Pages

Friday, September 22, 2017

റോഹിൻഗ്യനുകൾക്ക് ധനസഹായം ; തിരിച്ചുപോകണമെന്ന് ഓസ്ട്രേലിയ

റോഹിൻഗ്യനുകൾക്ക് ധനസഹായം ; തിരിച്ചുപോകണമെന്ന് ഓസ്ട്രേലിയ
റോഹിൻഗ്യൻ അഭയാർത്ഥികൾ അവരുടെ സ്വദേശത്തേക്കു മടങ്ങിപോകണമെന്ന് ഓസ്‌ട്രേലിയൻ ഭരണകൂടം. ഇതിനായി അഭയാർത്ഥികൾക്കു ആയിരകണക്കിന് ഡോളറാണ് ഓസ്ട്രേലിയ വാഗ്ദാനം ചെയ്യുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയുന്നു.
പാപ്പുവ ന്യൂ ഗനിയയിലെ മനുസ് ഐലെൻഡിലെ  ഓസ്ട്രേലിയൻ  നിയന്ത്രിത  കേന്ദ്രത്തിൽ നിന്നും അഭയാർത്ഥികൾ മടങ്ങിപോകാനാണ് അധികാരികൾ ആവശ്യപ്പെടുന്നത്. സ്വദേശത്ത് തിരിച്ചെത്തുമ്പോൾ റോഹിൻഗ്യനുകൾ അക്രമങ്ങൾക്ക് ഇരയായേക്കാം. അതൊന്നും റോഹിൻഗ്യനുകളെ തുടരാൻ അനുവദിക്കുന്നതിനുള്ള കാരണങ്ങളല്ല. അവർ സ്വദേശമായ മ്യാന്മറിലേക്കു മടങ്ങിയെപറ്റൂയെന്ന നിലപാടിലാണ് ഓസ്ട്രേലിയ.
800 – ലധികം അഭയാർത്ഥികളുള്ള ക്യാമ്പിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് പാപ്പുവ ന്യൂ ഗനിയ സുപ്രീം കോടതി കണ്ടെത്തി. തുടർന്നാണ് അത് അടച്ചുപൂട്ടണമെന്ന് കോടതിയുടെ ഉത്തരവ്. അന്നുതൊട്ട്  അവിടെ നിന്നും ഒഴിഞ്ഞുപോകുന്നതിനു ഓരോ അഭയാർത്ഥിക്കും 25,000 ഡോളർ വീതമാണ് ഓസ്‌ട്രേലിയയുടെ വാഗ്ദാനം.
റോഹിൻഗ്യനുകളെ മ്യാന്മാറിലേക്കു തിരിച്ചയക്കുന്നത് അവരുടെ ജീവനു തന്നെ ഭീഷണിയാണ് . മ്യാന്മാർ ഭരണകൂടം വംശീയ ന്യുനപക്ഷത്തെ അവഗണിക്കുകയാണ്. അവർ റോഹിൻഗ്യകൾക്കു നേരെ സൈനിക നടപടി തുടർന്നുകൊണ്ടേയിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഉന്നത ഉദ്യോഗസ്ഥൻ മ്യാന്മാറിലെ ഈ വംശഹത്യയെ വിലയിരുത്തിയത് “വംശീയ ശുദ്ധീകരണത്തിന്റെ പാഠപുസ്തക മാതൃക” യെന്നാണ്.
ഏകദേശം 400000 ത്തോളം റോഹിൻഗ്യകനുൾ ഇതിനോടകം തന്നെ നാടും വീടും വിട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. അവരുടെ ഗ്രാമങ്ങൾ കത്തിയെരിയുകയാണ്. കലാപബാധിതർ വെടിയുണ്ടയേറ്റ മാരക മുറിവുകളുടെയും ലൈംഗിക അതിക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും കഥകളും പേറിയാണ് പലായനം നടത്തുന്നത്. ഏഴു റോഹിൻഗ്യനുകൾ മനുസ് ഐലൻഡിൽ നിന്നും രണ്ടുപേർ പപ്പുവ ന്യൂ ഗിനിയയിൽ നിന്നും തിരിച്ചു മ്യാന്മറിലേക്കു പോകാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
“2013ലാണ് ഞങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിപ്പെടുന്നത്. ശേഷം മനുസ്  ഐലെൻഡിലേക്കും. തിരിച്ചു മ്യാന്മറിലേക്കു പോകുക എന്നതല്ലാതെ ഞങ്ങൾക്ക് മറ്റൊരു മാർഗ്ഗമില്ല. ഞങ്ങൾക്ക് പാപ്പുവ ന്യൂ ഗിനിയയിൽ തുടരണമെന്നില്ല. ബുദ്ധിസ്റ്റുകൾ ആളിക്കത്തിക്കുന്ന കലാപകലുഷിതമായ സ്വദേശത്തേക്ക് തിരിച്ചുപോയാൽ ഞങ്ങൾ കൊല്ലപ്പെട്ടേക്കാം. മരിക്കുന്നുവെങ്കിൽ അത് ഞങ്ങളുടെ മണ്ണായ മ്യാന്മറിൽ വച്ച് തന്നെയാകട്ടെ”, തിരിച്ചുപോകാൻ ഒരിങ്ങിനിൽക്കുന്ന 32 കാരനായ യഹിയ ടാബാനിയുടെ വാക്കുകളാണിത്.
ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് യഹിയക്ക് 25,000 ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുവരെയുമിത് യഹിയക്കു ലഭിച്ചിട്ടില്ല . പണം വാങ്ങുന്നതിനായി ബാങ്ക് അക്കൗണ്ടുമില്ല. തന്റെ യാത്രാ രേഖകൾക്കായി പപ്പുവ ന്യൂ ഗിനിയൻ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ യഹിയ കാത്തിരിപ്പിലാണ്.
പാപ്പുവ ന്യൂ ഗിനിയയിലെ പ്രദേശവാസികൾ അഭയാർഥികളെ പീഡിപ്പിക്കുന്നു. ഇറാൻ സ്വദേശിയായ ഒരു തടവുകാരനെ അവർ കൊന്നു. മനുസ്സിൽ ശാരീരികവും ലൈംഗിക വുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരുടെ ദൈന്യാവസ്ഥയാണെങ്ങും. അഭയാർഥി ക്യാംപിലെ അന്തേവാസികൾക്ക് വൈദ്യസഹായമില്ല. ഗാർഡുകളുടെ മർദ്ദനത്തിൽ കൊല്ലപെടുന്ന അഭയാർഥികളുടെ എണ്ണം ദിനേനെ ഏറുകയാണ്.
മനുസ്സ് അഭയാർഥി കേന്ദ്രം ഒക്ടോബർ 31 നകം പൂർണ്ണമായും അടച്ചുപൂട്ടുമെന്ന് ഓസ്‌ട്രേലിയൻ-പപ്പുവ ന്യൂ ഗിനിയ സർക്കാരുകൾ അറിയിച്ചു. അഭയാർഥികളെ ഒഴിപ്പിക്കുന്നതിന് വിവിധ വിഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പിൻവലിച്ചു തുടങ്ങി കഴിഞ്ഞു. എന്നാൽ റോഹിൻഗ്യനുകളെ ഈയവസരത്തിൽ മ്യാന്മറിലേക്ക് അയക്കുന്നത് അവരെ കൊല്ലാൻ വിട്ടുകൊടുക്കുന്നതിനു സമാനമാണെന്ന് ഹ്യൂമൻ റൈറ്സ് വാച്ച് ഓസ്‌ട്രേലിയൻ ഡയറക്ടർ എലൈനെ പിയേഴ്‌സൺ പറയുന്നു.
ഒബാമ ഭരണകൂടം ഓസ്ട്രേലിയ തിരിച്ചയക്കുന്ന 1250 അഭയാർഥികളെ യു എസ്സിൽ പുനരധിവസിപ്പിക്കാം എന്ന് ഉറപ്പ് നൽകിയിരുന്നു എന്നാൽ ട്രംപ് ഈ കരാറിനെ വിശേഷിപ്പിച്ചത് ‘മണ്ടൻ കരാർ ‘ എന്നാണ്.കരാർ പ്രകാരം ആരെയും യു എസ്സിൽ പുനരധിവസിപ്പിക്കാൻ ട്രംപ് തയ്യാറല്ല . ഇത് റോഹിൻഗ്യനുകളുടെ പ്രതീക്ഷകളെ തകർത്തു.
മ്യാന്മറിൽ നിന്നും പലായനം ചെയ്തുവരുന്നവരെ ഓസ്‌ട്രേലിയ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അവരെ തിരിച്ചു സ്വന്തം രാജ്യത്തേക് അയക്കാനാണ് തീരുമാനമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ ബംഗ്ലാദേശിന് 15 മില്യൻ ഡോളർ നൽകുമെന്നും മന്ത്രി അറിയിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭാ യോഗത്തിൽ പങ്കെടുക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
Prof. John Kurakar


No comments: