Pages

Friday, November 16, 2018

ഗജചുഴലിക്കാറ്റില് തമിഴ് നാട്ടിൽ വേളാങ്കണ്ണി പള്ളിക്ക് കേടുപാട്



ഗജചുഴലിക്കാറ്റില് തമിഴ് നാട്ടിൽ  വേളാങ്കണ്ണി പള്ളിക്ക് കേടുപാട്
16-11 2018

തമിഴ്നാടിനെ ആശങ്കയിലാഴ്ത്തി വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ വ്യാപക നാശം. പ്രസിദ്ധമായ വേളാങ്കണ്ണി പള്ളിയുടെയും പരിസരങ്ങളിലും കാറ്റ് നാശം വിതച്ചു. പള്ളിയോട് ചേര്‍ന്ന് നിർമിച്ച ക്രിസ്തുവിന്റെ രൂപവും കാറ്റില്‍ തകര്‍ന്നു. ഒരുമാസം മുന്‍പ് നിര്‍മിച്ച രൂപം ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമാണ്. രൂപത്തിന്റെ കൈകളാണ് കാറ്റിൽ തകർന്നുവീണത്. കാറ്റിലും മഴയിലും മരങ്ങളും കടപുഴകി. കെട്ടിടങ്ങൾക്കും നാശം സംഭവിച്ചു. ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരണസംഖ്യ ഇരുപതായെന്നാണ് റിപ്പോർട്ടുകൾ.
സംസ്കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം. തമിഴ്നാട്ടില്‍ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ഥത്തില്‍. ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമര്‍ദമായി മാറി കേരള തീരത്തിലെത്തി ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഒഡീഷ തീരത്ത് വീശിയ തിത്‌ലി ചുഴലിക്കാറ്റിനുശേഷം ഗജ എത്തുമ്പോള്‍ പേരുകളിലെ വ്യത്യസ്തതയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ചുഴലിക്കാറ്റിനെ തിരിച്ചറിയുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുമാണ് സാങ്കേതിക വാക്കുകള്‍ക്ക് പകരം പേരുകള്‍ ഉപയോഗിക്കുന്നത്. ആശയവിനിമയം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചെറിയ പേരുകളാണ് നല്‍കാറുള്ളത്. അക്ഷരമാല ക്രമത്തിലാണ് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കിയിരുന്നത്. പിന്നീട് സ്ത്രീകളുടെ പേരുകള്‍ നല്‍കിത്തുടങ്ങി. 1979ല്‍ പുരുഷന്‍മാരുടെ പേരും ഉപയോഗിക്കാന്‍ തുടങ്ങി.
വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള ഓരോ പ്രദേശത്തെയും രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ പട്ടികയായി സൂക്ഷിക്കുന്നതും, പേരു നല്‍കുന്നതും. പട്ടികയിലുള്ള പേരുകള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഉപയോഗിക്കും. 2025ന് ശേഷം വീണ്ടും ഗജ എന്ന പേര് ഉപയോഗിച്ചേക്കാമെന്ന് അര്‍‌ഥം. വലിയ നാശനഷ്ടം വരുത്തുകയും ജനങ്ങള്‍ മരിക്കാനിടയാകുകയും ചെയ്യുന്ന ചുഴലിക്കാറ്റുകളുടെ പേരുകള്‍ വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പിന്നീട് ഉപയോഗിക്കാറില്ല.
പുലര്‍ച്ചെ പന്ത്രണ്ട് മുപ്പതിനാണ് നാഗപട്ടണം വേദാരണ്യ മേഖലയിലൂടെ ഗജ തീരം തൊട്ടത്. നാഗപട്ടണം കൂടാതെ തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര്‍ ,കാരക്കല്‍ തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ നാശം വിതച്ച കാറ്റ് കരയിലെത്തി ഒമ്പത് മണിക്കൂറിന് ശേഷമാണ് ശക്തി കുറഞ്ഞത്. ഡിണ്ടുഗല്‍, മധുര, സേലം ജില്ലകളിലൂടെ കാറ്റ് കടന്നുപോകും. ഈ പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരും ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നത്. മരം കടപുഴകി വീണ് വേളാങ്കണ്ണി പള്ളിയുടെ ചുവരുകള്‍ക്ക് കേടുപാടുകള്‍ പറ്റി. പള്ളി വളപ്പില്‍ സ്ഥാപിച്ച യേശുവിന്‍റെ പ്രതിമയും തകര്‍ന്നു.
മരങ്ങള്‍ വ്യാപകമായി കടപുഴകിയതിനാല്‍ റോഡ്–റെയില്‍ ഗതാഗതം തടസപ്പെട്ടു. എണ്‍പതിനായിരത്തിലധികം പേരെ വിവിധ ക്യാപുകളിലേക്ക് മാറ്റിയിരുന്നു. പുതുച്ചേരിയില്‍ തിരമാലകള്‍ എട്ട് മീറ്റര്‍ ഉയരത്തില്‍ വരെ എത്തി. തഞ്ചാവൂര്‍ ജില്ലയില്‍ മാത്രം ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. ഇരുപത്തിരണ്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Prof. John Kurakar



No comments: