Pages

Saturday, September 22, 2018

സർക്കാരിലും സ്വന്തം സഭയിലുംനിന്ന്നീതിനിഷേധിക്കപ്പെട്ടപ്പോഴാണ്കന്യാസ്ത്രീകൾ സമരപഥത്തിലേക്ക്‌ ഇറങ്ങിയത്


സർക്കാരിലും സ്വന്തം  സഭയിലുംനിന്ന്നീതിനിഷേധി
ക്കപ്പെട്ടപ്പോഴാണ്കന്യാസ്ത്രീകൾ സമരപഥത്തിലേക്ക്‌  ഇറങ്ങിയത്

കന്യാസ്ത്രീയെ ബലാത്സംഗംചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒടുവിൽ അറസ്റ്റിലായിരിക്കുന്നു.നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളും മൊഴികളും അടക്കം കേസിൽ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അനിവാര്യമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികൾ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായിരുന്നു. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കൂടിയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. നീതി ആവശ്യപ്പെട്ട് കൊച്ചിയിൽ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകളുടെ വിജയം കൂടിയാണ് ബിഷപ്പിന്റെ അറസ്റ്റ്.

രാജ്യത്ത്‌ ആദ്യമാണ് ലൈംഗികാരോപണക്കേസിൽ ഒരു ബിഷപ്പ് നടപടി നേരിടുന്നത്. സ്വന്തം സന്ന്യസ്തസമൂഹത്തിലെ  കന്യാസ്ത്രീയെ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണം നേരിടേണ്ടിവന്ന ബിഷപ്പുമാർ  ഫ്രാങ്കോയെപ്പോലെ ലോകചരിത്രത്തിൽത്തന്നെ അപൂർവവുമായിരിക്കും. ഈ ബിഷപ്പിന്റെ കാര്യത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള നടപടിയാകട്ടെ നീതിന്യായവ്യവസ്ഥ ആവശ്യപ്പെടുന്നവിധം സ്വാഭാവികമായി ഉണ്ടായതാണെന്ന് കരുതാനാകാത്ത സാഹചര്യമുണ്ട്.

പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതികിട്ടാൻ അവരുടെ മഠത്തിലെ കന്യാസ്ത്രീകൾക്ക് തെരുവിൽ സമരംചെയ്യേണ്ടിവന്നു. വേട്ടയാടലിന്റെ വേദനകളാൽ അവർക്ക് സമൂഹത്തിനുമുന്നിൽ കണ്ണീരൊഴുക്കേണ്ടിവന്നു. ഭാരത കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കന്യാസ്ത്രീകൾ സമരത്തിനിറങ്ങിയത്.  ‘ബിഷപ്പിനെ കൈയാമംവയ്ക്കുംവരെ ധർമസമരംഎന്ന പ്രഖ്യാപനത്തോടെയാണ് അവർ സമരം തുടങ്ങിയത്. കന്യാസ്ത്രീകളും അവരെ പിന്തുണച്ച സ്ത്രീകളും മുന്നിൽനിന്ന് നയിച്ച രണ്ടാഴ്ചനീണ്ട അസാധാരണമായ ആ സമരത്തിനിടെയാണ് ബിഷപ്പിനെ ചോദ്യംചെയ്യാൻ വിളിച്ചതും അറസ്റ്റുചെയ്തതും. നിയമം നിയമത്തിന്റെ വഴിക്കുപോകാൻ ജനകീയസമ്മർദം വേണ്ടതില്ലായിരിക്കാം. എന്നാൽ, ജനകീയസമ്മർദം ഇവ്വിധം ഇല്ലാതിരുന്നെങ്കിൽ ഈ കേസിൽ എന്തുസംഭവിക്കുമായിരുന്നു എന്നചോദ്യം പ്രസക്തമാണ്.

ബലാത്സംഗത്തിനും സ്ത്രീപീഡനങ്ങൾക്കുമെതിരേയുള്ള നിയമങ്ങൾ കർശനമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു കന്യാസ്ത്രീയുടെ പരാതിയിൻമേൽ കുറ്റാരോപിതനായ ബിഷപ്പിനെ അറസ്റ്റുചെയ്യാൻ മാസങ്ങളെടുത്തു എന്നത് ന്യായീകരിക്കുക എളുപ്പമല്ല. പഴുതടച്ച അന്വേഷണത്തിനാണ് ഈ കാലതാമസമുണ്ടായതെന്ന് പോലീസ് പറയുന്നു. നീതി നടപ്പായാൽമാത്രംപോരാ, അത് നടപ്പാവുന്നുവെന്ന് ബോധ്യമാവുകകൂടി വേണമെന്ന സങ്കല്പം ഇവിടെ പ്രസക്തമാണ്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, തന്നെ 13 തവണ ബലാത്സംഗംചെയ്തതായി ഈ വർഷം ജൂൺ 27-നാണ്  മിഷണറീസ് ഓഫ് ജീസസിലെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പോലീസിന് പരാതി നൽകിയത്.

ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്കും വിശദമായ പരാതി നൽകി. എന്നാൽ, ക്രൂരമായ അപമാനമാണ് പിന്നീട് ഈ കന്യാസ്ത്രീക്ക് നേരിടേണ്ടിവന്നത്. അവരെ വ്യക്തിഹത്യചെയ്യാൻ ഒരു ജനപ്രതിനിധിയും മുന്നിൽനിന്നു. ബിഷപ്പിന്റെ മൊഴിയെടുത്തെങ്കിലും തുടർനടപടികൾ നീണ്ടുപോയി. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി പരാതിക്കാരിയുടെ ചിത്രം പരസ്യപ്പെടുത്താൻപോലും ആ സന്ന്യസ്തസമൂഹത്തിന്റെ അധികൃതർ തയ്യാറായി.  കത്തോലിക്കാസഭയിലെ പുരോഹിതർക്കെതിരേ  ഉയരുന്ന ലൈംഗികാരോപണങ്ങളെ  ആഗോളസഭ ഗൗരവത്തോടെയും ആത്മവിമർശനത്തോടെയും കാണുമ്പോൾ ഇവിടെ ഇതേക്കുറിച്ചുള്ള ചർച്ചപോലും സഭാവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടു.

സർക്കാരിലും സഭയിലുംനിന്ന് നീതിനിഷേധിക്കപ്പെടുന്നുവെന്ന തോന്നലാണ് ആ കന്യാസ്ത്രീകളെ മുമ്പെങ്ങും കാണാത്തവിധം സമരപഥത്തിലേക്ക്‌ ഇറക്കിയത്. കുറ്റാരോപിതൻ സാധാരണക്കാരനായിരുന്നെങ്കിൽ എത്രയും വേഗം നിയമനടപടികൾക്ക് വിധേയമാകാവുന്ന സാഹചര്യങ്ങൾ നിലനിൽക്കെ ബിഷപ്പിന്റെ മാതാധികാരവും സ്വാധീനവും കാരണം അറസ്റ്റ് വൈകുകയാണെന്ന ധാരണയാണ് പോലീസിന്റെ മെല്ലെപ്പോക്ക് ഉണ്ടാക്കിയത്.  ഈ പ്രശ്നത്തിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ കാട്ടിയ മൗനം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഒത്തുതീർപ്പുകൾ വെളിപ്പെടുത്തുന്നതായിരുന്നു.

ബിഷപ്പിന്റെമേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തെപ്പറ്റി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനി കോടതിയാണ് തീർപ്പുകല്പിക്കേണ്ടത്. ഈ പ്രക്രിയയിൽ ആദ്യപടി മാത്രമാണ് അറസ്റ്റ്. കേസ് അട്ടിമറിക്കപ്പെടാതെ നിയമത്തിന്റെ വഴിയിൽ മുന്നോട്ടുനീങ്ങിയാലേ നീതി പുലരൂ. അതിനുള്ള സാഹചര്യം സംശയത്തിനതീതമായി ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഉന്നതനായ ഒരു പുരോഹിതനെതിരേ പരാതിനൽകുകയും ആ പരാതി വൈകിയാണെങ്കിലും പരിഗണിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുകയുംചെയ്ത കന്യാസ്ത്രീകളെ  സംരക്ഷിക്കേണ്ട ചുമതല സർക്കാരിനൊപ്പം സഭയ്ക്കുമുണ്ട്. ഉന്നതമായ ആ നീതിബോധം സഭയുടെ എല്ലാതട്ടിലുംനിന്ന്‌ ഉണ്ടാകണം .എത്ര ഉന്നതനായാലും കുറ്റവാളികളെ സംരക്ഷിക്കാൻ  സഭ തയാറാകരുത്‌



പ്രൊഫ്. ജോൺ കുരാക്കാർ

No comments: