Pages

Monday, April 1, 2019

കുംഭച്ചൂടില് ഉരുകുന്ന കേരളം


കുംഭച്ചൂടില് ഉരുകുന്ന കേരളം

കുംഭച്ചൂടില്‍ കേരളം ഉരുകുകയാണ്‌ .. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണ വേനല്‍ ചൂടിനെക്കാളും നാല് ഡിഗ്രിവരെ ചൂട് കൂടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നാട്  ചുട്ടുപൊള്ളുകയാണ്. താപനില 40 ഡിഗ്രി സെൽഷ്യസ് എന്നത് പുതുമയല്ലാതായി. തീരപ്രദേശത്ത് 37 ഡിഗ്രിയും മലയോരത്ത് 30 ഡിഗ്രിയും പതിവായി. പതിനൊന്നുമണി മുതൽ മൂന്നുമണി വരെ നേരിട്ട് വെയിൽ കൊള്ളരുത്‌ എന്ന മുന്നറിയിപ്പ് തുടരുകയാണ്. സൂര്യതാപമേറ്റ് മനുഷ്യർക്ക് പൊള്ളുകയും കുഴഞ്ഞുവീണ് മരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വേനൽ മാറിക്കഴിഞ്ഞിരിക്കുന്നു തിരുവനന്തപുരം പാറശാലയിൽ കർഷകനായ മുരിയത്തോട്ടം സ്വദേശി ഉണ്ണികൃഷ്ണൻ സൂര്യതാപമേറ്റ് മരിച്ചു .  പാടത്ത് പണിയെടുത്തശേഷം തിരികെ കയറുമ്പോഴാണ് അദ്ദേഹം മരിച്ചത്.പാലക്കാട്ടെ വടകരപ്പതിയിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. വടകരപ്പതി സ്വദേശി ചിന്നമ്മാൾ ആണ് മരിച്ചത്
അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നഗരവത്കരണമാണെന്നാണ്  കോഴിക്കോട് കേന്ദ്രീകരിച്ചു നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത്. സസ്യജാലങ്ങളുള്ളിടത്ത്  കുറവും കെട്ടിടങ്ങൾ നിറഞ്ഞിടത്ത് കൂടുതലുമാണ് ചൂട് എന്നാണ് എൻ.ഐ.ടി. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിന്റെ പഠനത്തിൽ കണ്ടത്. നഗരങ്ങളിലെ താപനില സമീപപ്രദേശങ്ങളെ അപേക്ഷിച്ച് വലിയ വ്യത്യാസം കാണിക്കുന്നതിനെ ‘അർബൻ ഹീറ്റ് ഐലൻഡ്‌’ ( നഗരോഷ്ണദ്വീപ്) എന്നാണ്‌ വിശേഷിപ്പിക്കുന്നത്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അതിരുകൾ നേർത്തുവരുന്ന കേരളംതന്നെ വലിയ നഗരോഷ്ണദ്വീപായി മാറുകയാണ് എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. അത്രമേൽ വേനൽച്ചൂട് കേരളത്തെ ഗ്രസിച്ചിരിക്കുകയാണ്. പൊതുജീവിതത്തെ അത്‌ സാരമായി ബാധിച്ചുകഴിഞ്ഞു.
കേരളത്തിൽ 2001-ൽ 159 നഗരങ്ങളുണ്ടായിരുന്നിടത്ത് 2011-ൽ അത് 520 ആയി ഉയർന്നു. 2005 മുതൽ 2016 വരെ വാഹനപ്പെരുപ്പം 225.9 ശതമാനമാണ്; രാജ്യശരാശരിയുടെ 12 മടങ്ങ് കൂടുതൽ. 1973-നും 2016-നും ഇടയിൽ വനവിസ്തൃതി 24 ശതമാനമാണ് കുറഞ്ഞത്. നഗരങ്ങളിൽ കെട്ടിടങ്ങൾ പെരുകിയതും വെളിമ്പറമ്പുകളും കണ്ടൽക്കാടുകളും ഇല്ലാതായതും ഈ വികസനത്തിന്റെ മറുപുറമാണ്. വികസനമെന്നാൽ കുന്നിടിച്ചു നിരത്തലും വനംകൈയേറ്റവുമാണ് എന്ന കാഴ്ചപ്പാട് ആപത്കരമാണ്. പകൽ പുറത്തിറങ്ങാൻ ഒരു തണൽ പോലുമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ നഗരങ്ങളെ മാറ്റിത്തീർത്തത് നാം തന്നെയാണ്.
അന്തരീക്ഷ താപനില ഇങ്ങനെ ക്രമാതീതമായി വർധിച്ചതിന് മറ്റുകാരണങ്ങൾ ചികയേണ്ടതില്ല. ഇനി അവശേഷിച്ച പച്ചപ്പും തണലും പിടിച്ചുനിർത്താൻ എന്തുചെയ്യണം എന്നത് അടിയന്തരമായ ശ്രദ്ധയർഹിക്കുന്ന അതിജീവന പ്രശ്നമാണ്. മരം നട്ടുപിടിപ്പിച്ച് നഗരങ്ങൾ പ്രകൃതി സൗഹാർദപരമാക്കി മാറ്റുകയും സ്വകാര്യ വാഹനപ്പെരുക്കം കുറച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തലുമൊക്കെ പരിഹാരത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. പ്രകൃതിസംരക്ഷണത്തിൽ ഊന്നാത്ത വികസനത്തെ തള്ളിക്കളയാൻ കേരളത്തിന് കഴിയണം .
സാധാരണ ഫെബ്രുവരി അവസാന ആഴ്ചയില്‍ 33 ഡിഗ്രി ചൂടാണ് മിക്ക ജില്ലകളിലും അനുഭവപ്പെടുക. പാലക്കാട് പോലെ ചിലയിടങ്ങളില്‍ ഇത് 35 വരെ ഉയരാറുണ്ട്. എന്നാല്‍ ഈവര്‍ഷം താപനില 35 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും 35 ഡിഗ്രിയാണ് ഉയര്‍ന്നതാപനില, കൊല്ലത്തും കണ്ണൂരും ഇത് 36, പാലക്കാടട്ടെ താപനില ബുധനാഴ്ച 39 ലേക്ക് ഉയര്‍ന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പം വളരെ കുറഞ്ഞതും വരണ്ട കടല്‍കാറ്റ് വീശുന്നതും താപനില ഇനിയും ഉയര്‍ത്തിയേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.കഠിനമായ ചൂടിനെ കരുതലോടെ നേരിടുകയാണു വേണ്ടത്. ചൂടു ക്രമാതീതമായി വർധിക്കുകയും പലർക്കും സൂര്യാതപമേൽക്കുകയും ചെയ്‌ത സാഹചര്യത്തിൽ സംസ്‌ഥാനത്തു വെയിലത്തു ജോലിചെയ്യുന്നവരുടെ തൊഴിൽസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. കുട്ടികളെ വെയിലത്തു കളിക്കാൻ വിടാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധപുലർത്തണം. ദാഹമില്ലെങ്കിലും ആവുന്നത്ര വെള്ളം കുടിക്കണമെന്നും പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും ആരോഗ്യവിദഗ്‌ധർ നിർദേശിക്കുന്നു. പഴങ്ങളാണു വേനൽച്ചൂടിൽ മികച്ച പ്രതിരോധശേഷി തരുന്നതെന്നതു മറന്നുകൂടാ. കരിക്ക്, ഓറഞ്ച്, തണ്ണിമത്തൻ, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം എന്നിവ കഴിക്കുന്നതും വേനൽക്കാലത്തു വലിയ ആശ്വാസംനൽകും.എവിടെയും മരങ്ങൾ കുളിർക്കുട പിടിച്ചുനിൽക്കുന്ന കേരളം ഇന്ന് വെന്തുരുകുകുയായാണ് .കാലാവസ്‌ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ നമുക്കാവില്ലെങ്കിലും വറചട്ടിക്കു സമാനമായ തീച്ചൂടിന്റെ ആഘാതം കുറയ്‌ക്കാൻ ഭാവിലെങ്കിലും കഴിയണമെങ്കിൽ  സർക്കാരും സമൂഹവും ഒത്തുചേർന്നു മരങ്ങൾ വച്ച് പിടിപ്പിക്കുക . റോഡിൻറെ ഇരുവശങ്ങളിലും  പൊതുസ്ഥലങ്ങളിലും  മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുക.
പ്രൊഫ്. ജോൺ കുരാക്കാർ

No comments: