നീറികൊണ്ടിരിക്കുന്ന ഭാരതഗ്രാമങ്ങൾ
നീറികൊണ്ടിരിക്കുന്ന ഭാരതഗ്രാമങ്ങൾ
നീറിക്കൊണ്ടിരിക്കുകയാണ്
.ഭരണകൂടങ്ങൾ ഉയർത്തിക്കാട്ടുന്ന വികസനത്തിന്റെയും വളർച്ചയുടെയും നേട്ടങ്ങളൊന്നും നമ്മുടെ
ഗ്രാമങ്ങളിൽ എത്തിയിട്ടില്ല . വിളനശിച്ചും
വിലകിട്ടാതെയും കടംകയറി മുടിഞ്ഞ് ആത്മഹത്യയിൽ അഭയംതേടുന്ന കർഷകരും ഭൂരഹിതരായ ആദിവാസികളുമുൾപ്പെടുന്ന ഗ്രാമങ്ങളുടെ നിലവിളിയും മുരടിപ്പും കേൾക്കാൻ ഇവിടെ ആളില്ല .
ഇന്ത്യൻ ഗ്രാമയാഥാർഥ്യത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുകയായിരുന്നു മാർച്ച് 12-ന് മുംബൈയിൽ അവസാനിച്ച
കർഷകജാഥ. സി.പി.എമ്മിന്റെ
കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടെ മഹാരാഷ്ട്ര സംസ്ഥാനഘടകം സംഘടിപ്പിച്ച ആ ലോങ് മാർച്ചിൽ
ആയിരക്കണക്കിനു ദരിദ്രകർഷകരാണ് അണിചേർന്നത്. സമരം വാൻ വിജയമായിരുന്നു . കിസാൻസഭയുടെ പ്രക്ഷോഭജാഥ സമകാലിക ഇന്ത്യൻ യാഥാർഥ്യത്തെയാണ് പൊതുസമൂഹത്തിൽ അവതരിപ്പിച്ചത്. ‘സൗജന്യങ്ങളല്ല അവകാശങ്ങളാണ് ചോദിക്കുന്നത്’ (‘മെഹർബാനി
നക്കോ, ഹക്ക് ഹവേത്ത്’)
എന്ന മുദ്രാവാക്യമുയർത്തിയ ദരിദ്രകർഷകർ ഉയർത്തിയ ആവശ്യങ്ങൾ ആ യാഥാർഥ്യത്തിന്റെ പൊള്ളിക്കുന്ന ചിത്രം
തരുന്നു. വനഭൂമിയിൽ തലമുറകളായി കൃഷിചെയ്യുന്ന ഭൂരഹിതരായ ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചുനൽകുക, കാർഷികവായ്പകൾ എഴുതിത്തള്ളുക, കൃഷിഭൂമി വെള്ളത്തിനടിയിലാക്കുന്ന നദീസംയോജന പദ്ധതികൾ പരിഷ്കരിക്കുക, കൃഷി നശിച്ചവർക്ക് ഏക്കറിന് 40,000 രൂപവീതം നഷ്ടപരിഹാരം നൽകുക, കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശുപാർശകൾ നൽകിയ എം.എസ്. സ്വാമിനാഥൻ
കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, വ്യവസായ വികസനത്തിന്റെ പേരിൽ വിളനിലങ്ങൾ ഏറ്റെടുക്കുന്നതു നിർത്തുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് കർഷകജാഥ ഉന്നയിച്ചത്.
മുതലാളിത്താനുകൂലമായ പുത്തൻ സാമ്പത്തിക നയത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇരകൾ ഗ്രാമീണ കർഷകരാണ്. ജാതിമതഭേദവും സ്വത്വഭേദവുമില്ലാത്ത ആ അടിസ്ഥാനവർഗം പ്രകൃതിക്ഷോഭവും
വരൾച്ചയും കൃഷിനാശവും കടക്കെണിയും കൊണ്ടു മാത്രമല്ല, ജനിതക വ്യതികരണം വരുത്തിയ വിത്തുകളും ഇടനിലക്കാരുടെ ചൂഷണവും വിലയിടിവുംകൊണ്ട് തകർച്ചയുടെ പാതാളവക്കിലാണ് കുറേക്കാലമായി. മാസംതോറും ശരാശരി 240 കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് മഹാരാഷ്ട്ര പോലീസിന്റെ കുറ്റകൃത്യരേഖാ വിഭാഗത്തിന്റെ കണക്ക്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment