Pages

Sunday, April 5, 2020

അയൽ സംസ്ഥാനമായ കർണാടകം മനുഷ്യത്വ രഹിതമായി പെരുമാറിയത് എന്തുകൊണ്ട് ?


അയൽ സംസ്ഥാനമായ കർണാടകം
മനുഷ്യത്വ രഹിതമായി  പെരുമാറിയത്  എന്തുകൊണ്ട് ?
ലോകരാജ്യങ്ങൾ പരസ്‌പരം സഹകരിച്ച്‌ കൊറോണ വൈറസിന് എതിരെ  പൊരുതേണ്ട കാലമാണിത്‌ അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്  കർണാടക. കാസര്‍കോട്ട് സ്ഥിതി ഗൗരവതരമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു  ജെ ഡി എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയ്ക്ക് അയച്ച മറുപടിക്കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കാസർകോട് കോവിഡ് രോഗികൾ ഒരുപാടുള്ളത് ഗൗരവമായി കാണുന്നുവെന്നുമാണ് വിശദീകരണം  അയൽ സംസ്ഥാനം . റോഡുകൾ അടച്ച്‌ കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്‌ .. കേട്ടുകേൾവിയില്ലാത്തവിധം ദേശീയപാതയടക്കം കർണാടകം മണ്ണിട്ട്‌ അടച്ചിരിക്കുന്നു. അതിർത്തിയിലെ ചെറുറോഡുകളിൽപ്പോലും ആളുയരത്തിൽ മണ്ണ്‌ നിരത്തിയിട്ട്‌ ദിവസങ്ങളായി. ദേശീയപാത അടച്ചതിനാൽ മംഗളൂരുവിൽ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ എത്താനാകാതെ കാസർകോട്ട്‌ ഏഴുപേർ മരണത്തിന്‌ കീഴടങ്ങി.
ദേശീയപാത അടയ്‌ക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്നും രോഗികളോടെങ്കിലും മനുഷ്യത്വം കാണിക്കണമെന്നുമുള്ള കേരള ഹൈക്കോടതി ഉത്തരവുപോലും അനുസരിക്കാൻ കർണാടകം തയ്യാറായിട്ടില്ല.രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയ്‌ക്കും വിരുദ്ധമാണ്‌ കർണാടകത്തിന്റെ നടപടി. ദേശീയപാതകളും അന്തർ സംസ്ഥാന റോഡുകളും രാജ്യത്തെ ജനങ്ങൾക്കെല്ലാം നിയമപരമായി അവകാശപ്പെട്ടതാണ്‌. ഏതെങ്കിലും സംസ്ഥാനത്തിന്‌ അതിൽ പ്രത്യേക അവകാശമില്ല. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ നിയമപരമായി സാധിക്കില്ല. തെറ്റാണെന്ന്‌ അറിഞ്ഞിട്ടും റോഡുകൾ തുറക്കില്ലെന്നും രോഗികളെപ്പോലും പ്രവേശിപ്പിക്കില്ലെന്നുമുള്ള ഏകപക്ഷീയവും വെല്ലുവിളി നിറഞ്ഞതുമായ നിലപാടാണ്‌ കർണാടകം കേരള ഹൈക്കോടതിയിൽ സ്വീകരിച്ചത്‌. നിയമവും തത്വങ്ങളുമൊന്നും  ബാധകമല്ലെന്നും അതിർത്തി തുറക്കില്ലെന്നുമുള്ള പ്രാകൃതമായ പിടിവാശിയാണ്‌ അവർ കാണിക്കുന്നത്‌.
സംസ്ഥാന അതിർത്തികളിലെ ജനങ്ങൾ നൂറ്റാണ്ടുകളായി പരസ്‌പരം ആശ്രയിച്ചും സഹകരിച്ചും കഴിയുന്നവരാണ്‌. ഉത്തര കേരളത്തിന്‌ കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളുമായും മധ്യകേരളത്തിനും ദക്ഷിണ കേരളത്തിനും തമിഴ്‌നാടുമായുമുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം നിഷേധിക്കാനാകില്ല. കാസർകോട്‌ ജില്ലയിലെ ജനങ്ങൾക്ക്‌മംഗളൂരുവും പരിസരപ്രദേശങ്ങളുമായി പതിറ്റാണ്ടുകളായി ബന്ധമുണ്ട്‌. തൊട്ടടുത്ത നഗരമായ മംഗളൂരുവിനെയാണ്‌ ചികിത്സയ്‌ക്കും ഉന്നത വിദ്യാഭ്യാസത്തിനും മറ്റും കാസർകോട്ടെ ജനങ്ങൾ ആശ്രയിക്കുന്നത്‌. കന്നഡ ജനത ഇത്‌ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്‌തിട്ടുമുണ്ട്‌. മംഗളൂരുവിന്റെ വളർച്ചയിൽ കാസർകോട്ടെ ജനങ്ങളുടെ പണവും പിന്തുണയുമുണ്ട്‌. കണ്ണൂർ ജില്ലയിലെ ജനങ്ങൾക്ക്‌ കുടകുമായും വയനാട്ടുകാർക്ക്‌ ഗുണ്ടൽപേട്ട-മൈസൂർ മേഖലയുമായും അടുത്ത ബന്ധമാണ്‌. തൊഴിലിനും വിനോദസഞ്ചാരത്തിനും കൃഷിക്കുമെല്ലാം ജനങ്ങൾ പരസ്‌പരം ആശ്രയിക്കുന്നു. ഇതെല്ലാം മറന്നാണ്‌ അത്യാസന്നരായ രോഗികളെപ്പോലും പ്രവേശിപ്പിക്കില്ലെന്ന്‌ കർണാടക പിടിവാശി കാട്ടുന്നത്‌
.കാസർകോട്‌ കോവിഡ്‌ പ്രഭവകേന്ദ്രമായതിനാൽ റോഡ്‌ തുറക്കാനാകില്ലെന്നാണ്‌ കർണാടകത്തിന്റെ ന്യായം. പ്രത്യേക കാലയളവിൽ ഏതെങ്കിലും റോഡുകളോ അതിർത്തികളോ അടച്ച്‌ തടയാവുന്നതല്ല കോവിഡ്‌ വൈറസ്‌. ലോക്ക്‌ഡൗൺ നടപ്പായി ഒരാഴ്‌ചയ്‌ക്കിടെ രാജ്യത്ത്‌ കോവിഡ്‌ കേസുകൾ കുതിച്ചുയരുകയാണ്‌. കോടിക്കണക്കായ ജനങ്ങൾ പലവഴി സഞ്ചരിക്കുകയും കൂടിക്കലരുകയും ചെയ്യുന്ന രാജ്യത്ത്‌ ലോക്ക്‌ഡൗണും അടച്ചുപൂട്ടലും രോഗപ്രതിരോധത്തിനുള്ള അവസാനവാക്കല്ലെന്ന്‌ ശാസ്‌ത്രലോകം പറയുന്നു. കഴിയുന്നത്ര ആളുകളെ പരിശോധിച്ച്‌ രോഗികളെയും അടുത്ത്‌ പെരുമാറിയവരെയും കണ്ടെത്തി ചികിത്സിക്കുകയാണ്‌ പ്രധാനം.കോവിഡിനെതിരായ യുദ്ധം സംസ്ഥാനങ്ങൾക്ക്‌ ഒറ്റയ്‌ക്ക്‌ ചെയ്യാവുന്നതല്ല.

                                                          പ്രൊഫ് .ജോൺ കുരാക്കാർ

No comments: