Pages

Monday, January 1, 2018

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി നമുക്ക്പുതുവർഷത്തെ വരവേൽക്കാം



പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി നമുക്ക്പുതുവർഷത്തെ വരവേൽക്കാം

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ലോകം പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റിന്റെ വലിയ ദുഃഖത്തിൽ മുങ്ങിയാണ് 2017 കടന്നുപോയത് .കേരളം. അപ്രതീക്ഷിതമായി വീശിയടിച്ച ഓഖി ചുഴലിക്കൊടുങ്കാറ്റ് വരുത്തിെവച്ച ദുരന്തത്തിന്റെ ഉണങ്ങാത്ത മുറിവുകളും വേദനകളും ഇപ്പോഴും നിഴലിട്ടുനിൽക്കുന്നു.ദുരന്തങ്ങളും തിരിച്ചടികളും കേരളജനതയെ കൂടുതൽ കരുതതരാക്കണം നമ്മൾ നിരാശയുടെപടുകുഴിയിൽ ആണ്ടുപോകരുത്. നമുക്ക് ബഹുദൂരം മുന്നോട്ടുപോകാനുണ്ട്
.കൂകിപ്പാഞ്ഞുതുടങ്ങിയ കൊച്ചി മെട്രോയും പൊതുവിദ്യാഭ്യാസ യജ്ഞവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ദളിതർക്കു ശാന്തിക്കാരാകാൻ കഴിഞ്ഞതും ദേവസ്വം നിയമനങ്ങളിൽ മുന്നാക്കജാതികളിലെ പാവപ്പെട്ടവർക്കു സംവരണമേർപ്പെടുത്തിയതും ഭിന്നലൈംഗിക വ്യക്തിത്വങ്ങളുടെ സാമൂഹികാംഗീകാരത്തിനുള്ള നടപടികൾ ഉണ്ടായതും സ്ത്രീസുരക്ഷയ്ക്കുവേണ്ടിയുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതും കഴിഞ്ഞവർഷത്തെ  പ്രകാശരേഖകളാണ്.
 കറന്സി പിൻവലിക്കലും  തിരക്കിട്ടുള്ള ജിഎസ്ടി നടപ്പാക്കലും മറ്റും  സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന് വിപണിയില്നിന്ന് 50,000 കോടി രൂപകൂടി കടമെടുക്കാനുള്ള കേന്ദ്ര സര്ക്കാര് തീരുമാനത്തോടെയാണ് രാജ്യം പുതുവര്ഷത്തിലേക്ക് കടക്കുന്നത്.കേന്ദ്രസര്ക്കാരിന്റെ വികലമായ സാമ്പത്തികനയങ്ങളും നവ ഉദാരവല്ക്കരണ നടപടികളുമാണ് ഇത്തരമൊരു ദുഷ്കരസാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. പൊതുമേഖല ഓഹരികള് വിറ്റ് കമ്മി നികത്താനുള്ള നീക്കം ആപത്ക്കരമാണ് . 75,000 കോടി രൂപ ഇതുവഴി സമാഹരിക്കാനാണ് നീക്കം.
 കേരളവും കടക്കെണിയിൽ തന്നെയാണ് .കേരളത്തിന്റെ ഈ സാന്പത്തിക പ്രതിസന്ധി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദീർഘവീക്ഷണത്തോടെ പ്രശ്നങ്ങളെ സമീപിക്കാത്തതിന്റെ ഫലമാണിതെല്ലാം .സംസ്ഥാനത്ത പതിനായിരക്കണക്കിനു കെഎസ്ആർടിസി പെൻഷൻകാർക്കു മാസങ്ങളോളം പെൻഷൻ മുടങ്ങി. ക്ഷേമപെൻഷനുകളും അവശ, ആശ്രിത പെൻഷനുകളും വാങ്ങുന്നവരിൽ ഏറെയും അത്യാവശ്യക്കാരാണ്. ജീവിതത്തിന്റെ സായംകാലത്തു പെൻഷൻ ആനുകൂല്യങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്നവരോടു സർക്കാർ അനീതി കാട്ടരുത്. അനുദിനച്ചെലവുകൾക്കുപോലും പണമില്ലാത്ത അവസ്ഥയിലേക്കു സംസ്ഥാനം നീങ്ങുകയാണ്. വളരെ ശ്രദ്ധയോടും പ്രായോഗികബുദ്ധിയോടുംകൂടി ചുവടുകൾ വച്ചാൽ പ്രശ്നങ്ങളിൽ പലതും പരിഹരിക്കാനാവും. രാഷ്ട്രീയ ചേരിതിരിവുകൾ മാറ്റിവച്ച് ഒറ്റക്കെട്ടായുള്ള ശ്രമമാണിതിനു വേണ്ടത്.
 കഴിഞ്ഞവർഷത്തിന്റെ അനുഭവങ്ങളും അബദ്ധങ്ങളും ആശയങ്ങളും ഈ വർഷം നാം പുലർത്തേണ്ട ജാഗ്രതകളെക്കുറിച്ചാണ് ഓർമിപ്പിക്കുന്നത്.പുതുവർഷം പുതിയ പദ്ധതികൾക്കു തുടക്കമാക്കാവുന്നതുപോലെ സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലുമൊക്കെ ചില നല്ല മാറ്റങ്ങൾ വരുത്താനുള്ള സമയംകൂടിയാണ് . നഷ്ടപ്പെട്ടുപോയ നല്ല മൂല്യങ്ങൾ തിരികെപ്പിടിക്കാനും പുതുമയുള്ള നല്ല കാര്യങ്ങൾ ചെയ്യാനും ഇപ്പോൾ നമുക്ക്  ശ്രമമാരംഭിക്കാം. സമൂഹത്തിൽ വർധിച്ചുവരുന്ന അസഹിഷ്ണുതയും സംഘർഷങ്ങളും അവസാനിപ്പിക്കണം .രാജ്യം കാത്തുസൂക്ഷിക്കുന്ന മഹത്തായ സാംസ്കാരിക, രാഷ്ട്രീയ പൈതൃകങ്ങൾ കൈമോശം വരരുത്. ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം എന്നിവ അമൂല്യമാണ്. അവയിൽ ഏതെങ്കിലും തകർന്നാൽ രാജ്യം തകരും.
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്ന രാജ്യം സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ പ്രശ്നങ്ങളും കാണണം, പരിഹരിക്കണം. ഇന്നും രാജ്യത്തു കഠിനമായ ദാരിദ്ര്യം വേദനാജനകമായ യാഥാർഥ്യമാണ് .ശാസ്ത്ര സാങ്കേതിക രംഗത്ത് നമ്മൾ മുന്നേറുകയാണ് .നമ്മുടെ  രണ്ടാമത്തെ ചാന്ദ്രയാൻ ദൗത്യം മാർച്ചിലാണ് ഉദ്ദേശിക്കുന്നത്. പക്ഷേ ഭൂമിയിലെ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ മറക്കരുത്  .  ഓഖി ദുരന്തത്തിൽനിന്നു പാഠം ഉൾക്കൊണ്ടു കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാസമയം ലഭ്യമാക്കാനും പ്രകൃതിക്ഷോഭങ്ങൾക്കും കാലാവസ്ഥയുടെ പ്രാതികൂല്യങ്ങൾക്കുമെതിരേ കരുതൽ സ്വീകരിക്കാനും ദുരന്തനിവാരണരംഗത്തു കൂടുതൽ ശ്രദ്ധ ചെലുത്താനും ജാഗ്രതകാട്ടണം ..മണ്ണിനെയും വെള്ളത്തെയും കാടിനെയും മറക്കാത്ത, അന്ധമായ വികസനവേദാന്തമുയർത്തി അവയെ മുടിക്കാത്ത, പ്രകൃതിക്കുവേണ്ടി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുന്ന...പ്രസാദാത്മക രാഷ്ട്രീയമാണ്‌ നാം വികസിപ്പിച്ചെടുക്കേണ്ടത്‌.എല്ലാവർക്കും പുതുവർഷാശംസകൾ .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: