Pages

Sunday, August 13, 2017

കരുണ വറ്റിയ വ്യക്തികളും സ്ഥാപനങ്ങളും

കരുണ വറ്റിയ വ്യക്തികളും
 സ്ഥാപനങ്ങളും

മലയാളികളിൽ കരുണ വറ്റിയ  വ്യക്തികളും  അവരുടെ സ്ഥാപനങ്ങളും വർദ്ധിച്ചു വരികയാണ് .അമേരിക്കയിൽനിന്ന്‌ മുംബൈയിലെ വീട്ടിലെത്തിയ മകൻ, ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വൃദ്ധയായ അമ്മയുടെ അസ്ഥിപഞ്ജരം  കാണാനിടയായതും  അപകടത്തിൽ പെട്ട മുരുകൻ ചികിത്സ കിട്ടാതെ മരിച്ചതും  വളരെ ദയനീയ സംഭവങ്ങളാണ് .അമ്മയോട്‌ താൻ അവസാനമായി ഫോണിൽ സംസാരിച്ചത്‌ 2016 ഏപ്രിലിൽ ആയിരുന്നുവെന്നും ജോലിത്തിരക്കു കാരണം പിന്നീട്‌ ഒരു വർഷത്തിലധികം കാലം  വിവരങ്ങൾ അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നുമാണ്‌ മകൻ പറഞ്ഞത് . ചികിത്സകിട്ടാതെ  മുരുകനെന്ന  മുപ്പത്തിമൂന്നുകാരൻ മരിച്ചത്‌ ഏതാനം ദിവസം മുൻപാണ് .കൊല്ലത്തെ ചാത്തന്നൂരിനടുത്ത്‌ ബൈക്കുകൾ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുരുകനു ചികിത്സനൽകാൻ വിസമ്മതിച്ച കൊല്ലത്തെയും തിരുവനന്തപുരത്തെയും ചില വമ്പൻ സ്വകാര്യാശുപത്രികൾ ആ പാവം തൊഴിലാളിക്കു വധശിക്ഷ വിധിക്കുകയായിരുന്നു.
കണ്ണിൽച്ചോരയില്ലാത്ത  ചില സ്വകാര്യാശുപത്രികൾ  കേരളത്തിലുണ്ട് .അടിസ്ഥാന സൗകര്യമില്ലാത്ത  കുറെ സർക്കാർ ആശുപത്രികളും .മലയാളികളിൽ കരുണവറ്റിപ്പോയോ?
 സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ ചാത്തന്നൂരിലാണ് അപകടത്തില്‍പെട്ടത്. സാരമായി പരിക്കേറ്റ് റോഡില്‍ കിടന്ന അദ്ദേഹത്തെ പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച മുരുകനെ വെന്റിലേറ്ററിന്റെയും ന്യൂറോസര്‍ജന്റെയും അഭാവത്തില്‍ കൂടുതല്‍ സൌകര്യമുള്ള ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള മുരുകനെയുംകൊണ്ട് ആശുപത്രികള്‍ മാറിമാറി പോകേണ്ടിവന്നു. എവിടെയും ചികിത്സ കിട്ടാതെ ഒടുവില്‍ മരണം സംഭവിച്ചു.
  അത്യാസന്നനിലയിലായ ഒരാള്‍ക്ക് ചികിത്സ നല്‍കാന്‍ തലസ്ഥാന നഗരത്തില്‍പോലും പര്യാപ്തമായ സംവിധാനങ്ങള്‍ ലഭ്യമായില്ല എന്ന സത്യം കേരളത്തിൻറെ ആരോഗ്യമേഖലയുടെ തകർച്ചയെ സൂചിപ്പിക്കുന്നു .മുരുകനെ കൊണ്ടുചെന്ന എല്ലാ ആശുപത്രികളും അദ്ദേഹത്തെ മടക്കിയതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തുക തന്നെവേണം. കേരളത്തിൽ അത്യാഹിത ചികിത്സയ്ക്കുള്ള കുറ്റമറ്റ സംവിധാനം ഇനിയും രൂപപ്പെടേണ്ടതുണ്ട് എന്നാണ് മുരുകന്റെ ദുരന്തം തെളിയിക്കുന്നത്. കണ്ണിൽച്ചോരയില്ലാത്ത ആശുപത്രികളെയും വ്യക്തികളെയും നിലയ്ക്കുനിർത്താൻ സമൂഹവും സർക്കാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം .



പ്രൊഫ്. ജോൺ കുരാക്കാർ 

No comments: