Pages

Thursday, May 10, 2018

സ്ത്രീകളെ രക്ഷിക്കാൻ ആരുണ്ടിവിടെ ?


സ്ത്രീകളെ  രക്ഷിക്കാൻ ആരുണ്ടിവിടെ ? 

ലോക രാഷ്ട്രങ്ങളിൽ  സ്ത്രീകൾ  ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രമായി ഭാരതം മാറിക്കഴിഞ്ഞിരിക്കുകയാണ് .നമ്മുടെ നാട്   ഇത്രമാത്രം അധഃപധിച്ചു പോകുന്നത് എന്തുകൊണ്ടാണ്? ഒരു സ്ത്രീയെ നമ്മുടെ സമൂഹം കാണുന്ന തെങ്ങനെയാണ് ?  രാജ്യതലസ്ഥാനത്തു ദിവസം ശരാശരി അഞ്ചു സ്ത്രീകൾ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്നാണ്  റിപ്പോർട്ട് ..ഡൽഹി പോലീസിന്റെ റിപ്പോർട്ട് പ്രകാരം, ഈ വർഷം ഏപ്രിൽ 15 വരെ 578 സ്ത്രീകളാണു രാജ്യതലസ്ഥാനത്തു പീഡനത്തിനിരയായത്. പിഞ്ചുകുട്ടികൾപോലും ക്രൂരമായ മാനഭംഗത്തിനിരയാകുന്നുവെന്ന വാർത്തകളാണു നാം ദിവസേനയെന്നോണം കേൾക്കുന്നത്. കഠുവ സംഭവവും ഉന്നാവോ സംഭവവുമൊക്കെ അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്നവർക്കു വധശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി ഈയിടെ അംഗീകാരം നൽകുകയും ചെയ്തു .

രാജ്യത്തെ കൊടിയ അപമാനത്തിലേക്ക് തള്ളിയിട്ട നിര്ഭയയുടെയും സൗമ്യയുടെയും പിന്ഗാമികളായി പഞ്ചാബില് നിന്നും ഒരു അമ്മയും മകളും കാമാര്ത്തരായ കഴുകന്മാരുടെ കൂര്ത്ത് മൂര്ത്ത നഖങ്ങളാല് പിച്ചിച്ചീന്തി ഈയിടെ എറിയപ്പെട്ടത് ലോകത്തെയാകെ വീണ്ടും  ഞെട്ടിപ്പിച്ചിരിക്കുകയാണ് . പഞ്ചാബിലെ ചാണ്ഡിഗറിനടുത്തുള്ള മോഗയിലാണ് സംഭവം നടന്നത്. മോഗയിലെ ഗുരുദ്വാറില് പ്രാര്ത്ഥനക്ക് പോയ 36കാരിയായ അമ്മയും 13 വയസ്സുള്ള മകളും തിരിച്ച് ഒരു ബസില് വീട്ടിലേക്ക് വരവേ ആ ബസ്സിലെ ക്ലീനറുടെ നേതൃത്വത്തില് ഒരു സംഘം ആക്രമികള് അമ്മയെ മാനഭംഗപ്പെടുത്താന് ശ്രമിച്ചു. അമ്മ ചെറുത്തുനിന്നപ്പോള് മകളുടെ നേര്ക്കായി അക്രമം. കുട്ടിയും തന്നാലാവുന്ന വിധം എതിര്ത്തുനിന്നെങ്കിലും ആക്രമികള് അവരെ രണ്ടു പേരെയുമെടുത്ത് പുറത്തേക്കെറിഞ്ഞു. റോഡില് വീണ ആഘാതത്തില് മകള് തല്ക്ഷണം മരിച്ചു. അമ്മ ഗുരുതരാവസ്ഥയില് ആശുപത്രിയിലുമായി.
ഡല്ഹിയിലെ നിര്ഭയ മോഡല് ആക്രമണത്തിന്റെ ഒരു ആവര്ത്തനമാണിത്. നിര്ഭയ കേസിന് ശേഷം പാര്ലമെന്റില് പാസാക്കിയെടുത്ത സ്ത്രീ സുരക്ഷാ പദ്ധതി കൊണ്ടൊന്നും രാജ്യത്ത് സ്ത്രീകള് സുരക്ഷിതരാകുന്നില്ല. അങ്ങനെയൊരു അവസ്ഥ ഉണ്ടാകണമെങ്കില് ആര്ജ്ജവമുള്ളവരും അഴിമതി രഹിതരുമായ പോലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളും അധികാരത്തില് വരേണ്ടിയിരിക്കുന്നു. പഞ്ചാബിലും, ഡല്ഹിയിലും ലൈംഗിക ആക്രമണ കേസുകള് ഒരു തുടര്ക്കഥയായി തീര്ന്നിരിക്കുകയാണ്.
 സ്ത്രീകള്ക്ക് ജീവിക്കാന് പറ്റാത്ത ഒരിടമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു.സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്കാരമാണ് ഇന്ത്യയ്ക്കു പണ്ട് ഉണ്ടായിരുന്നത് . ആര്ഷഭാരതത്തിന്റെ സംസ്കാര മുദ്രകളില് ഒന്നുംതന്നെ ഇനി അവശേഷിക്കുന്നില്ല.സ്ത്രീപീഡനങ്ങൾ കുറയ്ക്കാൻ നിയമനിർമാണം മാത്രം പോരാ  സ്ത്രീസുരക്ഷാപദ്ധതികളും ബോധവത്കരണവും ഉണ്ടാകണം.
പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്നു സംവരണത്തിനുള്ള നിയമനിർമാണത്തിന് എത്രയോ കാലമായി ശ്രമിക്കുന്നു. എന്നിട്ടും അതുണ്ടാകുന്നില്ല.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതാണു ഭരണാധികാരികളുടെ ആത്യന്തിക ചുമതല. സ്ത്രീസുരക്ഷ ഒരു രാജ്യത്തിന്റെ അഭിമാനത്തിന്റെകൂടി പ്രശ്നമാണ്. സംസ്കാരസന്പന്നമെന്നും സാക്ഷരസംസ്ഥാനമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നുമൊക്കെ പറയപ്പെടുന്ന കേരളത്തിൽപ്പോലും എത്രയോ സ്ത്രീപീഡന, ബാലപീഡന കേസുകളാണ് ഉണ്ടാകുന്നത്. ഈയിടെ ഒരു വിദേശവനിത ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം കേരളത്തിനാകെ നാണക്കേടായി. ലോകസമൂഹത്തിനു മുന്നിൽ തലയുയർത്തി നിൽക്കണമെങ്കിൽ ഈ രാജ്യത്തിന്റെ സംസ്കാരം നമുക്ക് ഉയർത്തിപ്പിടിക്കാൻ കഴിയണം.ജനങ്ങളുടെ മനോഭാവത്തിനു തന്നെ മാറ്റം വരണം .സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്റെ സമീപനത്തിൽ അടിസ്ഥാനമായി ചില മാറ്റങ്ങൾ വരേണ്ടതുണ്ട്. ഇന്ന് ഭാരതത്തിലും നമ്മുടെ കേരളത്തിലും   സ്ത്രീയുടെ സുരക്ഷയെ കരുതി എന്ത് ചെയ്തിട്ടുണ്ട്. സ്ത്രികൾക്കെതിരെ കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും എന്ന ബോധം വന്നാൽ കുറ്റകൃത്യത്തിന്റെ തോത് കുറയും .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: