Pages

Wednesday, April 18, 2018

KARINGACHIRA ST.GEORGE JACOBITE SYRIAN CHURCH ( കരിങ്ങാച്ചിറ പള്ളി.)


KARINGACHIRA ST.GEORGE JACOBITE SYRIAN CHURCH കരിങ്ങാച്ചിറ പള്ളി.


കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണ് ക്രിസ്തുവർഷം 722-ൽ സ്ഥാപിതമായ മോർ ഗീവറുഗീസ് സഹദാ പള്ളി അഥവാ കരിങ്ങാച്ചിറ പള്ളി.എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ നിന്ന് ഒന്നര കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം സഹദായുടെ നാമത്തിലുള്ള കേരളത്തിലെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രം കൂടിയാണ്.പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനമെന്ന നിലയിൽ തൃപ്പൂണിത്തുറ ഒരു പ്രമുഖ ദേശമായി വളർന്നു വന്ന കാലഘട്ടത്തിൽ ഇടപ്പള്ളി പ്രദേശത്ത് നിന്നും വ്യാപാരം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരുന്ന ഒട്ടേറെ സുറിയാനി ക്രിസ്ത്യാനികൾ ഈ ഭാഗത്തേക്ക് കുടിയേറി. ഇവരുടെ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയ രാജാവ് ഇവർക്കായി പുത്തനങ്ങാടി എന്ന പേരിൽ ഒരു വ്യാപാരകേന്ദ്രം തുറന്നുകൊടുക്കുകയും ചെയ്തു. കാലക്രമത്തിൽ ധാരാളം ക്രൈസ്തവർ ഇവിടെ താമസമുറപ്പിച്ചെങ്കിലും ആത്മീയകാര്യങ്ങൾക്ക് അവർ അപ്പോഴും ആശ്രയിച്ചിരുന്നത് ഇടപ്പള്ളി പള്ളിയെ തന്നെയായിരുന്നു.
അങ്ങനെയിരിക്കെ ' പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിലെ ഒരു വ്യക്തി ആകസ്മികമായി മരണമടയുകയും പള്ളിക്കുടിശിക തീർക്കാത്തതിനാൽ ഇടപ്പള്ളി പള്ളിയുടെ ശ്മശാനത്തിൽ സംസ്കരിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. അതിനാൽ ബന്ധുക്കൾക്ക് കരിങ്ങാലിച്ചിറ എന്നറിയപ്പെട്ടിരുന്ന ജനവാസം ഇല്ലാതിരുന്ന പ്രദേശത്ത് മൃതശരീരം സംസ്കരിക്കേണ്ടി വന്നു. പിന്നീട് അവിടെ ഒരു ദേവാലയം ഉണ്ടാകണമെന്ന കുടുംബത്തിന്റെ ആഗ്രഹമാണ് കരിങ്ങാലിച്ചിറയിൽ വിശുദ്ധ ഗീവർഗീസിന്റെ നാമത്തിൽ ഒരു പള്ളി സ്ഥാപിക്കപ്പെടുവാൻ ഇടയായത്.പള്ളിയുടെ പടിഞ്ഞാറു ഭാഗത്തു കൂടി ഒഴുകുന്ന പുഴയ്ക്ക് ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട് കരിങ്ങാലി കൊണ്ട് ഒരു ചിറയുണ്ടായിരുന്നു. ആയതിനാലാണ് ഈ പ്രദേശത്തിനു കരിങ്ങാലിചിറ എന്ന പേരുണ്ടായത്. കാലക്രമത്തില് കരിങ്ങാലിച്ചിറ ലോപിച്ച് കരിങ്ങാച്ചിറയായി മാറി.
മറ്റ് പല പുരാതന ദേവാലയങ്ങളെ പോലെ കരിങ്ങാച്ചിറ പള്ളിയും പല കാലഘട്ടങ്ങളിലായി പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1923-ലെ അറ്റകുറ്റപണികൾക്കിടയിൽ കണ്ടെടുക്കപ്പെട്ട 'നാനം മോനം' ഭാഷയിലുള്ള ശിലാലിഖിതത്തിൽ ഈ പള്ളി ക്രിസ്തുവർഷം 722-ൽ പണി കഴിപ്പിച്ചതാണെന്നും, പിന്നീട് 812-ൽ പൊളിച്ചു പണിഞ്ഞുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കരിങ്ങാച്ചിറ പള്ളിയോട് വലിയ സ്നേഹബഹുമാനങ്ങൾ പുലർത്തിയിരുന്ന കൊച്ചിരാജവംശം ദേവാലയപുനർനിർമ്മാണത്തിന് സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു. തൃപ്പൂണിത്തറ കൊട്ടാരത്തിൽ നിന്നു പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ കരിങ്ങാച്ചിറ കത്തനാരും പങ്കെടുക്കുന്നത് പരമ്പരാഗതമായ ഒരു പതിവാണ്.മേയ് 5 മുതൽ 7 വരെയുള്ള തീയതികളിൽ നടക്കുന്ന വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആണ് പ്രധാന പെരുന്നാൾ. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നേർച്ചകാഴ്ചകളുമായി വിശ്വാസികൾ വരുന്നു.
സഹദായുടെ പെരുന്നാളിനൊപ്പം തന്നെ പ്രസിദ്ധമായമായതാണ് ഡിസംബർ 1 മുതൽ 3 വരെയുള്ള തീയതികളിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസിന്റെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതിന്റെ ഓർമ്മയുടെ പെരുന്നാൾ. പരിശുദ്ധനായ യൽദൊ മാർ ബസേലിയോസ് ബാവാതിരുമേനി കോതമംഗലത്ത് എത്തിവിശ്രമിച്ചുകൊണ്ടിരിക്കവേ ഈ ഇടവകയിൽപെട്ട ചില വിശ്വാസധീരർ (പുരുഷന്മാരും, സ്ത്രീകളുമുൾപ്പടെ) ബാവയെ കാണുന്നതിനായി ചെന്നു. തദവസരത്തിൽ പ്രാദേശികമായി സുലഭമായിരുന്ന വറുത്ത അരിപ്പൊടി, പഴം, ശർക്കര, തേങ്ങാപ്പീര എന്നിവ ചേർത്തുണ്ടാക്കിയ 'തമുക്ക് 'എന്ന മധുരപലഹാരം (old Malayalam word: Dictionary)തിരു മേശയിലേക്ക് സമർപ്പിച്ചു. വേറൊരു ദേശത്തുനിന്നും വന്ന ബാവക്ക് ഈ പലഹാരത്തിന്റെ വ്യത്യസ്തരുചിമൂലം അത്‌ മുഴുവൻ സന്തോഷത്തോടെ കഴിക്കുകയും ശേഷം കൂടി വന്ന ജനത്തെ അനുഗ്രഹിച്ചയക്കുകയും ചെയ്തു. എന്നാൽ ഇടവകയിലെ ഒരു വൈദീകൻ ബാവായോടൊപ്പം നിലകൊണ്ടു. അദ്ദേഹം ബാവായുടെ അന്ത്യസമയത്തിന് ദൃക്‌സാക്ഷിയുമായി. പാരമ്പര്യവിശ്വാസപ്രകാരം ഈ വൈദീകൻ യൽദോ ബാവായുടെ തിരുശേഷിപ്പ് കാൽനടയായി പള്ളിയിലേക്ക് കൊണ്ടുവന്നു. ഇടവകയിലെ ജനങ്ങൾ തിരുവാങ്കുളത്തിനടുത്തുള്ള മാമല എന്ന സ്ഥലത്തുനിന്നും തിരുശേഷിപ്പ് വഹിച്ചിരുന്ന ബഹു. കശീശയെ ആഘോഷമായി പള്ളിയിലേക്ക് സ്വീകരിച്ചാനയിച്ചു ഡിസംബർ 3ന് തിരുശേഷിപ്പ് പള്ളിയിൽ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണ് തമുക്ക് പെരുന്നാളിന്റെ ഉത്ഭവം. പിന്നീട് 1920ൽ പളളിയിലെ വടക്കേ ഭിത്തിയിൽ ചില പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തുമ്പോൾ വിശിഷ്ടമായ കൊത്തുപണികളോടെയുള്ള ചെപ്പിനുള്ളിൽ വീരാളിപ്പട്ടിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെടുക്കുകയുണ്ടായി. വിവരം ആലുവയിലെ പരിശുദ്ധനായ മോർ അത്താനാസിയോസ് വലിയ തിരുമേനിയെ അറിയിച്ചപ്പോൾ "കണ്ടതൊക്കെ കണ്ടു, അത്‌ അവിടെത്തന്നെ വച്ച് അടച്ചേക്കൂ" എന്ന് കൽപ്പനയുണ്ടായി, തുടർന്ന് വിശ്വാസികൾ അപ്രകാരം ചെയ്തിരിക്കുന്നതുമാകുന്നു.പരിശുദ്ധ പരുമല തിരുമേനിക്ക് കോറൂയോ പട്ടം ഈ ഇടവകയിൽ വച്ചാണ് ലഭിച്ചത്. ഭക്തിയോടുകൂടി ആയിരകണക്കിന് വിശ്വാസികളാണ് ഈ പരിശുദ്ധ  ദേവാലയത്തിൽ പെരുന്നാളിനും മറ്റും എത്തിക്കൊണ്ടിരിക്കുന്നത് .

Prof. John Kurakar

No comments: