Pages

Friday, June 5, 2020

പ്രകൃതി ചൂഷണംഅവസാനിപ്പിച്ചില്ലെങ്കിൽ ഭൂമി വാസയോഗ്യമല്ലാതാകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.


പ്രകൃതി ചൂഷണംഅവസാനിപ്പിച്ചില്ലെങ്കിൽ ഭൂമി വാസയോഗ്യമല്ലാതാകുമെന്ന്  ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
കാലാവസ്ഥാവ്യതിയാനം നേരിടാനും ആഗോളതാപനം കുറച്ചുകൊണ്ടുവരാനും ലോകരാജ്യങ്ങൾ അടിയന്തരശ്രദ്ധ കാണിച്ചില്ലെങ്കിൽ ഭൂമി വാസയോഗ്യമല്ലാതാവുമെന്ന മുന്നറിയിപ്പ് ശാസ്ത്രലോകം നൽകിക്കഴിഞ്ഞു.അപമാനത്താല്‍ കുനിഞ്ഞ ശിരസുമായാണ് കേരളം ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പൈനാപ്പിളില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് ദാഹജലംപോലും ഇറക്കാനാവാതെ കാട്ടാന ചെരിഞ്ഞ സംഭവമാണ് കേരളത്തെ അപമാനിതമാക്കിയിരിക്കുന്നത്. ഉദരത്തിലുണ്ടായിരുന്ന കുട്ടിയോടൊപ്പമാണ് വേദനാജനകമായ അന്ത്യമെന്നത് കേരളത്തിന്റെ കുറ്റബോധം ഇരട്ടിപ്പിക്കുന്നു ..
പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും പ്രകൃതിക്കും മനുഷ്യന്‍ ഏല്പിച്ച അതീവ ഗുരുതരങ്ങളായ ആഘാതങ്ങൾക്ക്  തിരിച്ചടിയെന്നപോലെ  കൊറോണ എന്ന മഹാവ്യാധിയും  മനുഷ്യനെ  വേട്ടയാടുകയാണ്.   ലോകം    ഇങ്ങനെ  വലിയൊരു ദുരന്തമുഖത്ത് നിൽക്കുമ്പോഴാണ് ഈ വർഷത്തെ പരിസ്ഥിതിദിനം. മനുഷ്യന്റെ വികസനപ്പൊങ്ങച്ചങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ടാണ് വൈറസിന്റെ മരണതാണ്ഡവം. അന്തമില്ലാത്ത പ്രപഞ്ചത്തിലെ നിസ്സാരനായ ഒരു ജീവിവർഗംമാത്രമാണ് നീയെന്ന് മനുഷ്യനെ ഈ മഹാമാരി ഓർമിപ്പിക്കുന്നു. ‘പ്രകൃതിക്കുവേണ്ടിയുള്ള സമയം ആഗതമായിഎന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണ് ഈ സന്ദേശത്തിന്റെ ഊന്നൽ.  സൂക്ഷ്മജീവികളുടെപോലും നിലനിൽപ്പ് ഭൂമിയുടെ അതിജീവനത്തിന് അനിവാര്യമാണ്. ഒന്നില്ലെങ്കിൽ മറ്റൊന്നില്ല. ആവാസശൃംഖലയുടെ കണ്ണിപൊട്ടാതെ സൂക്ഷിക്കുകയെന്നത് അതുകൊണ്ടുതന്നെ പ്രാധാന്യമർഹിക്കുന്നു. മൃഗങ്ങളോടുള്ള മനുഷ്യന്റെ അതിരില്ലാത്ത ക്രൂരതയുടെ ദാരുണകാഴ്ചയാണ് കഴിഞ്ഞദിവസം പാലക്കാട്ടുണ്ടായ പിടിയാനയുടെ ദാരുണ മരണം .
കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്... പ്രകൃതിയുടെ താളം കൈവിട്ടിരിക്കുന്നു. ദുരമൂത്ത് പ്രകൃതിക്ക് മുറിവേൽപ്പിക്കുന്ന ഒരേയൊരു ജീവിവർഗം മനുഷ്യനാണ്‌.  കാടുകൾ വെട്ടിപ്പിടിച്ച്‌, ചതുപ്പുകൾ നികത്തി, പുഴയുടെ വഴിയടച്ച്‌, കടൽ മലിനമാക്കി,കുന്നുകൾ ഇടിച്ചുനിരത്തി അവൻ ഇല്ലാതാക്കുന്നത്‌ ആയിരക്കണക്കിന്‌ ജീവജാലങ്ങളെയാണ്‌.കാലാവസ്ഥാവ്യതിയാനം നേരിടാനും ആഗോളതാപനം കുറച്ചുകൊണ്ടുവരാനും ലോകരാജ്യങ്ങൾ അടിയന്തരശ്രദ്ധ കാണിച്ചില്ലെങ്കിൽ ഭൂമി വാസയോഗ്യമല്ലാതാവുമെന്ന മുന്നറിയിപ്പ് ശാസ്ത്രലോകം നൽകിക്കഴിഞ്ഞു.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: