Pages

Friday, July 3, 2020

തുത്തുക്കുടി സാത്താൻകുളം പൊലീസിൻറെ ക്രൂരത


തുത്തുക്കുടി  സാത്താൻകുളം പൊലീസിൻറെ ക്രൂരത
തൂത്തുക്കുടിയില്‍  സാത്താൻകുളം പൊലീസ് സ്‌റ്റേഷനിൽ അച്ഛനേയും  മകനേയും   കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ  സംഭവത്തില്‍ അഞ്ച് പൊലീസുകാർ  അറസ്റ്റിൽ.ജനം തെരുവിൽ പടക്കംപൊട്ടിച്ചാണ്‌ പൊലീസുകാരുടെ അറസ്‌റ്റ്‌ ആഘോഷിച്ചത്‌.കോവിഡ്‌ മഹാമാരി പടർന്നുപിടിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ തമിഴ്‌നാട്‌. രോഗികളുടെ എണ്ണം 90,000 ത്തിലധികമായി. മരണസംഖ്യ 1200‌ കടന്നു. രോഗപ്പകർച്ച തടയുന്നതിനായി കഠിനമായ ശ്രമം നടക്കുമ്പോഴാണ്‌ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച്‌ തമിഴ്‌നാട്‌ പൊലീസ്‌ ഒരു അച്‌ഛനെയും മകനെയും‌ കസ്‌റ്റഡിയിൽ മർദിച്ചുകൊന്നത്‌. ലോക്‌ഡൗൺ നടപ്പിലാക്കുന്നതിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും കേരളത്തിലടക്കം പൊലീസ്‌ മികച്ച പ്രവർത്തനം നടത്തുന്ന വേളയിൽത്തന്നെയാണ്‌ തമിഴ്‌നാട്ടിൽ കസ്‌റ്റഡിയിൽ ഇരട്ടക്കൊല നടന്നത്‌. തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളം പൊലീസ്‌ സ്‌റ്റേഷനിലാണ്‌ ക്രൂരപീഡനം നടന്നത്‌.
മരവ്യാപാരിയും മൊബൈൽ കടയുടമയുമായ ജയരാജ്, മകൻ മുപ്പത്തൊന്നുകാരനായ ബെന്നിക്സ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ അതി ക്രൂരമായി കൊല്ലപ്പെട്ടത്. ജൂൺ 19നായിരുന്നു സംഭവങ്ങളുടെ തുടക്കം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് കടകൾ പ്രവർത്തിക്കാൻ നിശ്ചിത സമയം അനുവദിച്ചിരുന്നു. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ല എന്നുപറഞ്ഞ് ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെക്കുറിച്ച് തിരക്കാനായി സ്റ്റേഷനിലെത്തിയ മകൻ ബെന്നിക്സ് അച്ഛനെ പൊലീസുകാർ ക്രൂരമായി മർദ്ദിക്കുന്നതാണ് കണ്ടത്. അസഭ്യം വിളിച്ചു എന്നുപറഞ്ഞ് ബെനിക്സിനെയും പൊലീസ് അപ്പോൾത്തന്നെ കസ്റ്റഡിയിലെടുത്തു.തുടർന്ന് ഇരുവരെയും മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചു. പ്രത്യേക പൊലീസ് സംഘമായിരുന്നു മർദ്ദനത്തിനും ഉരുട്ടലിനും നേതൃത്വം നൽകിയത്. ഇരുമ്പുകമ്പികൊണ്ട് മലദ്വാരത്തിൽ കുത്തുകയും ചെയ്തു. ക്രൂരപീഡനങ്ങളേറ്റ് ഇരുവരുടെയും ആന്തരാവയവങ്ങൾക്ക് ക്ഷതമേറ്റു. ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് ഇരുവരും മരിച്ചത്.
അമേരിക്കയിൽ മെയ്‌ 25 ന്‌ പൊലീസിന്റെ വംശീയവെറിക്കിരയായ കറുത്തവംശജൻ ജോർജ്‌ ഫ്‌ളോയ്‌ഡ്‌ വധത്തോടാണ്‌ ജയരാജിന്റെയും ബെനിക്‌സിന്റെയും കൊലപാതകം താരതമ്യം ചെയ്യപ്പെട്ടത്‌. ഏതായാലും തമിഴ്‌നാട്ടിലെ തെരുവുകളിൽ പ്രതിഷേധം ഇരമ്പി.ഹൈക്കോടതിയുടെ മധുര ബെഞ്ചും കേസിൽ സ്വമേധയാ ഇടപെട്ട്‌ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. തൂത്തുക്കുടിയിലെ സാത്താൻകുളം പൊലീസ്‌ സ്‌റ്റേഷൻ തന്നെ ഹൈക്കോടതി ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി.ഹൈക്കോടതി ഉത്തരവിട്ട അന്വേഷണവുമായി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ സഹകരിക്കാത്തതിനെ തുടർന്നാണിത്‌. ഫോറൻസിക്‌ അഡീഷനൽ ഡയറക്ടറോട്‌ വിദഗ്‌ധ സംഘത്തെ അയച്ച്‌ തെളിവെടുപ്പ്‌ നടത്താനും ഹൈക്കോടതി ആവശ്യപ്പെട്ടു.
ലോക്ക്‌ഡൗൺ നിയന്ത്രണം ലംഘിച്ചുവെന്ന നിസ്സാരകാര്യം പറഞ്ഞാണ്‌ പെലീസ്‌ ജയരാജിനെയും മകനെയും  അറസ്‌റ്റ്‌ ചെയ്‌തത്‌. രാത്രി എട്ടിന്‌ കടകൾ അടയ്‌ക്കണമെന്നാണ്‌ ഉത്തരവ്‌. സാത്താൻകുളത്ത്‌ മൊബൈൽ സാത്താൻകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻറെ  നടപടിയും പരക്കെ വിമർശിക്കപ്പെട്ടു. സാത്താൻകുളം അഡീഷണൽ മജിസ്‌ട്രേട്ടിനെ പിരിച്ചുവിടണമെന്ന്‌ ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്‌റ്റിസ്‌ ചന്ദ്രു ആവശ്യപെട്ടു .പ്രതിഷേധം ശക്തമായപ്പോൾ തെളിവുകൾ നശിപ്പിക്കാനും കള്ളക്കഥ മെനയാനുമാണ്‌   പൊലീസ്‌ തയ്യാറായത്‌.ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പൊലീസുകാർ തന്നെ അവരുടെ ജീവനപഹരിക്കുന്ന കാടത്തമാണ്‌ സാത്താൻകുളത്ത്‌ അരങ്ങേറിയത്‌. 2006 ൽ ഇതേ പൊലീസ്‌ സ്‌റ്റേഷനിൽ കസ്‌റ്റഡി കൊലപാതകം നടന്നതാണ്‌. എന്നിട്ടും അതാവർത്തിക്കുന്നുവെന്ന്‌ പറയുന്നത്‌ പൊലീസ്‌ സേനയിൽ ഇനിയും പരിഷ്‌കാരങ്ങൾ വേണമെന്നതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.  2001 നും 2018 നും ഇടയിൽ 1727 പേർ പൊലീസ്‌ കസ്‌റ്റഡിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ടുവെന്നാണ്‌ കണക്ക്‌. ഇതിൽ 810 കേസുകളിൽ മാത്രമാണ്‌ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുള്ളത്‌.പ്രതികളായ പൊലീസുകാരെ ശിക്ഷിക്കണം,കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും   രജനീകാന്ത്  പറഞ്ഞു . കുറ്റക്കാർ ശിക്ഷിക്കപെടുകതന്നെ  വേണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: