Pages

Tuesday, September 19, 2017

പെട്രോള്‍-ഡീസല്‍ വില കയറ്റം ജനജീവിതം തകർക്കുകതന്നെ ചെയ്യും

പെട്രോള്‍-ഡീസല്വില കയറ്റം 
ജനജീവിതം തകർക്കുകതന്നെ ചെയ്യും

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഉയരുകയാണ് .ഇതുമൂലം സാധാരണ ജനങ്ങൾ വളരെ ബുദ്ധിമുട്ടുകയാണ് . ജനങ്ങൾക്കുമേൽപെട്രോൾവിലയുടെ അതിഭാരം ദിവസേന കയറ്റിവയ്ക്കുന്നത്‌ കൊടുംക്രൂരതയാണ് .നിത്യേനയുള്ള പെട്രോൾ-ഡീസൽ വിലകൂട്ടൽ ഇന്ത്യയിലെ സാമാന്യജനങ്ങൾക്ക്‌ കഠിനപ്രഹരമായി മാറിയിരിക്കുന്നു. നിത്യജീവിത ക്ലേശങ്ങൾ വേണ്ടുവോളമുള്ള ആ മഹാഭൂരിപക്ഷത്തിന്‌ ഒന്നു തലപൊക്കി ആശ്വസിക്കാൻപോലുമാവാത്ത സ്ഥിതിയാണ്‌ ഭരണകൂടം വരുത്തിവച്ചിരിക്കുന്നത്‌. എടുത്തുചാടിയുള്ള പരിഷ്കരണനടപടികളുടെ ഫലമായ സാമ്പത്തികക്കുഴപ്പം പരിഹരിക്കാനുള്ള എളുപ്പവഴിയായി ജനങ്ങൾക്കുമേൽ പെട്രോൾവിലയുടെ അതിഭാരം ദിവസേന കയറ്റിവയ്ക്കുന്നത്‌ ശരിയല്ല .
 പാവപ്പെട്ടവരെ രക്ഷിക്കാനുള്ള ക്ഷേമപദ്ധതികൾക്കു പണം കണ്ടെത്താൻ മനഃപൂർവം വില കൂട്ടുന്നതാണെന്നാണ്‌  കേരളത്തിൽ നിന്നുമുള്ള ഒരു കേന്ദ്രമന്ത്രിയുടെ വാദം.അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര കമ്പോളത്തിൽ കുറഞ്ഞുവരുമ്പോഴും ഇന്ത്യയിൽ പെട്രോളിനും ഡീസലിനും നിത്യേന വില കൂടുന്ന വൈരുധ്യം മൂടിവയ്ക്കാനാണ്‌  കേന്ദ്രഭരണകൂടത്തിന്റെ ശ്രമം. ധനശാസ്ത്രത്തിന്റെ തത്ത്വങ്ങളും ഭരണകർത്താക്കളുടെ വ്യാഖ്യാനങ്ങളുമെന്തായാലും വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കിക്കഴിഞ്ഞു. .നികുതി വർധിപ്പിക്കുന്നതാണ്‌ പെട്രോൾവില കൂടുന്നതിനുള്ള കാരണം.നിലവിൽ ചരക്ക്‌-സേവന നികുതി (ജി.എസ്‌.ടി)ക്കു പുറത്താണ്‌ പെട്രോളും ഡീസലും. പക്ഷേ, അവയ്ക്കുമേൽ കേന്ദ്രസർക്കാർ എക്സൈസ്‌ നികുതി, ഇറക്കുമതി നികുതി,അടിസ്ഥാന കസ്റ്റംസ്‌ നികുതി, അധിക കസ്റ്റംസ്‌ നികുതികൾ ചുമത്തുന്നു. സംസ്ഥാനങ്ങൾ അവയുടെ വാണിജ്യനികുതിയും ചുമത്തും. .
സംസ്ഥാന നികുതിയാണ്‌ പെട്രോൾ-ഡീസൽ വിലവർധനയ്ക്കു കാരണമെന്ന വാദം സാമാന്യബുദ്ധിക്കു നിരക്കുന്നതുമല്ല. 2014-ൽ 9.48 രൂപയായിരുന്ന എക്സൈസ്‌ നികുതി ഇപ്പോൾ 21.48 രൂപയായാണു കൂടിയിരിക്കുന്നത്‌. ഭീമമായ ഈ വർധനയുടെ ഭാരമാണ്‌ ജനങ്ങൾ താങ്ങുന്നത്‌. മോട്ടോർവാഹനങ്ങൾ ഉപയോഗിക്കുന്നവർ പട്ടിണി കിടക്കുന്നവരല്ലാത്തതിനാൽ ‘.പാവപ്പെട്ടവർക്കുവേണ്ടി വിലകൂട്ടൽ’ അവർ താങ്ങണമെന്നാണ്‌ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്‌. മോപ്പെഡും സ്കൂട്ടറും ചെറുകാറുകളും ഓടിക്കുന്നവരെല്ലാം പണക്കാരാണെങ്കിൽ ഇന്ത്യയെ സമ്പന്നരാജ്യമെന്നു വിളിക്കേണ്ടിവരും. ......നികുതിത്തർക്കമല്ല, ജീവിതക്ലേശമാണ്‌ പാവപ്പെട്ടവരുടെയും കഷ്ടിച്ച്‌ ഒപ്പിച്ചുപോകുന്ന ഇടത്തരക്കാരുടെയും പ്രശ്നം. അവരാണ്‌ രാജ്യത്തെ ഭൂരിപക്ഷ കക്ഷി.പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനുമുള്ള വിലക്കയറ്റം അവരുടെ ചെറു ബജറ്റുകളെയും പ്രതിദിന പ്രതീക്ഷകളെയും അട്ടിമറിച്ചുകൊണ്ടിരിക്കുന്നു.എണ്ണക്കമ്പനികൾ സമ്പന്നമാവുകയും കേന്ദ്ര ഖജനാവു കൊഴുക്കുകയും ചെയ്യുന്നതിന്റെ പ്രയോജനം അവരുടെ ചെറുജീവിതങ്ങളിൽ പ്രതിഫലിക്കുന്നില്ല..
ഇടത്തരക്കാർ പാവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു .പാവങ്ങൾ വീണ്ടും താഴോട്ടുതന്നെ .വിപണിയിൽ സർക്കാർ ഇടപെടുന്നതു നിർത്തി, ആഗോളീകരണത്തിന്റെ മുതലാളിത്തപാത സ്വീകരിച്ചതോടെ വിലകൂട്ടാനുള്ള പൂർണാധികാരം എണ്ണക്കമ്പനികൾക്കാണിപ്പോൾ. സർക്കാരിന്റെ ഇടപെടലുള്ള വിപണിയാണ്‌ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കാവശ്യം. ജി.എസ്‌.ടി.യും നോട്ടുനിരോധനവും സൃഷ്ടിച്ചിട്ടുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ്‌ കേന്ദ്രസർക്കാർ നിരന്തരം എണ്ണവില കൂട്ടുന്നതെന്ന ആക്ഷേപം തള്ളിക്കളയാൻ കഴിയില്ല .പെട്രോള്‍-ഡീസല്‍ വില കയറ്റം  ജനജീവിതം തകർക്കുകതന്നെ ചെയ്യും

പ്രൊഫ്. ജോൺ കുരാക്കാർ


...

No comments: