Pages

Sunday, December 3, 2017

കലിതുള്ളി കടലും കടലിൻറെ മക്കളും വിറങ്ങലിച്ച് തീരം



കലിതുള്ളി കടലും കടലിൻറെ മക്കളും

വിറങ്ങലിച്ച് തീരം


ആര്ത്തലച്ചെത്തുന്ന തിരമാലകള് തീരദേശ റോഡിന്റെ പല ഭാഗങ്ങളും തകര്ത്തു. തീരദേശ റോഡിന് സമീപത്തെ നിരവധി വീടുകള് ഏതു സമയവും കടലെടുക്കാവുന്ന നിലയിലാണ്. ചാനാക്കഴികം ഭാഗത്താണ് ഏറെനാശം. നിരവധി വൈദ്യുതി തൂണുകള് കടലെടുത്തു. തീരപ്രദേശത്ത് രണ്ടുദിവസമായി വൈദ്യുതി നിലച്ചിട്ട്. തീരദേശ റോഡിന് സമീപം അപകടകരമായി നിന്നിരുന്ന നിരവധി തെങ്ങുകള് ഫയര്ഫോഴ്സും ട്രാക്കിന്റെ ദുരന്തനിവാരണസേനയുംചേര്ന്ന് മുറിച്ചുമാറ്റി.
കടല്ക്കയറ്റത്തെത്തുടര്ന്ന് റോഡ് തകര്ന്ന് കുഴി രൂപപ്പെട്ട സ്ഥലങ്ങളില് പാറയിട്ടു തുടങ്ങി. ഇറിഗേഷന് വകുപ്പിന്റെ മേല്നോട്ടത്തിലാണ് പാറയിടല്. എന്.കെ.പ്രേമചന്ദ്രന് എം.പി, എം.നൗഷാദ് എം.എല്.എ. എന്നിവര് തീരദേശത്ത് ആശ്വാസനടപടികള്ക്ക് നേതൃത്വം നല്കുന്നു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികള് വൈദ്യുതി ബോര്ഡ് ഉദ്യോഗസ്ഥരുടെ മേല്നോട്ടത്തില് നടന്നുവരികയാണ്ഇരവിപുരം സെന്റ് ജോണ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും ദുരിതബാധിത പ്രദേശങ്ങളും എന്.കെ.പ്രേമചന്ദ്രന് എം.പി. സന്ദര്ശിച്ചു. ഇരവിപുരം വില്ലേജ് ഓഫീസറുടെ മേല്നോട്ടത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഫയര്ഫോഴ്സ് ജില്ലാ ഓഫീസര് ഹരികുമാര്, ട്രാക്ക് ട്രഷറര് റിട്ട. ആര്.ടി.ഒ. സത്യന്, ട്രാക്ക് ദുരന്തനിവാരണസേന കോ-ഓര്ഡിനേറ്റര് ക്യാപ്റ്റന് ക്രിസ്റ്റഫര് ഡിസോസ്ക, പി.ആര്.ഒ. റോണാ റെബെയ്യോ എന്നിവര് തെങ്ങുകള് മുറിച്ചുമാറ്റുന്നതിന് നേതൃത്വം നല്കി.
ഓഖി ചുഴലിക്കാറ്റില്പ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികളെ കാണാതായ വിഴിഞ്ഞത്ത് സന്ദര്ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു വിഭാഗം നാട്ടുകാരുടെ കടുത്ത പ്രതിഷേധം. മുഖ്യമന്ത്രിവരാന് വൈകിയതെന്തേ എന്ന് ചോദിച്ചുകൊണ്ട് ഒരു വിഭാഗം ആളുകള് പാഞ്ഞടുക്കുകയായിരുന്നു.വാഹനത്തിന് അടിച്ചും ആക്രോശിച്ചും പ്രതിഷേധിച്ച ജനങ്ങളുടെ ഇടയില് നിന്നും മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനിടെ പോലീസും നാട്ടുകാരും തമ്മില് ഉന്തും തള്ളുമുണ്ടായി. കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി സ്ഥലത്ത് എത്തിയതെങ്കിലും ഇത് വകവയ്ക്കാതെ നാട്ടുകാര് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെ സന്ദര്ശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെയാണ് പ്രതിഷേധം.
പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര് കാറിന്റെ ആന്റിന ഒടിഞ്ഞു. അരമണിക്കൂര് ചെലവിട്ട ശേഷം ഔദ്യോഗിക വാഹനത്തില് കയറാനാവാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് പിന്നീട് മുഖ്യമന്ത്രി മടങ്ങിയത്. നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേയും ഇ. ചന്ദ്രശേഖരനെതിരേയും നാട്ടുകാര് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കനത്ത സുരക്ഷാ വലയം ഇല്ലായിരുന്നുവെങ്കില് വൈകുന്നേരം മുഖ്യമന്ത്രിക്ക് നേരെ  ചിലപ്പോള് കൈയേറ്റ ശ്രമംവരെയുണ്ടാവാന് സാധ്യതയുണ്ടായിരുന്നു. ഒടുവില് കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനുമൊപ്പമാണ്  മുഖ്യമന്ത്രി മടങ്ങിയത്.
വൈകന്നേരം ആറരയോടെ വിഴിഞ്ഞത്തെ ക്രിസ്ത്യന്പള്ളിയിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. ശേഷം പുറത്തിറങ്ങി നാട്ടുകാരോട് സംസാരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല് പ്രതിഷേധം ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് പള്ളിക്കകത്ത് കയറി പള്ളി വികാരിക്കൊപ്പമാണ് മുഖ്യമന്ത്രി സംസാരിച്ചത്. രക്ഷാപ്രവര്ത്തനത്തില് സര്ക്കാരിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില് പള്ളിവികാരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള് കേള്ക്കാന് സ്ത്രീകള് അടക്കം നിരവധി പേരാണ് സ്ഥലത്ത് തടിച്ച് കൂടിയിരുന്നത്. നാട് ഇതുവരെ കാണാത്ത ദുരന്തമാണുണ്ടായതെന്നും സര്ക്കാര് ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി നാട്ടുകാരെ അറിയിച്ചു. എന്നാല് രക്ഷാപ്രവര്ത്തനത്തിന് തങ്ങളെയും ഒപ്പം കൂട്ടണമെന്ന നിലപാടിലായിരുന്നു ജനങ്ങള്. അത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ജനങ്ങളെ അറിയിച്ചു. ഇതിനിടെയാണ് ഒരു വിഭാഗം ജനങ്ങള് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്ന്ന് മുഖ്യമന്ത്രിക്ക് തന്റെ ഔദ്യോഗിക വാഹനത്തിനരികെ എത്താനായില്ല.

Prof. John Kurakar

No comments: