Pages

Monday, May 7, 2018

പുരസ്കാരവിതരണ ചടങ്ങിലെ അവഗണനയുംഅവഹേളനവും


പുരസ്കാരവിതരണ ചടങ്ങിലെ അവഗണനയുംഅവഹേളനവും
അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങിലെഅവഗണനയും അവഹേളനവും സാംസ്ക്കാരിക കലാരംഗത്ത് കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ് .  140 അവാര്ഡ് ജേതാക്കളില് 68 പേരാണ് വിട്ടുനിന്നത്. 11  പുരസ്കാരങ്ങൾ  മാത്രം  രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് പുരസ്കാര ജേതാക്കള് പ്രതിഷേധിച്ചത്.മികച്ച കലാപ്രവർത്തകർക്കുള്ള പുരസ്കാരം രാഷ്ട്രം നൽകുന്ന അംഗീകാരമാണ്. അതു രാഷ്ട്രത്തിന്റെ ഭരണഘടനാ തലവനിൽനിന്നുതന്നെ സ്വീകരിക്കണമെന്ന ആഗ്രഹം ജേതാക്കൾക്കുണ്ടായാൽ അതിനെ കുറ്റപ്പെടുത്താനാവില്ല. അത് അവർ അർഹിക്കുന്നതാണ്.
 ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്കെല്ലാം രാഷ്ട്രപതി നേരിട്ട് അവാർഡ് സമ്മാനിക്കുന്നതാണു കീഴ്വഴക്കം.ചലച്ചിത്ര രംഗത്ത് സ്വന്തം പ്രതിഭ തെളിയിച്ചവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. അവരെ ഒന്നാംതരവും രണ്ടാംതരവുമായി തിരിച്ച് കുറച്ചുപേർക്ക് രാഷ്ട്രപതി പുരസ്കാരം നൽകാൻ  തീരുമാനിച്ചത്  ഏതു സാഹചര്യത്തിലായാലും ശരിയായില്ല . ജേതാക്കളിൽ ഓരോരുത്തരെയും സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലൊന്നാണ് അവാർഡ് സ്വീകരണവേള.
 പല തവണ ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ചിലർ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെങ്കിലും ഒട്ടുമിക്കവരും പുതുമുഖങ്ങൾതന്നെ. ദേശീയ അംഗീകാരമെന്ന നിലയിൽ രാജ്യത്തെ പ്രഥമ പൗരനിൽനിന്ന് ഇത് ഏറ്റുവാങ്ങുന്നത് ഇവർക്കെല്ലാം വളരെ അഭിമാനകരമായ കാര്യമാണ്. ആ രംഗത്തിനു സാക്ഷ്യംവഹിക്കാൻ കുടുംബാംഗങ്ങളുമായാണു പലരും എത്തിയത്.പലരും നിരാശരായി മടങ്ങുകയായിരുന്നു .ദേശീയചലച്ചിത്രപുരസ്കാരത്തിൻറെ  ഔന്നത്യം ഇല്ലാതാക്കുന്നത്  സാംസ്ക്കാരിക ലോകത്തിനു സഹിക്കാവുന്നതല്ല .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: