Pages

Tuesday, October 22, 2019

മലങ്കര സഭാ തർക്കം വിശ്വാസവുമായി ബന്ധപ്പെട്ടതല്ല .

മലങ്കര സഭാ  തർക്കം  വിശ്വാസവുമായി ബന്ധപ്പെട്ടതല്ല .

പരിശുദ്ധ കാതോലിക്കാ ബാവായുടെ അധികാരത്തിനും, മലങ്കര സഭയുടെ 1934 ഭരണഘടനയ്ക്കും വിധേയേപ്പെട്ടു നിന്നവർ 1970 -കളോടെ വീണ്ടും മലങ്കരയിൽ പരസ്യ കലാപത്തിന് വിത്ത് വിതച്ചത് ഒരു വിശ്വാസത്തിൻ്റെയും പേരിലല്ല, മറിച്ചു സുപ്രീം കോടതിയുടെ വിധിയോടെ കൈമോശം വന്ന സമാന്തര അധികാര കേന്ദ്രത്തെ മലങ്കരയിൽ സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരുന്നു.  1974-ൽ ആരംഭിച്ച രണ്ടാം സമുദായ കേസിൽ വിഘിടിത യാക്കോബായ വിഭാഗം പാത്രിയാർക്കിസാണ് മലങ്കര സഭയുടെ പൂർണ്ണ അധികാരിയെന്നും, പാത്രിക്കിസിനു മലങ്കര സഭയുടെ മെത്രാപ്പോലീത്തന്മാരിൽ പൂർണ അധികാരമുണ്ടെന്നും, തങ്ങളാണ് ഔദോഗിക മലങ്കര സഭയെന്നും, തങ്ങളുടെ കാതോലിക്കയാണ് മലങ്കര സഭയുടെ തലവനായ യഥാർത്ഥ മലങ്കര മെത്രാപ്പോലീത്തയുമെന്നും വാദിച്ച കേസിലെ അന്തിമവിധി 1995-ലെ ബഹു.സുപ്രീം കോടതി വിധിയാണ്.

1995-ലെ സുപ്രീം കോടതി വിധിയോടെ പരിശുദ്ധ പാത്രിയാർക്കിസിൻ്റെ സ്ഥാനം മലങ്കര സഭയിൽ അസ്തമയ ബിന്ദുവിൽ എത്തുകയും, മലങ്കര സഭയിലെ ഔദോഗിക വിഭാഗം ഏതെന്നു വിധിക്കുകയും, 1934 ഭരണഘടനാ അനുസൃതമായാണ് മലങ്കര സഭയും അതിൻ്റെ 1064 ഇടവകകളും ഭരിക്കേണ്ടത് എന്ന് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. 1995-ലെ വിധിയുടെ പശ്ചാത്തലത്തിൽ സത്യങ്ങൾ ബോധ്യപ്പെട്ട യാക്കോബായ വിഭാഗത്തിലെ 3 മെത്രാന്മാരും, നിരവധി വൈദികരും, വിശ്വാസികളും മലങ്കര സഭയുടെ കാതോലിക്കറ്റിനു കീഴിൽ വന്നു.1995-ലെ വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ നീരീക്ഷണത്തിൽ, റിട്ട്. ജസ്റ്റിസ് മളിമീടിൻ്റെ മേൽനോട്ടത്തിൽ പൂർണ്ണ മലങ്കര അസോസിയേഷൻ വിളിച്ചു ചേർത്ത് അതിൽ മലങ്കര മെത്രാപ്പോലീത്തയെയും കൂട്ട് ട്രസ്റ്റിമാരെയും തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചു മുന്നോട്ടു പോയി. ഇതേ സമയം തോമസ് മാർ ദിവാനാസിയോസിൻ്റെ നേതൃത്വത്തിൽ പുത്തൻകുരിശിൽ ബദൽ അസോസിയേഷൻ വിളിച്ച പുതിയ ഭരണഘടനയും, "യാക്കോബായ സഭ" എന്ന പുതിയ സഭയെയും, പുതിയ കാതോലിക്കായെയും പ്രഖ്യാപിച്ചു. ഇത്തരമൊരു ഒരു പുതിയ സഭാ പ്രഖ്യാപനം വഴി മലങ്കര സഭയുടെ 1934 ഭരണഘടന അനുസരിച്ചും, രാജ്യത്തിൻ്റെ പരമോന്നത നീതി പീഠങ്ങളുടെ തീർപ്പു അനുസരിച്ചും, യാക്കോബായ വിഭാഗം തങ്ങളുടെ മലങ്കര സഭയിലെ എല്ലാ അവകാശ വാദങ്ങളെയും ഉപേക്ഷിച്ചു സ്വയം പിരിഞ്ഞു പോയി.

2017 ജൂലൈ 3-നു മലങ്കര സഭയുടെ 1064 പൗരാണിക ഇടവകകൾക്കും ബാധകമാക്കി ഒരു അന്തിമ തീർപ്പു മലങ്കര സഭയ്ക്ക് അനുകൂലമായി ലഭിക്കുകേയുമുണ്ടായി. ഇതിനു സമാനമായ വിധികൾ 2018 ലും 2019 -ലും ഉണ്ടായി. 2002 -ൽ മലങ്കര സഭയിൽ നിന്നും പിരിഞ്ഞു പോയ യാക്കോബായ വിഭാഗത്തിന് ഒരു സാധുതയും, സാധ്യതയും അവേശിക്കുന്നില്ല. മേൽ പറഞ്ഞ നീണ്ട കോടതി വ്യവഹാരങ്ങളുടെയും, വിധികളുടെയും ബോധ്യത്തിൽ കൃത്യമായി പറയാൻ കഴിയുക, ഇന്ന് യാക്കോബായ വിഭാഗം ബോധപൂർവം പ്രചരിപ്പിക്കുന്ന ഒരു വിശ്വാസപരമായ തർക്കവും മലങ്കരയിൽ ഇല്ല. ഉള്ളതോ രാജ്യത്തിൻ്റെ നിയമത്തോടും, ദൈവത്തിൻ്റെ നീതിയോടുമുള്ള അവിശ്വാസവും, അസൂയയും, മല്സരബുദ്ധിയും മാത്രമാണ്.ഓർത്തഡോക്സ് പുരോഹിതർക്ക് പട്ടമില്ല എന്നും, അവർ മുടക്കപ്പെട്ടവരാണ് എന്നും, അവർക്കു മൂറോൻ ഇല്ലെന്നും ഒക്കെ പറയുന്ന യാക്കോബായക്കാരും   വൈദികരും 1958 മുതൽ 1970 വരെ യോജിപ്പോടെ നിന്നപ്പോൾ  ഇതൊക്കെ ഉണ്ടായിരുന്നോ ? എല്ലാക്കാലത്തും എല്ലാവരെയും  പറ്റിക്കാനാവില്ല . ഒരുമിച്ച് പോയാൽ നന്ന് .

പ്രൊഫ്. ജോൺകുരാക്കാർ

No comments: