Pages

Monday, January 21, 2019

ലെനിന്‍ രാജേന്ദ്രൻ -കവിതയെഴുതിയ ചലച്ചിത്രകാരൻ..


ലെനിന്രാജേന്ദ്രൻ -കവിതയെഴുതിയ ചലച്ചിത്രകാരൻ..

വിട്ടുവീഴ്ചയില്ലാത്ത കലാതപസ്യയിലൂടെ  മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രിയസംവിധായകൻ  ലെനിൻ രാജേന്ദ്രൻ .അദ്ദേഹത്തിൻറെ  ആദ്യ ചിത്രം  "വേനല്‍" ആയിരുന്നു . അദ്ദേഹത്തിൻറെ  പല സിനിമകള്‍ക്കും പേര് പ്രത്യേകമായി നിരീക്ഷിച്ചാല്‍ പലതും കാലവും കാലാവസ്ഥയുമൊക്കെയായാണ് ചേര്‍ന്നു നില്‍ക്കുന്നതെന്ന് കാണാം. കയ്യൂര്‍ സംഭവമെന്ന കമ്മ്യൂണിസ്റ്റ് ഇതിഹാസത്തെ അഭ്രപാളിയില്‍ എത്തിച്ചപ്പോള്‍ അതിന് നല്‍കിയ പേര് മീനമാസത്തിലെ സൂര്യനെന്ന്..മഴ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിങ്ങനെ പോകുന്നു സിനിമയുടെ പേരുകള്‍. ചില്ല്, പുരാവൃത്തം, വചനം, കുലം എന്നീ സിനിമകളും ഈ നിഗമനത്തോട് ചേര്‍ത്തു നിര്‍ത്താവുന്നതാണ്. ഒരര്‍ഥത്തില്‍ ചരിത്രത്തിന്റെ പുനര്‍വായന വേറിട്ട രീതിയില്‍ നടത്തിയ സ്വാതി തിരുനാളിനെയും ഈ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്. പ്രേം നസീറിനെ കാണ്മാനില്ല, ദൈവത്തിന്റെ വികൃതികള്‍, അന്യര്‍ എന്നിവ പേരിടലിന്റെ പ്രത്യേകതയില്‍ ഈ നിഗമനത്തിന് പുറത്താണെങ്കിലും ഉള്ളടക്കത്തില്‍ അതുള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്.
വേറിട്ട സിനിമാ വ്യക്തിത്വം, സംവിധായക രംഗത്തെ അല്‍ഭുതപ്രതിഭ എന്നിങ്ങനെയുള്ള പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ലെനിന്‍ എന്ന സംവിധായകനെ ഈയൊരു തലത്തില്‍ കൂടി നിരീക്ഷിക്കുമ്പോഴാണ് പൂര്‍ണമാവുക എന്നാണ് തോന്നുന്നത്. കാലമില്ലാതെ ജീവിതവും ജീവിതമില്ലാതെ കാലവുമില്ല എന്ന പരസ്പരപൂരകത്തെ അര്‍ഥപൂര്‍ണമായി അദ്ദേഹം ഉള്‍ക്കൊണ്ടുവെന്നാണ് സ്വന്തം സിനിമകളുടെ പേരിടലില്‍ പോലും കാട്ടിയ വൈഭവം വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ ആദ്യത്തേത് മുതല്‍ അവസാനത്തേത് വരെയുള്ള എല്ലാ സിനിമകളിലും തന്റെ രാഷ്ട്രീയം ഉള്‍ച്ചേര്‍ത്തുള്ള ജീവിത വീക്ഷണങ്ങള്‍ തന്നെയാണ് ലെനിന്‍ രാജേന്ദ്രന്‍ അവതരിപ്പിക്കാന്‍  ചരിത്രത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ വിലയിരുത്തപ്പെട്ട ജന്മിത്വ വിരുദ്ധ സമരമായിരുന്നു കയ്യൂര്‍ സംഭവത്തിലേക്ക് വഴിവച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടപ്പിലാക്കപ്പെട്ട വധശിക്ഷയിലൂടെ നാലുപേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച പ്രസ്തുത സംഭവത്തെ ഹൃദയസ്പര്‍ശിയായ സിനിമയായി മലയാളി പ്രേക്ഷകരുടെ മനസിലേക്ക് സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഒരു പക്ഷേ പുസ്തകങ്ങളിലൂടെ അവയെ വായിച്ചവരേക്കാള്‍ എത്രയോ മടങ്ങുപേര്‍ ആ ചരിത്രത്തെ അടുത്തറിഞ്ഞത് മീനമാസത്തിലെ സൂര്യനെന്ന സിനിമയിലൂടെ ആയിരിക്കും.
എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന ഹൃദയസ്പര്‍ശിയായ നോവല്‍ അതേ പേരിലും മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി, മഴയെന്ന പേരിലും ലെനിന്റെ സംവിധായക മികവില്‍ മലയാളികള്‍ക്ക് അനുഭവവേദ്യമായ ചലച്ചിത്രകാവ്യമായി. സ്വാതിതിരുനാളിന്റെ ജീവിതവും അങ്ങനെ മലയാളിയുടെ അനുഭവമാക്കുന്നതിന് ലെനിന്റെ പ്രതിഭയ്ക്ക് സാധിച്ചു. അല്‍ഫോണ്‍സച്ചന്‍ എന്ന മുകുന്ദന്‍ കഥാപാത്രത്തെ നായകരംഗത്ത് പ്രതിഷ്ഠിച്ചപ്പോള്‍ മയ്യഴിയെന്ന പ്രദേശം ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയശേഷം അവിടെയവശേഷിച്ച ഫ്രഞ്ചുകാരുടെ ജീവിതവും വ്യഥകളും അന്യതാത്വവും പ്രേക്ഷകരുടെ കൂടി വേദനയായി മാറുന്നു. ഫ്രഞ്ച് അധിനിവേശ വിരുദ്ധ പോരാട്ടത്തെ തള്ളിപ്പറയാതെ തന്നെ അത് നിര്‍വഹിക്കുന്നതിന് അപാരമായ കയ്യടക്കം വേണ്ടതുണ്ട്. അതില്‍ ലെനിന്‍ വിജയിക്കുക തന്നെ ചെയ്യുന്നു.
ഏറ്റവും ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്ത സിനിമ അന്യര്‍ ഇപ്പോള്‍ ഏറ്റവും പ്രസക്തമാകുന്നൊരു വിഷയത്തെയാണ് അഭിസംബോധന ചെയ്തത്. കേരളത്തിലെ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തെ. സമകാലികമായി നോക്കുമ്പോള്‍ അന്യര്‍ എന്ന സിനിമ കൂടുതല്‍ പ്രസക്തമാവുകയും ചെയ്യുന്നുണ്ട്.ചലച്ചിത്ര സംവിധാനത്തില്‍ മാത്രമല്ല സംഘാടനത്തിലും ലെനിന്‍ രാജേന്ദ്രന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസര്‍ എന്ന നിലയിലും നിലവില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലും ചലച്ചിത്ര മേളകളുടെയും സിനിമാ നിര്‍മാണ മേഖലയുടെയും സംഘാടനത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു.
ദൈവത്തിന്റെ വികൃതികളും മഴയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയപ്പോള്‍ രാത്രിമഴയിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. ദേശീയസംസ്ഥാന അവാര്‍ഡ് കമ്മിറ്റികളില്‍ ജൂറി അംഗമായിരുന്നു. സിനിമയ്ക്കപ്പുറത്ത് കെ പി എ സി യുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങളും സംവിധാനം ചെയ്ത ലെനിന്‍ രാജേന്ദ്രന്‍ നാടകവും തന്റെ തട്ടകമാണെന്ന് അടയാളപ്പെടുത്തി. നിര്‍മാതാവ്, ടെലിഫിലിം, ഡോക്യുമെന്ററി എന്നിവയിലും അദ്ദേഹം തന്നെ അടയാളപ്പെടുത്തി. പുസ്തകങ്ങളും അദ്ദേഹത്തിന്റെ തൂലികയിലൂടെ മലയാളി വായനക്കാരുടെ ഇഷ്ട വിഭവങ്ങളായിട്ടുണ്ട്. കാലത്തോടൊപ്പം കാലാവസ്ഥയോടും താന്‍ ചെറുപ്പം മുതല്‍ കൊണ്ടു നടന്ന ഇടതുപക്ഷ രാഷ്ട്രീയത്തോടുമുള്ള പ്രതിബദ്ധത സിനിമ ഉള്‍പ്പെടെയുള്ള കലാസപര്യകളില്‍ എഴുതിച്ചേര്‍ത്താണ് ലെനിന്‍ രാജേന്ദ്രന്‍ തന്റെ ജീവിതവചനം അവസാനിപ്പിക്കുന്നത് .ലോകം  ഇടിഞ്ഞു വീണോട്ടേ, നമുക്ക് താങ്ങി നിർത്താമല്ലോ എന്നു പറയുന്ന ഒരു മനുഷ്യൻ- അതായിരുന്നു ലെനിൻ രാജേന്ദ്രൻ ! ജീവിതത്തെ ഇത്ര ലാഘവത്തോടെ സമീപിച്ച ഒരാളെ അപൂർവമായേ കണ്ടിട്ടുള്ളൂ.എൺപതുകളിൽ അദ്ദേഹം ചെയ്ത 'പ്രേംനസീറിനെ കാൺമാനില്ല' പോലെ തൊഴിലില്ലായ്മയെ ഇത്ര തീക്ഷ്ണമായി പ്രതിഫലിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടോയെന്നു സംശയമാണ്.
ആൾദൈവങ്ങളെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്ത 'വചനം' പോലൊരു സിനിമ ഇക്കാലത്തു ചിന്തിക്കാൻ പോലും കഴിയില്ല. ഇതിനെല്ലാം കാരണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന എഴുത്തുകാരനാണ്. ഏതു വിഷയത്തെയും കൃത്യമായ കാഴ്ചപ്പാടെ സമീപിച്ചു. കവികളെപ്പോലെ ദർശനമുണ്ടാകുക എന്നൊക്കെ പറയാറില്ലേ, അത് ലെനിൽ രാജേന്ദ്രന് എന്തുകൊണ്ടും യോജിക്കും. അടിസ്ഥാനവർഗത്തിന്റെയും സാധാരണ സർക്കാർ ജീവനക്കാരുടെയും വേദനകൾ കണ്ടയൊരാളെന്ന നിലയിൽ ഏറ്റവും താഴെയുള്ള മനുഷ്യർക്കൊപ്പം നിൽക്കണം, അവരെ അറിയണം എന്ന രാഷ്ട്രീയബോധ്യമാണ് വച്ചുപുലർത്തിയത്.വലിയ ആളുകൾക്കൊപ്പം കസേര പങ്കിട്ടപ്പോഴും ഏറ്റവും താഴെയുള്ള ജനങ്ങളെയും അദ്ദേഹം കണ്ടു, ഒപ്പം ചേർത്തുനിർത്തി.
 തികഞ്ഞ രാഷ്ട്രീയബോധവും ആവിഷ്കാരത്തിലെ വിട്ടുവീഴ്ചയില്ലാത്ത കലാപരതയുമാണ് ലെനിൻ സിനിമകളുടെ മുഖമുദ്ര. കാലത്തിൽ കൊത്തിവെച്ച ശില്പങ്ങളായി എന്നും അവ വേറിട്ടുനിന്നു.അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള മലയാളത്തിലെ രാഷ്ട്രീയപക്ഷപാതമുള്ള കലാസിനിമയുടെ ഭാഗമായാണ് ലെനിൻ എഴുപതുകളുടെ അന്ത്യത്തിൽ ഉയർന്നുവന്നത്. ഇടതുപക്ഷത്ത് ഉറച്ചുനിന്ന പി.എ. ബക്കറുമായുള്ള സൗഹൃദത്തിൽ തുടങ്ങിയ ആ ചലച്ചിത്രജീവിതം പ്രണയവും രാഷ്ട്രീയവും കൈകോർത്ത വേനൽ (1981), ചില്ല് (1982) എന്നീ സിനിമകളിലൂടെ യൗവനത്തിന്റെ പുതിയ മുഖം വരച്ചുകാട്ടി. 1983-ൽ അന്നത്തെ താരനായകനായ പ്രേംനസീറിനെ തീർത്തും വേറിട്ട വേഷപ്പകർച്ചയ്ക്ക് വിധേയനാക്കി ‘പ്രേംനസീറിനെ കാണാനില്ല’ എന്ന പരീക്ഷണത്തിലൂടെ മുഖ്യധാരാ സിനിമയെ അമ്പരപ്പിച്ചു. കയ്യൂർ വിപ്ലവചരിത്രത്തെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തിയ എക്കാലത്തെയും ക്ലാസിക്കായ ‘മീനമാസത്തിലെ സൂര്യ’നായിരുന്നു (1985) അടുത്ത ചിത്രം. 1987-ൽ സ്വാതിതിരുനാളിലൂടെ തിരുവിതാംകൂർ ചരിത്രത്തിന്റെ അവിസ്മരണീയമായ അധ്യായത്തെ സിനിമയിലെഴുതി.
പുരാവൃത്തം (1988), വചനം (1989), അന്യർ (2003) തുടങ്ങിയ സിനിമകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് ജനഹൃദയങ്ങളിൽ എത്താനുള്ള അന്വേഷണങ്ങളായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ എന്ന് ഉറച്ചുപറയാവുന്ന രചനയാണ് എം. മുകുന്ദന്റെ നോവലിന്റെ ആസ്പദമാക്കിയുള്ള ദൈവത്തിന്റെ വികൃതികൾ (1992). മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ഫ്രഞ്ച് അധിനിവേശത്തിന്റെ ഓർമകളുടെയും ജീവിതത്തിന്റെയും ബാക്കിപത്രം തന്നെയായിരുന്നു അത്. കുലം (1997) മാർത്താണ്ഡവർമയുടെ ചരിത്രനോവലിലൂടെയും മഴ (2000) മാധവിക്കുട്ടിയുടെ കഥാലോകത്തിലൂടെയും യാത്രചെയ്യുന്നു. മകരമഞ്ഞ് (2011) രാജാ രവിവർമയുടെ ചിത്രങ്ങളുടെ പരിസരത്തിലേക്കുള്ള അന്വേഷണമാണ്. രാത്രിമഴ (2007), ഇടവപ്പാതി (2016) എന്നീ സിനിമകളിലൂടെ   പ്രകൃതിയും പ്രണയവും ലെനിന്റെ ചിത്രപ്രപഞ്ചത്തിൽ ഇടംപിടിക്കുന്നു.
നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ മലയാളത്തിന്റെ അഭിമാനമായ സിനിമകളാണ് ലെനിന്റേത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങളിലും അവ തലയെടുപ്പോടെ നിന്നു. കലാസിനിമകൾ ആവിഷ്കാരത്തിന്റെ ക്ലിഷ്ടതയാൽ മനുഷ്യരിൽ നിന്നകലുകയും വാണിജ്യ സിനിമകൾ ഹൃദയങ്ങളിൽ വിഷംപുരട്ടി സാമൂഹിക വിരുദ്ധതയുടെ ആഘോഷമാവുകയും ചെയ്ത നാല് ദശകക്കാലത്ത് ചരിത്രബോധവും സാമൂഹികബോധവും അടിയറവെയ്ക്കാതെ കലയുടെ കൊടിക്കൂറ ജനപക്ഷത്തുനിന്ന് ഉയർത്തിപ്പിടിച്ചു എന്നതാണ് ലെനിൻ രാജേന്ദ്രനെ എന്നും പ്രിയപ്പെട്ടവനാക്കിയത്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: