Pages

Saturday, April 4, 2020

കോവിഡ് -19 ആശ്വാസമായി പാവങ്ങൾക്ക് ക്ഷേമ പാക്കേജ്



കോവിഡ് -19  ആശ്വാസമായി പാവങ്ങൾക്ക് ക്ഷേമ പാക്കേജ്

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 1,70,000 കോടിയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ പരിധിയില്‍പ്പെടും. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇന്‍‌ഷുറന്‍സ്.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 80 കോടി ഇന്ത്യക്കാരെ ഉള്‍ക്കൊള്ളും.
നിലവില്‍ ഒരോ ആള്‍ക്കും അഞ്ച് കിലോ വീതം അരിയും ഗോതമ്ബും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച്‌ ആവശ്യമെങ്കില്‍ 1 കിലോ ധാന്യം കൂടി അനുവദിക്കും 8.69 കോടി കര്‍ഷകര്‍ക്ക് അടിയന്തര സാമ്ബത്തിക സഹായമായി 2,000 രൂപ വീതം നല്‍കും. ഏപ്രില്‍ ആദ്യ വാരം തന്നെ ഇതു ലഭ്യമാകും. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിച്ചു. നിലവിലെ 181 രൂപ 202രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.വിധവകള്‍ക്ക് ആയിരം രൂപ നല്‍കും.ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്നുമാസം 500 രൂപ വീതം നല്‍കും.
ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കും. ആകെ നൂറ് തൊഴിലാളികള്‍ വരെയുള്ളതും ഇതില്‍ 90 ശതമാനം പേര്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെ ശമ്ബളം വാങ്ങുന്ന കമ്ബനികള്‍ക്ക് മാത്രമാണ് ആനുകൂല്യം.ഇപിഎഫ് നിക്ഷേപത്തില്‍നിന്ന് 75 ശതമാനം മുന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി. 8.69 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം വര്‍ഷം 6000 രൂപ നല്‍കുന്നതില്‍ ആദ്യ ഇന്‍സ്റ്റാള്‍മെന്റായ 2000 രൂപ ഉടന്‍ നല്കും.മൂന്നു കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ വീതം നല്‍കും. ഇവര്‍ക്ക് നേരിട്ട് പണം കൈമാറ്റമാകും. ഉജ്ജ്വല പദ്ധതിയിലുള്ള ബി.പി.എല്‍ പരിധിയില്‍പ്പെട്ട 8 കോടി പേര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടര്‍വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം വായ്പ, ഇതിലൂടെ ഏഴു കോടി പേര്‍ക്ക് പ്രയോജനംനിര്‍മ്മാണതൊഴിലാളികളെ സംരക്ഷിക്കാന്‍ കെട്ടിടനിര്‍മ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31000 കോടി രൂപ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉപയോഗിക്കാം.
ജില്ലാ ധാതു നിധിയിലെ തുക കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം.
കോവിഡ് -19 രോഗവ്യാപനഭീതിയിൽ വീട്ടിലിരിക്കാൻ നിർബന്ധിതരായ ഇന്ത്യയിലെ കോടിക്കണക്കിന് പാവങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ് കേന്ദ്രം പ്രഖ്യാപിച്ച  ഈ 1.7 ലക്ഷം കോടിരൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന. ഉപജീവനമാർഗങ്ങൾ മുടങ്ങിയതുകാരണം കൊടുംപട്ടിണിയുടെ പേടിസ്വപ്നങ്ങളിലാണ് ഇന്ത്യയിലെ ദരിദ്രഭൂരിപക്ഷവും. അടിയന്തരസഹായമെന്ന നിലയിൽ അവർക്ക് പണവും ഭക്ഷ്യധാന്യവും എത്തിക്കാനുള്ള പാക്കേജിന് രൂപം നൽകാൻ ലോക് ഡൗൺ പ്രഖ്യാപിച്ച് ഏറെ വൈകാതെ കേന്ദ്രത്തിന് കഴിഞ്ഞുവെന്നതും അഭിനന്ദനാർഹമാണ്. കോവിഡ് രോഗവ്യാപന ഭീതിമൂലമുള്ള സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള ശ്രമങ്ങളിൽ രാജ്യം ശരിയായ മാർഗത്തിൽ മുന്നേറുമെന്നാണ് ഇത് നൽകുന്ന പ്രതീക്ഷ. സമ്പദ്ഘടനയ്ക്ക് ഉണർവേകാനല്ല, രാജ്യത്തെ ജനത പട്ടിണിയിലേക്ക്‌ വീഴാതിരിക്കുക എന്ന പ്രാഥമികവും പ്രധാനവുമായ ഉത്തരവാദിത്വം നിറവേറ്റാനാണ് ഈ പാക്കേജ്.
കോവിഡിനെതിരായ യുദ്ധത്തിൽ സ്വജീവൻപോലും അപകടത്തിലാക്കി മുൻനിരയിൽ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് അവരോടുള്ള കരുതലിന്റെയും ആദരവിന്റെയും പ്രകടനമാണ്. ഈ നിർണായകഘട്ടത്തിൽ രാജ്യവും ജനതയും അവർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായത്ര പിന്തുണ നൽകേണ്ടതുണ്ട്. കർഷകർക്കുള്ള സമ്മാൻനിധിയുടെ ആദ്യഗഡുവായ 2000 കോടി രൂപ ഇപ്പോൾത്തന്നെ നൽകാനാണ് തീരുമാനം. ഈ സഹായം പുതുതല്ലെങ്കിലും ഈ ദിവസങ്ങളിൽത്തന്നെ അവ കൃഷിക്കാരുടെ കൈയിലെത്തുന്നത് ആശ്വാസകരമാണ്. അതോടൊപ്പം അവരുടെ ഉത്പന്നങ്ങൾ കെട്ടിക്കിടന്ന് നശിക്കാതിരിക്കാനുള്ള ആസൂത്രണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തേണ്ടതുണ്ട്. നെല്ല് സംഭരണം മുടങ്ങുമെന്ന ആശങ്ക കേരളത്തിലെ കർഷകരെയും അലട്ടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ കൂലി 20 രൂപ കൂട്ടിയെങ്കിലും കൂടുതൽ തൊഴിൽദിനങ്ങൾ വേണമെന്ന കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കേണ്ടതുണ്ട്.
സൗജന്യമായി ഭക്ഷ്യധാന്യം നൽകാനുള്ള കേന്ദ്രതീരുമാനം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വലിയ തോതിൽ സഹായകരമാണ്. ഇതിനകം സൗജന്യ റേഷൻ പ്രഖ്യാപിച്ച കേരളത്തിന് വലിയൊരു സാമ്പത്തികബാധ്യത ഇതിലൂടെ ഒഴിവാകും. എന്നാൽ, അടഞ്ഞ അതിർത്തികൾ കടന്ന് ഭക്ഷ്യവസ്തുക്കൾ  വേണ്ടവരുടെ കൈകളിൽ എത്തിക്കുന്നതിനുള്ള വിതരണശൃംഖല ഉറപ്പാക്കുന്നത് ശ്രമകരമാണ്. സംസ്ഥാനങ്ങൾ പരസ്പരം ചർച്ചചെയ്തും കേന്ദ്രസർക്കാരിന്റെ ഇടപെടലും കൊണ്ടുമാത്രമേ അത് സാധിക്കൂ. വീട്ടമ്മമാർക്കും പാവപ്പെട്ട കർഷകർക്കും ദിവസക്കൂലിക്കാരായ തൊഴിലാളികൾക്കുമാണ് ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ സഹായഹസ്തം നീട്ടിയിരിക്കുന്നത്.  ഈ ഇരുണ്ടദിനങ്ങളിൽ രാജ്യം പിന്തുണയ്ക്കേണ്ട ഒട്ടേറെ വിഭാഗങ്ങൾ ഇനിയുമുണ്ട്. വീട്ടിലിരിക്കാൻ വീടില്ലാതെ അഭയംതേടി അലയുന്നവർ, അടഞ്ഞുകിടക്കുന്ന ചെറുകിട വാണിജ്യ, വ്യവസായ മേഖലയിലെ വേതനമില്ലാത്ത തൊഴിലാളികൾ... അവരെയൊന്നും കൈവിടാനാവില്ല. അനിശ്ചിതത്വത്തിന്റെ ഇരുൾ വിഴുങ്ങുന്ന ഈ ദിവസങ്ങളിൽ ഒന്നും പോരാതെ വരും. ആശ്വാസംതേടി ഒരുനിമിഷത്തിൽത്തന്നെ അസംഖ്യം കൈകളുയരും. എല്ലാ  വ്യത്യാസങ്ങളും  മറന്ന് കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചാലേ നിരാലംബരായ മനുഷ്യർക്ക് ആശ്വാസമെത്തിക്കാൻ ഈ കൊറോണ ദിനങ്ങളിൽ  നമുക്ക് കഴിയൂ.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: