Pages

Saturday, August 8, 2020

കേരളത്തെ കണ്ണീരണിയിച്ച മൂന്നാർ രാജമല ദുരന്തവും കരിപ്പൂർ വിമാനാപകടവും

 

കേരളത്തെ കണ്ണീരണിയിച്ച മൂന്നാർ

രാജമല ദുരന്തവും കരിപ്പൂർ വിമാനാപകടവും


ഇന്നലെ ,2020  ഓഗസ്റ്റ്  7 ന്  മൂന്നാർ രാജമലയിലും കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തിലുമുണ്ടായ ദുരന്തങ്ങൾ കേരളത്തെഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ് .കഴിഞ്ഞവർഷം  ഏതാണ്ട്  ഇതേ സമയത്ത്  കവളപ്പാറയിലുണ്ടായ  ദുരന്തത്തിന്  സമാന ദുരന്തമാണ് ഇന്ന് രാജമലയിൽ  ഉണ്ടായത് . ഒട്ടേറെ ജീവഹാനിയുണ്ടാക്കിയ കനത്ത ഉരുൾപൊട്ടലുകളുടെ ഒന്നാം വാർഷികത്തിന്റെ തലേന്ന് നാം ആദ്യം കേട്ടത് രാജമലയിലെ വലിയ ഉരുൾപൊട്ടലിനെക്കുറിച്ചുള്ള ദുരന്തവാർത്തയാണ്. കനത്ത മഴയിൽ ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം  റൺവേയിൽനിന്നു തെന്നിനീങ്ങി താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിലും ഏറെ ജീവഹാനിയുണ്ടായതോടെ ആഘാതം ഇരട്ടിയായി. ദുബായിൽനിന്നു കോഴിക്കോട്ടെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപെട്ടത്. കോവിഡ്കാലത്തു ജന്മദേശത്തിന്റെ സ്നേഹത്തിലേക്കും സുരക്ഷിതത്വത്തിലേക്കും പറന്നുവന്ന യാത്രക്കാർക്കുണ്ടായ ദുർവിധി അത്യധികം വേദനാജനകമാണ്. കനത്ത മഴയെത്തുടർന്നുണ്ടായ കാഴ്ചാതടസ്സവും റൺവേയിലെ വെള്ളക്കെട്ടുമാണ് അപകടമുണ്ടാക്കിയതെന്നാണു പ്രാഥമിക നിഗമനം. മംഗളൂരു വിമാനത്താവളത്തിൽ പത്തു വർഷംമുൻപു സമാനമായ വിമാനാപകടം നടന്നതുകൂടി ഒാർമിക്കാം. 158 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടസാധ്യതയേറിയ ടേബിൾടോപ് റൺവേയാണ് രണ്ടിടത്തെയും പ്രത്യേകത.

അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിൽ ദുരന്തങ്ങളും അപകടങ്ങളും എപ്പോഴും മുന്നിൽക്കണ്ട്, അവയ്ക്കെതിരെ നാം ജാഗ്രതയോടെ സജ്ജരാകേണ്ടതുണ്ടെന്ന അടിസ്ഥാനപാഠം വീണ്ടും ഓർമിപ്പിക്കുകയാണ് ഒരേ ദിവസമുണ്ടായ രണ്ടു സംഭവങ്ങളും. കനത്ത മഴയും തകർന്ന വാർത്താവിനിമയ സംവിധാനങ്ങളും ദുരന്തപ്രദേശത്തേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമൊക്കെ രാജമലയിലെ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചതു പാഠമായി നമുക്കു മുന്നിലുണ്ടാവണം. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുൾപൊട്ടലിലും മറ്റുമായി ഒട്ടേറെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഒന്നാം സങ്കടവാർഷികമായ ഇന്ന്, ദുരന്തങ്ങളിലെ പാഠങ്ങൾ എത്രത്തോളം കേരളം മനസ്സിലാക്കിയിരുന്നു എന്ന്  ആത്മപരിശോധന നടത്തണം.അപൂർവമായിരുന്ന ഉരുൾപൊട്ടൽ ദുരന്തങ്ങൾ തുടർച്ചയായി ആവർത്തിക്കുന്നത് മലയോരമേഖലയിലെ  ലക്ഷക്കണക്കിനു പേരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2018 ചെറുതും വലുതുമായ അയ്യായിരത്തോളം ഉരുൾപൊട്ടലുകളാണു കേരളത്തിലുണ്ടായത്. 152 പേരുടെ ജീവൻ നഷ്ടമായി. കഴിഞ്ഞ വർഷം വലിയ ഉരുൾപൊട്ടലുകളിൽ എൺപതോളം മരണമാണു സ്ഥിരീകരിച്ചത്. 2016 വരെയുള്ള അഞ്ചു പതിറ്റാണ്ടിനിടെ ഉരുൾപൊട്ടലുകളിൽ 295 പേരാണു മരിച്ചതെങ്കിൽ, ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെ മാത്രം മരണസംഖ്യ 230 പിന്നിട്ടിരിക്കുന്നു.

കരിപ്പൂർ ദുരന്തത്തിൽ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകൾ കിട്ടി. കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ നൽകും. ഇത് ഇടക്കാല ആശ്വാസമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കരിപ്പൂർ വിമാന അപകടത്തിൽ 18 പേരാണ് മരിച്ചത്. 149 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.  വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം ഓടിച്ചത്. അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തി. രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മഹാമാരിക്കിടയിൽ ചക്രശ്വാസം വലിക്കുന്ന  കേരള ജനതയെ   ദുരന്തങ്ങൾ പിന്തുടരുകയാണ്.   പേമാരിയുടെ രൂപത്തിൽ  വീണ്ടും പ്രഹരങ്ങൾ. എല്ലാതരത്തിലുമുള്ള പ്രതികൂലാവസ്ഥകളോടും ദുരിതങ്ങളോടും പൊരുതി ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികുടുംബങ്ങളെയാണ് പ്രളയത്തിന്റെ ഉരുളുകൾ തട്ടിയെടുത്തത്.  ദുരന്തനിവാരണ പ്രവർത്തകർക്ക് എത്തിപ്പെടുകപോലും ദുഷ്കരമായ സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്. എന്നിട്ടും മണ്ണിനടിയിൽനിന്ന് കുറേപ്പേരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞത് ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെയാണ്.  മൂന്നുവർഷമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന അതിവർഷം കാലാവസ്ഥാവ്യതിയാനത്തിന്റെ രൂക്ഷതയാണ് പ്രകടമാക്കുന്നത്. ആർക്കും പിടിച്ചുനിർത്താനോ നിയന്ത്രിക്കാനോ കഴിയാത്തതാണ് അതിതീവ്രമഴയടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ. പക്ഷേ, പ്രതിഭാസങ്ങളുണ്ടാകുമ്പോൾ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും ദുരന്തമുണ്ടാകാതിരിക്കാനുള്ള കരുതലുകൾക്ക്  പാളിച്ച വന്നിട്ടുണ്ടി  എന്ന്  പരിശോധിക്കണം .മണ്ണിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുമ്പോൾ ഭരണാധികാരികൾ പരിസ്ഥിതി സൗഹൃദനിർമാണ രീതികളെക്കുറിച്ച് വാചാലരാകും . കുറെ ദിവസം കഴിയുമ്പോൾ പരിസ്ഥിതിക്ക് എത്രയും ആഘാതമുണ്ടാക്കുന്നതരത്തിലുള്ള വികസന പദ്ധതികളുമായി  മുന്നോട്ടു പോകുകയും ചെയ്യുംപരിസ്ഥിതി ലോലമേഖലകളുടെ     സംരക്ഷണത്തെ  കുറിച്ച്  മാധവ്ഗാഡ്ഗിൽ പറയുകയും  രൂപരേഖ തയാറാക്കുകയും  ചെയ്തിട്ടുണ്ട് .എന്നാൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അതിനെ പൂർണമായി നിരാകരിക്കുകയും ഗാഡ്ഗിലിനെ അപഹസിക്കുകയുമാണ് ചെയ്തത്.

പാരിസ്ഥിതികാനുമതിപോലുമില്ലാത്ത ആയിരക്കണക്കിന് അനധികൃത ക്വാറികൾ   കേരളത്തിൽ നിർബാധം പ്രവർത്തിക്കുന്നു .പാരിസ്ഥിതികാഘാതപഠനം നടത്താതെ വ്യവസായങ്ങൾക്കും മറ്റും അനുമതി നൽകുന്നതിന് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നത്   ശരിയാണോ  എന്ന് ചിന്തിക്കുക .താത്കാലികമായ ജീവിതസൗകര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിസംരക്ഷണ നിയമങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്നത് ശരിയല്ല .രാജമല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിമൂന്നായി. ഇനിയും  ഉയരാനാണ്  സാധ്യ. .പ്രകൃതിയുടെ  കാവലാളാകാൻ  നമുക്ക്  കഴിയണം  രണ്ട്  ദുരന്തങ്ങളിലും  ജീവൻ   നഷ്ടപ്പെട്ട  നമ്മുടെ  സഹോദരങ്ങൾക്ക്  ആദാരാജാലികൾ അർപ്പിക്കുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: