ്ങളും നേത്രരോഗങ്ങളുമൊക്കെ ആളുകൾക്ക് പിടിപെടുന്നു.

വേനല്‍ക്കാലത്ത് ഇവ സര്‍വ്വസാധാരണമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും.

അതിനാല്‍ വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാന്‍ നാം മുന്‍കരുതലുകള്‍ എടുത്തേ മതിയാകൂ. പാലക്കാട്. തൃശൂർ, കൊല്ലം തുടങ്ങിയ  ജില്ലകളിൽ  താപനില 46° ആണ്  . വരും  ദിവസങ്ങളിൽ ഇതിലും കൂടുമെന്നാണ് പ്രവചനം . കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിന്റെ കാലാവസ്ഥയിൽ വന്ന മാറ്റം അതി ഭയാനകമാണ്.എല്ലാ തരത്തിലും  ജീവിക്കാൻ പറ്റാത്ത നാടായി  കേരളം മാറുകയാണോ?

അതികഠിനമായ  ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി   ഉണർന്ന് പ്രവൃത്തിക്കേണ്ടിയിരിക്കുന്നു.  ജനങ്ങൾ  പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കാതെ നോക്കണം. നിര്‍ജലീകരണം തടയാന്‍  ധാരാളം കുടിവെള്ളം  കുടിക്കണം.

വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് മുൻ കരുതലുകൾ എടുക്കണം.വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ  കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ  തയാറാകണം.പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ശുദ്ധ ജല ലഭ്യത ഉറപ്പാക്കണം.

മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം.അസുഖം ബാധിച്ചതായി സംശയം തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ  ഡോക്ടറെ കണ്ട് വൈദ്യപരിശോധന നടത്തണം.അതികഠിനമായ    വേനൽകാലത്ത്  സർക്കാരും  ആരോഗ്യവകുപ്പും  ജാഗ്രത  പുലർത്തണം.

പ്രോഫ. ജോൺ കുരാക്കാർ

 

 

No comments: