Pages

Friday, February 7, 2020

മലങ്കരയുടെ “സഭാരത്നം” എന്ന ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി.

മലങ്കരയുടെസഭാരത്നംഎന്ന ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി.
മലങ്കര സഭക്ക് ധാരാളം പുണ്ണ്യപിതാക്കന്മാരെ ദൈവം അനുഗ്രഹിച്ചു നല്കിയിട്ടുണ്ട്. അവരൊക്കെയും ദൈവനാമ മഹത്വത്തിനായും, സഭയുടെയും പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായും അക്ഷീണം പ്രവർത്തിച്ഛ്, അവരുടെ കർമ്മങ്ങൾ പൂർത്തിയാക്കി ദൈവസന്നിധിയിലേക്ക് വിളിച്ചുചേർക്കപ്പട്ടൂ. ഈ പുണ്യ പിതാക്കന്മാരുടെ പ്രാർത്ഥനയും മധ്യസ്ഥതയും മലങ്കര സഭക്കും വിശ്വാസ സമൂഹത്തിനും ആനുഗ്രഹവും പ്രത്യാശയും നല്കപ്പെടുന്നൂ. അതിൽ ഒരുവനാണ് മലങ്കര സഭയുടെ ഭാഗ്യ സ്മരണാർഹനായ സഭാരത്നം ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി.
മലങ്കര ഓർത്തഡോൿസ് സഭയിലെ ഒരു മെത്രാപ്പോലീത്ത ആയിപോയതിനാൽ ആകാം ആ പിതാവിന് ലഭിക്കേണ്ടതായ അംഗീകാരം ഇവിടുത്തെ സർക്കാരുകളിൽ നിന്നും ലഭിച്ചിട്ടില്ല എന്നുതന്നെ വേദനയോടെ പറയേണ്ടിയിരിക്കുന്നൂ. എന്നാൽ ആ പിതാവിന് ഇതിലൊന്നും തന്നെ പരിഭവമോ പരാതിയോ പറഞ്ഞിട്ടുമില്ല. ദൈവനാമം മഹത്വപ്പെടേണ്ടത് പ്രസംഗങ്ങളിൽ കൂടി മാത്രമല്ല, താൻ അത് പ്രവർത്തിയിൽ കൂടി കാണിച്ചുകൊടുക്കുകയാണ് ഈ ലോക ജീവിതത്തിൽ ചെയ്തത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജന വിഭാഗത്തെ, ആരും സഹായിക്കാൻ കടന്നുചെല്ലാത്ത മേഖലകളിൽ ഒരു ദൈവദൂതനായി‌ കടന്നുചെന്ന്, അവരുടെ കരം പിടിച്ഛ് ഇവനും ഈ സമൂഹത്തിന്റെ ഭാഗമാണ് എന്ന് ഉറക്കെപ്പറയുവാൻ ആർജവം കാട്ടിയ പിതാവായിരുന്നൂ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി. അനേകായിരങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി ഈ പിതാവിന്റെ അധ്വാനം കൊണ്ട് സാധിച്ചൂ. ആതുരസേവനത്തിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും മാറ്റിവെച്ച്, “ഉള്ളവൻ ഇല്ലാത്തവന് നല്കണം, എന്ന ക്രിസ്തുവചനത്തെ ഉരുവിട്ട് അത് പ്രാവർത്തികമാക്കിയ ഉത്തമ സോഷ്യലിസ്റ്റ് തന്നെയായിരുന്നൂ തിരുമേനി. തന്റെ പ്രസംഗങ്ങളിൽ ഒക്കെയും ഏവരും സ്നേഹിക്കുവാൻ മാത്രമായിരുന്നൂ ജനത്തെ ഉത്ബോധിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ വചന ശുശ്രുഷ കേൾപ്പാൻ ഇടയായിട്ടുള്ള അനേകം മനുഷ്യസ്നേഹികൾ തങ്ങളുടെ സമ്പാദ്യത്തിന്റെ ദശാംശം തിരുമേനിയെ ഏല്പിക്കുമായിരുന്നൂ. ഒരു വിശ്വസ്ത ദാസന്റെ ഉത്തരവാദിത്വത്തോടെ തന്നിലേക്ക് വന്നുചേർന്ന പണമൊക്കെയും ആവശ്യക്കാർക്ക് അവരുടെ ആവശ്യങ്ങളെ അറിഞ്ഞു നല്കുമായിരുന്നൂ. തനിക്കു ലഭിച്ചിട്ടുള്ള പണത്തിന്റെയും വരുമാനത്തിന്റെയും കണക്കുകൾ കൃത്യമായി സൂക്ഷിക്കുവാനും ഈ പിതാവിന് സാധിച്ചിട്ടുണ്ട്. എയ്ഡ്സ് രോഗ ബാധിതരുടെ കുട്ടികളെ സംരെക്ഷിക്കുന്നതിനായി, സർക്കാർതലത്തിൽ ചിന്തിക്കുന്നതിന് മുമ്പുതന്നെ, ആന്ധ്രാ സംസ്ഥാനത്ത്‌ യാച്ചാരം എന്ന സ്ഥലത്ത്‌ ഒരു ബാലഗ്രാം നിർമ്മിച്ഛ് സേവനതത്പരരായവരെ അവിടെ നിയമിക്കുവാനും തന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിൽ അനേകങ്ങൾക്ക് ആശ്വാസം പകരുവാനും സാധിച്ചൂ, ഇന്നും ആ സ്ഥാപനം ഭംഗിയായി പ്രവർത്തിച്ചുവരുന്നൂ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാലികാ ബാലഭവനുകളും അവിടുത്തെ കുട്ടികൾക്ക് മതിയായ വിദ്യാഭ്യാസം നല്കുവാനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചൂ. ബാലികാ ബാലഭവനത്തിൽ ജീവിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിന്റെ വിവിധഭാഗങ്ങളിൽ ഭംഗിയായി ജീവിക്കുന്നു എന്നുള്ളത് വളരെ അഭിമാനത്തോടെ സ്മരിക്കുന്നൂ. തന്റെ ശൈശവ കാലഘട്ടത്തിൽ മാതാപിതാക്കളോടൊപ്പം നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ, വിദ്യാഭ്യാസത്തിനുള്ള ചിലവുകൾ ഇതൊക്കെയും മറക്കാതെ മനസ്സിൽ സൂക്ഷിച്ഛ്, താൻ കാലം ചെയ്‌വോളം ഒട്ടും മടികൂടാതെ പൊതു സമൂഹത്തിനോട് വിളിച്ചുപറയുവാൻ തിരുമേനിക്ക് സാധിച്ചിരുന്നൂ. ആയതിനാൽ ആകാം, ലാഭങ്ങൾ കൊയ്തുകൂട്ടുന്ന ഇന്നത്തെ രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ആതുരാലയ ചികിത്സ കേന്ദ്രങ്ങൾക്കോ തുടക്കം കുറിക്കാതിരുന്നത്. ഏവർക്കും കിടപ്പാടം എന്ന വലിയ ആശയം ഇവിടുത്തെ സാമൂഹ്യ പരിഷ്കർത്താക്കൾ കൊണ്ടുവരുന്നതിന് മുമ്പായി പൊതുസമൂഹത്തിൽ ഉറക്കെ പ്രഖ്യാപിച്ച ആധുനിക സമൂഹത്തിന്റെ മുന്നണി പോരാളിയായിരുന്നൂ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി. സർവ്വവും പൊതുവിന്റെ നന്മക്കയും, തന്റേതായ സമ്പാദ്യമായി സ്വരൂപിക്കാതെ തന്നെ വളർത്തിയ പരിശുദ്ധ സഭയുടെ പേരിൽതന്നെ എല്ലാ വസ്തുവകകളും അതിലെ സ്ഥാപനങ്ങളും നിലനിർത്തിപോകുവാൻ കാട്ടിയ തിരുമേനിയുടെ ആത്മാർത്ഥമായ ആ വലിയമനസ്സിനുമുമ്പിൽ തലകൾ വണക്കുന്നൂ. എന്റെ മനസ്സിനെ തൊട്ടു സ്പർശിച്ചതായ ഒരു സംഭവം കൂടി പറഞ്ഞുകൊണ്ട്, പറഞ്ഞാലും എഴുതിയാലും തീരാത്ത രീതിയിൽ ഈ സമൂഹത്തിന് നന്മകൾ മാത്രം വിതറിയ താപസ ശ്രേഷ്ഠന്റെ മരിക്കാത്ത ഓർമ്മകൾക്കുമുമ്പിൽ പ്രണാമം അർപ്പിച്ചുകൊള്ളട്ടെ. എന്റെ ചെറിയ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന കാലഘട്ടത്തിൽ ആണ് അന്നത്തെ യുവജനപ്രസ്ഥാനം പ്രസിഡണ്ട് ആയ ചുറുചുറുക്കിന്റെ പര്യായമായ അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനിയെ എനിക്ക് അടുത്തുകാണുവാനും ആ ഹൃദയത്തിന്റെ സ്നേഹത്തെ അറിയുവാനും സാധിച്ചത്. ഡിസംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച തന്റെ ജന്മദിനത്തോടനുബന്ധിച്ഛ് ആലപ്പുഴ ജില്ലയിലെ അതിപുരാതനമായ കുഷ്ഠരോഗാശുപത്രി യുവജനപ്രസ്ഥാനം അംഗങ്ങളോടൊപ്പം തിരുമേനി സന്ദർശിക്കുകയും അന്നേ ദിവസം അവിടുത്തെ ചാപ്പലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന ഒരു കാലഘട്ടം. മലങ്കരസഭയിലെ അനേകം യുവജന പ്രസ്ഥാനം അംഗങ്ങൾ ഇടവകതലത്തിൽ ശേഖരിച്ച ഭക്ഷണം വസ്ത്രം തുടങ്ങിയവയുമായി ഇവിടെയെത്തും. നമ്മുടെ വിശ്വാസത്തിലുള്ള ധാരാളം അന്തേവാസികൾ ആ കാലത്ത്‌ അവിടെ ഉണ്ടായിരുന്നൂ. അവരിൽ പലരുടെയും ശരീരഭാഗങ്ങളിൽ കുഷ്ഠരോഗം ബാധിച്ഛ് നടക്കുവാൻ പോലും കഴിയാത്ത അവസ്ഥയിൽ കഴിയുന്നവർ ആയിരുന്നൂ. സ്വന്തം ഭവനത്തിൽ നിന്നും ബന്ധുമിത്രാദികളിൽ നിന്നും ബഹിഷ്കരിക്കപ്പെട്ട് ഇവിടെ എത്തിയ രോഗികൾ. അവർ അന്നേ ദിവസത്തെ കുർബ്ബാനയിൽ സംബന്ധിക്കും. അതിൽ പലരും ചാപ്പലിനുള്ളിലെ കസേരയിൽ ഇരിക്കുകയായിരിക്കും. പരസഹായം ഇല്ലാതെ നടക്കുവാൻ കഴിയാത്ത കുഷ്ഠരോഗികളുടെ അടുക്കലേക്ക് വിശുദ്ധ കുർബ്ബാനയുമായി ചെന്ന് അവരുടെ വായിലേക്ക് നമ്മുടെ കർത്താവിന്റെ തിരുശരീരങ്ങളെ നല്കുന്ന കാഴ്ച പലപ്പോഴും എന്റെ കണ്ണുകളെ ഈറൻ അണിയിച്ചിട്ടുണ്ട്. കർത്താവ് കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കിയതുപോലെ യാതൊരു മടിയും, ഭയപ്പാടും ഇല്ലാതെ തിരുമേനി അവരുമായി ഇടപെടുന്നത് കണ്ടപ്പോൾ നസ്രായനായ ലോകരെക്ഷിതാവിന്റെ തേജസ്സുള്ള പുണ്ണ്യ മുഖം ഈ പിതാവിലൂടെ ദർശിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവിടുത്തെ ഡോക്ടർമാരെ പോലും അതിശയിപ്പിക്കുന്ന മനുഷ്യസ്നേഹം ആയിരുന്നൂ ഈ പിതാവ് കുഷ്ഠരോഗികളോട് കാട്ടിയിരുന്നത്. ആ സ്ഥാപനത്തിന്റെ ആവശ്യകതകൾ അറിഞ്ഞുകൊണ്ട് ഓരോ വർഷവും തക്കതായ സഹായം നല്കുവാൻ യുവാക്കളെ പ്രബോധിപ്പിക്കുകയും അതിലൂടെ ദൈവസ്നേഹവും കരുതലും അവരിൽ എത്തിക്കുവാൻ തിരുമേനിക്ക് കഴിഞ്ഞിട്ടുണ്ട്. ബാലഭവൻ സന്ദർശിക്കുന്ന വേളകളിൽ അവിടുത്തെ കുഞ്ഞുങ്ങളെ ഒരു വല്യപ്പച്ചൻ മടിയിലിരുത്തി ലാളിക്കുന്നതുപോലെ അവരെ ലാളിക്കുവാനും പരിപാലിക്കുവാനും ഈ പിതാവിന് കഴിയുമായിരുന്നൂ. സഭയിലെ യുവജനങ്ങളിൽ വേദപുസ്തക പാണ്‌ഡിത്യം ലഭിക്കുന്നതിനായി ആരംഭിച്ച മാവേലിക്കര സെന്റ് പോൾസ് മിഷൻ ട്രെയിനിങ് സെന്ററിൽ നിന്നും ചിട്ടയോടെ പഠനം പൂർത്തീകരിച്ച അനേകം വ്യക്തികൾ വൈദീകരായി മലങ്കര സഭയിൽ സ്തുത്യർഹമായ സേവനം നടത്തിവരുന്നൂ. സെന്റ് പോൾസ് മിഷൻ ട്രെയിനിങ് സെന്ററിനെ ഒരു പെറ്റിസെമിനാരി ആക്കുവാൻ ഒരിക്കലും ഈ പിതാവ് ആഗ്രഹിച്ചിരുന്നില്ല. നാനാജാതി മതസ്ഥർക്ക് ഈ പിതാവ് പ്രിയങ്കരൻ ആയിരുന്നൂ. ഇതര സഭകളുമായും, മറ്റു മതങ്ങളുമായുമുള്ള നല്ല ബന്ധങ്ങൾ നിലനിർത്തുവാൻ ഈ പിതാവിന് കഴിഞ്ഞിട്ടുണ്ട്. ഓർത്തഡോൿസ് സഭയും യാക്കോബായ സഭയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ഛ് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പാത പിന്തുടർന്ന് പോകണം എന്ന് മാത്യൂസ് ദ്വിതീയൻ ബാവയെ പോലെ ഈ പിതാവും അതിയായി ആഗ്രഹിച്ചിരുന്നൂ. അതിനായി ശബ്ദം ഉയർത്തേണ്ട വേദികളിൽ അദ്ദേഹം തന്റെ ശബ്ദം ഉയർത്തിയിട്ടുമുണ്ട്. സഭാ തർക്കം ആ വലിയ മനസ്സിനെ വളരെ വേദനിപ്പിക്കുന്ന ഒരു അധ്യായം ആണ് എന്ന് ഈ പിതാവിന്റെ വാക്കുകളിലും, പ്രസംഗങ്ങളിൽ കൂടിയും ഗ്രഹിക്കുവാൻ സാധിച്ചിട്ടുണ്ട്. മലങ്കര സഭയുടെ തേജസ്സ് ഉയർത്തുമാറ് സഭയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പോയി ദൈവവചനം പ്രഘോഷിക്കുവാൻ തിരുമേനിക്ക് കഴിഞ്ഞിട്ടുണ്ട്. പണമോ തന്റെ ആരോഗ്യമോ ഒന്നും തന്നെ ഈ താപസ ശ്രേഷ്ഠന്റെ നല്ല ഇംഗിതങ്ങൾക്ക് തടസ്സമായിട്ടില്ല. ജീവിതത്തിന്റെ അവസാന വേളകളിൽ ശാരീരികമായ അസ്വസ്ഥകൾ നേരിടുന്നതുവരെയും ഒസ്താത്തിയോസ് തിരുമേനി തന്റെ കർമ്മ മണ്ഡലത്തിൽ സജീവമായിരുന്നൂ. ശാരീരിക അസ്വസ്ഥതകൾ സ്വയം മനസ്സിലാക്കി ഭാരിച്ച ഭദ്രസന ഭരണത്തിൽ നിന്നും തന്നെ ഒഴിവാക്കണം എന്നുള്ള അപേക്ഷയിന്മേൽ തന്റെ പിൻഗാമിക്ക് പരിശുദ്ധ സഭയുടെ തീരുമാനപ്രകാരം അധികാരങ്ങൾ കൈമാറി താൻ ഏറ്റവും അധികം സ്നേഹിച്ചിരുന്ന മാവേലിക്കര സെന്റ് പോൾസ് മിഷൻ സെന്ററിൽ വിശ്രമ ജീവിതം നയിക്കുകയും പ്രാർത്ഥനയിലൂടെ തന്റെ സ്വർഗീയ പിതാവുമായി സംസർഗപ്പെടുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചത്‌ വലിയ ഭാഗ്യമായിരുന്നൂ. മലങ്കര സഭ ഈ പിതാവിന് “സഭാ രത്നംഎന്ന അതുല്യ നാമം നല്കി ആദരിച്ചു. തികച്ചും ആ പേരിന് അനുയോജ്യൻ തന്നെ ആയിരുന്നൂ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി അഗതികളുടെ രത്നം തന്നെ ആയിരുന്നൂ. രണ്ടായിരത്തി പന്ത്രണ്ട് ഫെബ്രുവരി മാസം പതിനാറാം തീയതി ഇഹലോകവാസം വെടിഞ്ഞ ഈ പിതാവിന്റെ ദേഹ വിയോഗം അതീവ ദുഃഖത്തോടെയാണ് മലങ്കരസഭയും, ഈ പിതാവിനെ സ്നേഹിച്ച നാനാജാതി മതസ്ഥരും ശ്രവിച്ചത്. ഈ പിതാവിനെ അവസാനമായി ഒന്ന് കാണുവാനും യാത്രയാക്കുവാനും മലങ്കര സഭാ വിശ്വാസികൾ മാത്രമായിരുന്നില്ല മാവേലിക്കരയിലെ സെന്റ് പോൾസ് മിഷൻ സെന്ററിയിലേക്ക് എത്തിയത്. ഇന്ന് ഈ പരിശുദ്ധ പിതാവിന്റെ കബറിങ്കൽ നിന്നും അനുഗ്രഹങ്ങൾ അവിടെയെത്തി മധ്യസ്ഥത അണക്കുന്നവരിലേക്ക് ഒഴുകിയെത്തുന്നൂ. സന്താന ലബ്ധിക്കായി മുട്ടിപ്പായി അപേക്ഷിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുങ്ങൾ, രോഗികൾക്ക് രോഗ സൗഖ്യം, ഉദ്യോഗാർത്ഥികൾക്ക്‌ ഒരു ജോലി തുടങ്ങിയ അനേകം അത്ഭുതങ്ങൾ ഇന്ന് ഈ പിതാവിന്റെ മധ്യസ്ഥത മൂലം ലഭിക്കുന്നതായി അനേകർ സാക്ഷ്യപ്പെടുത്തുന്നൂ. ഈ പുണ്ണ്യ പിതാവിന്റെ മധ്യസ്ഥത ഏവർക്കും കോട്ടയായിരിക്കട്ടെ.

Prof. John Kurakar

No comments: