Pages

Saturday, October 28, 2017

രാജസ്ഥാൻറെ കരിനിയമം രാജ്യത്തിന്ആപത്ത്

രാജസ്ഥാൻറെ കരിനിയമം 
രാജ്യത്തിന്ആപത്ത്

അഴിമതിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള കുടില ശ്രമമാണ് ഇപ്പോൾ രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത് .മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയുള്ള പരാതികളിൽ അന്വേഷണങ്ങൾക്കു മുൻകൂർ അനുമതി ആവശ്യമാണെന്നും മാധ്യമങ്ങൾ അത്തരം പരാതികൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്ന രാജസ്ഥാൻ സർക്കാരിന്റെ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നു നിയമ വിദഗ്ധർ.ചൂണ്ടിക്കാട്ടുന്നു
സെപ്റ്റംബർ ആറിനു ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കിയെടുക്കാനാണു സർക്കാർ ശ്രമം.അഴിമതിയുടെ ഓരോ വേരും അറുത്തുമാറ്റാൻ വേണ്ടത് അനുസ്യൂതവും ഏകോപിതവുമായ സമർപ്പിതയത്നമാണെന്നിരിക്കെ   അതിനെതിരെ ഭരണകൂടത്തിൽനിന്നുതന്നെ യുദ്ധപ്രഖ്യാപനമുണ്ടാവുന്നത് അങ്ങേയറ്റം ആശങ്കാജനകവുമാണ്. അങ്ങേയറ്റം അനൗചിത്യമുള്ള ഓർഡിനൻസ് റദ്ദാക്കേണ്ടതാണെന്നു ഭരണഘടനാ വിദഗ്ധനായ ശാന്തിഭൂഷൺ അഭിപ്രായപ്പെട്ടു. ഓർഡിനൻസിന്റെ ഭരണഘടനാ സാധുത സംശയാസ്പദമാണെന്നു മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി പ്രതികരിച്ചു. ജഡ്ജിമാർക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ള പശ്ചാത്തലത്തിൽ നിയമസഭയ്ക്ക് അക്കാര്യത്തിൽ നിയമനിർമാണം നടത്താൻ കഴിയുന്നതെങ്ങനെയെന്നു ലോ കമ്മിഷൻ ചെയർമാൻ ചോദിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട പരാതി പൊലീസിനു ലഭിച്ചാലും അന്വേഷിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നാണ് ഓർഡിനൻസിലുള്ളത്. കോടതിയെ പരാതിക്കാരൻ സമീപിച്ചാലും കേസെടുക്കണമെങ്കിൽ സർക്കാർ അനുമതി നൽകണം. സർക്കാർ അനുമതിയില്ലാതെ അഴിമതിക്കേസിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ മാധ്യമപ്രവർത്തകർക്കെതിരെ രണ്ടുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താമെന്നും ഓർഡിനൻസിലുണ്ട്. അഴിമതി പുറത്തുവരാതിരിക്കാനും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുമുള്ള ശ്രമമാണിത്  .നിയമസഭയിൽ വൻ ഭൂരിപക്ഷമുള്ള ബിജെപിക്ക് ഓർഡിനൻസ് പാസാക്കിയെടുക്കാൻ ബുദ്ധിമുട്ടില്ല. ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായതിനാൽ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് അലയടിക്കുന്നത് .മാധ്യമങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം ജനങ്ങൾക്ക് അറിയാനുള്ള അവകാശത്തിന്റെ നിഷേധംതന്നെയാണ്.. മാധ്യമങ്ങൾ അഴിമതി പുറത്തുകൊണ്ടുവരുന്നതും അഴിമതി ആരോപണങ്ങൾ നേരിടുന്നവരുടെ പേരുകൾ സമൂഹത്തിനുമുന്നിൽ അറിയിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി കാണുന്ന ഭരണകൂടം എത്രമാത്രം രോഗഗ്രസ്തമാണെന്നു ചിന്തിക്കാതെവയ്യ. ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയായ  ഈ  ബിൽ ഉടനെ പിൻവലിക്കുകയാണു വേണ്ടത്.ജനങ്ങളുടെ വ്യാപക പ്രതിഷേധം സർക്കാരിൻറെ കണ്ണുതുറപ്പിക്കുമെന്നു കരുതുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: